അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റാന്‍ സ്‌ക്വാഡുകള്‍  

0

അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഠൗണ്‍ പ്ലാനിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനിച്ചു. നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍ സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മേയര്‍ അഡ്വ. വി കെ പ്രശാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 വണ്‍ ഡേ പെര്‍മിറ്റിന് നല്‍കുന്ന അപേക്ഷകള്‍ അതതു ദിവസവും , റെഗുലര്‍ പെര്‍മിറ്റിന് നല്‍കുന്ന അപേക്ഷകള്‍ സമയബന്ധിതമായും തീര്‍പ്പാക്കണമെന്ന് യോഗം തീരുമാനിച്ചു. അപേക്ഷകളില്‍ മേലുള്ള അനാവശ്യ കാലതാമസം ഒഴിവാക്കും . അപേക്ഷകളില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനുള്ള നോട്ടീസ് ഒറ്റത്തവണയായി നല്‍കും. സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനും അവധി ദിനങ്ങളിലെ സ്‌ക്വാഡുകള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു. അനധികൃത നിര്‍മ്മാണം സംബന്ധിച്ച് കൈക്കൊണ്ട തുടര്‍നടപടികള്‍ ഒരാഴ്ചക്കകം ഠൗണ്‍ പ്ലാനിംഗ് കമ്മിറ്റിയെ അറിയിക്കണം . അനധികൃത നിര്‍മ്മാണം തടയുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളില്‍ നിലവില്‍ കത്ത് നല്‍കുന്നത് നഗരസഭ സെക്രട്ടറിയാണ്. ഇത് അനാവശ്യ കാലതാമസം ഉണ്ടാക്കുന്നതിനാല്‍ പണി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് തന്നെ പോലീസ് സ്റ്റേഷനില്‍ കത്ത് നല്‍കുന്നതിനുള്ള അധികാരം വികേന്ദ്രീകരിച്ചു നല്‍കാന്‍ തീരുമാനമായി. ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഗ്നിശമന സുരക്ഷയുമായി ബന്ധപ്പെട്ട മാനനണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ, എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കും. ഠൗണ്‍ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങളായ പാളയം രാജന്‍, മുടവന്‍മുഗള്‍ ഗോപകുമാര്‍, കൊടുങ്ങാനൂര്‍ ഹരികുമാര്‍, നഗരസഭ സെക്രട്ടറി എം. നിസ്സാറുദ്ദീന്‍, കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍ സുലൈമാന്‍, എക്‌സിക്കുട്ടീവ് എഞ്ചിനീയര്‍മാര്‍, അസി. എക്‌സിക്കുട്ടീവ് എഞ്ചിനീയര്‍മാര്‍ , അസ്സി. എഞ്ചിനീയര്‍മാര്‍ , ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു