ശാസ്ത്രമാണെന്റെ മതം; പറയുന്നത് ഗണിതശാസ്ത്രജ്ഞനായ സന്യാസി മഹാജന്‍ എം ജെ

0

ഞാന്‍ ഒരു മതവിശ്വാസിയാണ്. എന്റെ മതത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നതാണ് ജീവിതലക്ഷ്യം. പറയുന്നത് ഒരു സന്യാസിയാണ്. എന്നാല്‍ അദ്ദേഹം ഹിന്ദുവല്ല, മുസല്‍മാനല്ല, ക്രിസ്ത്യാനിയല്ല, ജൈനനോ ബുദ്ധനോ അല്ല. ഒരു ശ്‌സാത്രജ്ഞനാണ് ഈ സന്യാസി. ശാസ്ത്രമാണ് തന്റെ മതമെന്ന് വിശ്വസിക്കുന്ന പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ മഹാജന്‍ എംജെയാണ് മനുഷ്യസ്‌നേഹിയായ ഈ സന്യാസി. അധ്യാപകനും ഗവേഷകനുമായ ഈ സന്യാസിയെത്തേടി നിരവധി അവാര്‍ഡുകളാണ് എത്തിയിട്ടുള്ളത്. 2015ലെ ഇന്‍ഫോസിസ് അവാര്‍ഡ് ജേതാവാണ് സ്വാമി മഹാജന്‍. അവാര്‍ഡ് തുകയായ 65 ലക്ഷം രൂപ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചാണ് അദ്ദേഹം തന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തം പകര്‍ന്നു നല്‍കിയത്. 2011ലെ ശാന്തിസ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡും സ്വാമി മഹാജന് ലഭിച്ചിട്ടുണ്ട്.

അവാര്‍ഡുകള്‍ തേടിയെത്തുമ്പോഴും ഉയരങ്ങളിലേക്ക് കുതിക്കാതെ സഹജീവികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാണ് അദ്ദേഹം മാതൃകയാകുന്നത്. വിവേകാനന്ദ യൂണിവേഴ്‌സിറ്റിയിലെ രാമകൃഷ്ണമിഷന്‍ കോളെജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറാണ് സ്വാമി. കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടിയ മഹാജന്‍, ബെര്‍ക്കലി കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയത്. തുടര്‍ന്ന് അവിടുത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സില്‍ കുറച്ചുകാലം ജോലിയും ചെയ്തു. ആത്മീയതയിലുള്ള അഭിനിവേശമാണ് അദ്ദേഹത്തെ രാമകൃഷ്ണ മിഷനുമായി അടുപ്പിച്ചത്. തുടര്‍ന്നാണ് മിഷന്റെ സ്ഥാപനത്തില്‍ അധ്യാപകനായത്. എന്‍ഡിങ് ലാമിനേഷന്‍ സ്‌പേസസ് എന്ന വിഷയത്തിലാണ് അദ്ദേഹം ഗവേഷണം നടത്തിയത്. ലോകത്ത് പലഭാഗങ്ങളില്‍ സഞ്ചരിക്കുകയും ഗണിതശാസ്ത്രത്തില്‍ നിരവധി ക്ലാസുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

ഗണിതശാസ്ത്രവുമായി താന്‍ ഒരുപാട് അടുത്തു നില്‍ക്കുന്നുവെന്ന് അദ്ദേഹം നിരവധി ഇന്റര്‍വ്യൂകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഒരു മതത്തിന്റെയും പ്രതിനിധിയല്ല. തന്നിലുള്ള ആത്മീയതയെ തനിക്ക് തന്നെമനസിലാക്കാനാണ് കാവി ധരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരുമതമോ ഒരു രാഷ്ട്രീയമോ തന്നില്‍ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് പറയുന്ന മഹാജന്‍ ശാസ്ത്രമാണ് പ്രകൃതിയുടെ രാഷ്ട്രീയം എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.