യു എസ് ടി ഗ്ലോബല്‍ മധ്യപ്രദേശ് സര്‍ക്കാരുമായി ധാരണയില്‍; 400 കോടി രൂപ മുതല്‍മുടക്കും

യു എസ് ടി
 ഗ്ലോബല്‍ മധ്യപ്രദേശ് സര്‍ക്കാരുമായി ധാരണയില്‍; 400 കോടി രൂപ മുതല്‍മുടക്കും

Thursday October 20, 2016,

2 min Read

ആഗോളതലത്തില്‍ വമ്പന്‍ വ്യവസായങ്ങള്‍ക്ക് ഡിജിറ്റല്‍ സൊല്യൂഷന്‍സ് പ്രദാനം ചെയ്യുന്ന കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍, മധ്യപ്രദേശ് സര്‍ക്കാരുമായി 400 കോടി രൂപയുടെ മുതല്‍ മുടക്കിന് തുടക്കം കുറിച്ച് കൊണ്ടുളള തന്ത്രപ്രധാനമായ ധാരണാപത്രം ഒപ്പിട്ടു. മധ്യപ്രദേശില്‍ യു.എസ്.ടി ഗ്ലോബല്‍ 10 ഏക്കര്‍ ഭൂമിയില്‍ ക്യാംപസ് പടുത്തുയര്‍ത്തും

image


അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ വ്യവസായ സംരഭങ്ങള്‍ ആകര്‍ഷിക്കാനുദ്ദേശിച്ച് കൊണ്ടുളള റോഡ് ഷോയില്‍ വച്ചാണ് യു.എസ്.ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഒഫീസര്‍ അലക്‌സാണ്ടര്‍ വര്‍ക്ഷീസും, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ധാരണാ പത്രത്തില്‍ ഒപ്പ് വച്ചത്. യു.എസ്.ടി ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഒഫീസര്‍ സാജന്‍ പിളള, ചെയര്‍മാന്‍ എമരിറ്റസ് ഡാന്‍ ഗുപ്ത എന്നിവര്‍ സന്നിഹിതരായിരുന്നു.

'ഈ ധാരണ മധ്യപ്രദേശ് സര്‍ക്കാരിന് ഏറെ സവിശേഷമാണ്. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് യു.എസ്.ടി ഗ്ലോബല്‍ കാട്ടുന്ന ഔത്സുക്യത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. മധ്യപ്രദേശില്‍ യു.എസ്.ടി ഗ്ലോബല്‍ തുടക്കം കുറിക്കുന്ന തങ്ങളുടെ സ്വന്തം ക്യാംപസില്‍ ഒരു സ്റ്റാര്‍ട് അപ്പ് വില്ലേജ് നിര്‍മ്മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച്, ഈ മാസം 22,23 തീയതികളില്‍ നടക്കുന്ന സി.ഇ.ഒ കോണ്‍ക്ലേവിലും, ജി.ഐ.എസ് 2016-ലും പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തില്‍ അടുത്തിടെ നടന്ന ഏറ്റവും ബൃഹത്തായ ഒണ്‍ലൈന്‍ പരീക്ഷയുടെ നടത്തിപ്പില്‍ യു.എസ്.ടി ഗ്ലോബല്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചിരുന്നു. 14 നഗരങ്ങളില്‍, 90 കോളേജുകളില്‍ നിന്നായി 10 ലക്ഷം പേരാണ് ആ പരീക്ഷയെഴുത്തിയത്. സാങ്കേതിക വിദ്യയുടെ ശരിയായ പ്രയോഗം, മുമ്പെങ്ങും ഇല്ലാത്ത വിധം സൂതാര്യവും സുരക്ഷിതവുമായി പരീക്ഷ നടത്താന്‍ യു.എസ്.ടി ഗ്ലോബലിന് കഴിഞ്ഞു,' എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ അറിയിച്ചു.

