ഇന്ത്യന്‍ സിനിമയുടെ ചിത്രീകരണത്തിനായി വിദേശ രാജ്യങ്ങള്‍ വാതിലുകള്‍ തുറക്കുന്നു

0

ചലച്ചിത്രമേളകളിലൂടെ മാത്രം വിദേശ സിനിമകളിലെ ദൃശ്യഭംഗി ആസ്വദിക്കുന്ന കാലം കഴിയാന്‍ പോകുന്നു. നിരവധി വിദേശ രാജ്യങ്ങള്‍ ഇന്ത്യന്‍ സിനിമകളുടെ നിര്‍മ്മാണത്തിനായി തങ്ങളുടെ വാതിലുകള്‍ തുറന്നിടുകയാണ്.

തിരുവനന്തപുരത്ത് നടക്കുന്ന ഇരുപതാമത് അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികളെല്ലാം ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാണം അവരുടെ രാജ്യങ്ങളില്‍ എത്തുന്നതിനെ ആവേശത്തോടെയാണ് കാണുന്നത്. ലോകത്തിലെ മികച്ച നിര്‍മ്മാണ സംവിധാനങ്ങള്‍ തങ്ങളുടെ രാജ്യത്തെത്തുമ്പോള്‍ അത് അവിടത്തെ സിനിമയെയും ഏറെ മെച്ചപ്പെടുത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു. ശ്രീലങ്ക, കസാഖ്സ്ഥാന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ഫ്രാന്‍സ് തുടങ്ങിയവ വിദേശ നിര്‍മ്മാണ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ്.

വിദേശ സിനിമ നിര്‍മ്മാതാക്കളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ശ്രീലങ്കയിലെ സിരിസേന സര്‍ക്കാരിന്റെതെന്ന് സംവിധായകന്‍ കല്‍പന ആര്യവംശ പറയുന്നു. വിദേശ നിര്‍മ്മാണ കമ്പനികളെ ആകര്‍ഷിക്കുന്നതു വഴി തങ്ങളുടെ സിനിമയ്ക്ക് ആധുനിക രൂപം കൈവരും. യെല്ലോഡാര്‍ക്ക് ഡേര്‍ട്ടി എന്ന തന്റെ സിനിമ എടുത്തത് പാവങ്ങളുടെ റെഡ്ക്യാമറ എന്നറിയപ്പെടുന്ന സോണി എഫ് 3 ക്യാമറ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാരായ നിരവധി പേര്‍ സിനിമയിലേക്ക് വരുന്ന രാജ്യമാണ് കസാഖ്സ്ഥാന്‍. വിദേശ നിര്‍മ്മാണ കമ്പനികള്‍ രാജ്യത്തേക്കെത്തുന്നത് ഇത്തരക്കാര്‍ക്ക് മികച്ച അവസരം നല്‍കുമെന്ന് കസാഖ് സിനിമതാരമായ അല്‍കിന്‍ കാലിക്കോവ് പറഞ്ഞു. ചിത്രീകരണത്തിന് കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ വിദേശികള്‍ക്ക് നല്ല പ്രോത്സാഹനം നല്‍കുന്നുണ്ട്. ലോകത്ത് അധികം ദൃശ്യവത്കരിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളാണ് കസാഖ്സ്ഥാന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശസിനിമ നിര്‍മ്മാതാക്കള്‍ക്ക് നികുതിയിളവ് നല്‍കിയാണ് ഫ്രാന്‍സ് ഇത്തരം ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സിനിമാറ്റോഗ്രാഫി പ്രഖ്യാപിച്ച ഈ ഇളവുകള്‍ വിദേശ നിര്‍മ്മാതക്കള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് സംവിധായകന്‍ ലോറന്റ് ലാര്‍വ്രി പറഞ്ഞു. വിദേശത്തു വച്ച് ഏതെങ്കിലും രംഗം ഷൂട്ട് ചെയ്യണമെങ്കില്‍ അവര്‍ ഫ്രാന്‍സ് തെരഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും അദ്ദേഹം പറയുന്നു.

മേല്‍പറഞ്ഞ രാജ്യങ്ങളെകൂടാതെ ഓസ്‌ട്രേലിയ, കൊളംബിയ, അയര്‍ലാന്‍ഡ്, മലേഷ്യ, കാനഡ, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഇതിനകം തന്നെ നിരവധി വിദേശ ചലച്ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട്.

വിദേശ മണ്ണില്‍ പലപ്പോഴും സിനിമാ ചിത്രീകരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവിടെയുളള ചലച്ചിത്ര പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്ന് സംവിധായകന്‍ കമല്‍ ചൂണ്ടിക്കാട്ടി. അന്തരാഷ്ട്ര ചലച്ചിത്രോത്സവം പോലുളള മേളകള്‍ ഇതിന് പറ്റിയ അവസരമാണ് ഒരുക്കുന്നത്. മലയാളം സിനിമകളില്‍ ഇതുവരെ കാണാത്ത വിദേശക്കാഴ്ചകള്‍ സമീപഭാവിയില്‍ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.