ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകട വളവുകള്‍ നിവര്‍ത്തും

0

ഏറ്റുമാനൂര്‍-എറാണാകുളം റോഡിന്റെ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്തെ അപകട വളവുകള്‍ നിവര്‍ത്തുന്നതിനുളള നടപടികള്‍ വേഗത്തിലാക്കും. 19 പേരുടെ സ്ഥലമാണ് നെഗോഷ്യബിള്‍ പര്‍ച്ചേയ്‌സ് ആക്ട് പ്രകാരം ഏറ്റെടുക്കുന്നത്. 

ഇവരുടെ സമ്മത പത്രം ലഭിച്ച സാഹചര്യത്തില്‍ റവന്യൂ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ സി.എ. ലത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍ നാരായണന്‍ സ്മാരക റോഡിലെ അപകട വളവുകള്‍ നിവര്‍ത്തുന്നതിനുളള സ്ഥലവും ഉടന്‍ ഏറ്റെടുക്കുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിടുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുമ്മണ്ണൂര്‍ചെമ്പിളാവ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് നിര്‍മ്മിച്ച ചെമ്പിളാവ് പാലത്തിനായി സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് ഭൂമി വില നല്‍കുന്ന നടപടിയും വേഗത്തിലാക്കും. കിടങ്ങൂര്‍ പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍ പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന കേസുകള്‍ തീര്‍പ്പാക്കിയ സാഹചര്യത്തില്‍ സ്ഥലമെടുപ്പ് നടപടിക്രമം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് പുരോഗതി അവലോകനം ചെയ്യുന്നതിന് ജനുവരി ആദ്യവാരത്തില്‍ യോഗം ചേരും.