'ജനജീവിതങ്ങള്‍ക്ക് ഗുണപ്രദമായ മാറ്റം സംഭവിപ്പിക്കുക എന്ന യു.എസ്.ടി ഗ്ലോബലിന്റെ തത്വം മുന്നോട്ട് കൊണ്ടു പോകുന്ന ഈ വേളയില്‍, മധ്യപ്രദേശ് സര്‍ക്കാര്‍ കമ്പനക്ക് തുറന്ന് കൊടുക്കുന്ന സാധ്യതകള്‍ക്ക് ഞങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ സര്‍ക്കാരിനോടും കൃതജ്ഞതാ ബദ്ധരാണ്,' യു.എസ്.ടി ഗ്ലോബല്‍ ചെയര്‍മാന്‍ എമരിറ്റസ് ഡാന്‍ ഗുപ്ത അഭിപ്രായപ്പെട്ടു

image


'വിവര സാങ്കേതിക വിദ്യയാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ ഉറപ്പാക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാരുമായി കൈകോര്‍ത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും, സംസ്ഥാനത്തെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താനും യു.എസ്.ടി ഗ്ലോബലിന് അവസരം ലഭിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,' എന്ന് യു.എസ്.ടി ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഒഫീസര്‍ സാജന്‍ പിളള കൂട്ടിച്ചേര്‍ത്തു. ' സാമൂഹിക പരിവര്‍ത്തനത്തിനായി സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ വിജയകരമായ ബിസിനസ് എന്ന ഞങ്ങളുടെ വീക്ഷണത്തിന് ഈ കൂട്ടുകെട്ട് ശക്തിപകരും,' അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് സര്‍ക്കാരുമായി ഒപ്പ് വച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പങ്കുവച്ച യു.എസ്.ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഒഫീസര്‍ അലക്‌സാണ്ടര്‍ വര്‍ക്ഷീസ്, മധ്യപ്രദേശില്‍ കമ്പനി 400 കോടി രൂപ മുതല്‍മുടക്ക് നടത്തുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് യു.എസ്.ടി ഗ്ലോബല്‍ 10 ഏക്കര്‍ ഭൂമിയില്‍ ഒരു ക്യാംപസ് പടുത്തുയര്‍ത്തും. ഈ മുതല്‍മുടക്കിലൂടെ വിവര സാങ്കേതിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്.

ലോകമെമ്പാടുമുളള സര്‍ക്കാരുകളുമായി കൂടിചേര്‍ന്ന് ഇത്തരം പദ്ധതികള്‍ യു.എസ്.ടി ഗ്ലോബല്‍ ആലോചിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാരുമായുണ്ടാക്കിയ ധാരണ യു.എസ്.ടി ഗ്ലോബലിന് അഭിമാനം പകരുന്ന ഒന്നാണ്, എന്ന് കൂട്ടിചേര്‍ത്ത അലക്‌സാണ്ടര്‍ വര്‍ക്ഷീസ്, ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളില്‍ നിന്നായുളള മികച്ച പ്രൊഫഷനലുകളാണ് യു.എസ്.ടി ഗ്ലോബലില്‍ ഇപ്പോള്‍ ജോലി ചെയ്തു വരുന്നത് എന്ന് പറഞ്ഞു.

ഗ്ലോബല്‍ 1000 കമ്പനികള്‍ക്ക് പുതുയുഗ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണ് യു.എസ്.ടി. ഗ്ലോബല്‍. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീവിത പരിവര്‍ത്തനം എന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന യു.എസ്.ടി. ഗ്ലോബലിന് ഡിജിറ്റല്‍സേവനങ്ങള്‍ നല്‍കുന്നതില്‍ സവിശേഷമായ മുന്‍തൂക്കമാണുള്ളത്. കുറച്ച് ഉപഭോക്താക്കള്‍, കൂടുതല്‍ ശ്രദ്ധ എന്ന ബിസിനസ് ആശയം പ്രാവര്‍ത്തികമാക്കുന്ന യു.എസ്.ടി. ഗ്ലോബല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ എന്നും മികവിന്റെ പാരമ്യവും, ഒപ്പം ഉപഭോക്താവിന്റെ ദീര്‍ഘകാല വിജയങ്ങള്‍ക്കുള്ളവയുമാകാന്‍ അതീവ ശ്രദ്ധാലുക്കളാണ്. കാലിഫോര്‍ണിയയിലെ അലീസോ വിയേഹോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.ടി ഗ്ലോബലിന് നാലു ഭൂഖണ്ഡങ്ങളിലായി 25 രാഷ്ട്രങ്ങളില്‍ 15000 ജീവനക്കാരുണ്ട്.