ചിന്തകളില്‍ അഗ്‌നിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹരിതകേരളത്തിന് വഴിവിളക്കാകാം

ചിന്തകളില്‍ അഗ്‌നിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹരിതകേരളത്തിന് വഴിവിളക്കാകാം

Sunday January 29, 2017,

2 min Read

നിങ്ങളുടെ ചിന്തകളില്‍ അഗ്‌നി ജ്വലിക്കുന്നുണ്ടോ ? സ്വപ്‌നങ്ങളില്‍ മഴവില്‍ നിറങ്ങളുണ്ടോ ? എങ്കില്‍ കേരളത്തിന് നിങ്ങളെ ആവശ്യമുണ്ട്. ചോദ്യങ്ങളുമായെത്തുന്നത് ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സബ് കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍.

image


മനസില്‍ തീപ്പിടിക്കുന്ന ചിന്തകളുണ്ടെങ്കില്‍ ഹരിതകേരളത്തിന് വഴിവിളക്കാകാന്‍ ഓരോ തലസ്ഥാനവാസികള്‍ക്കും അവസരമൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രധാനമായ ഹരിതകേരളത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തനങ്ങളില്‍ ആശയങ്ങളും കൂട്ടായ്മയും തേടി ഡോ. ദിവ്യാ എസ്. അയ്യര്‍ നിങ്ങളിലേക്കെത്തുകയാണ്. കൈവിട്ടുപോകുന്ന സംസ്‌കൃതിയും സംസ്‌ക്കാരവും മലയാളനാടിന്റെ തനിമയും പച്ചപ്പും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ചിന്തകള്‍ നല്‍കാന്‍ [email protected]

ജില്ലയ്ക്ക് ജലഭൂപടം

തലസ്ഥാനത്തിന്റെ ഹരിതസ്വപ്‌നങ്ങള്‍ക്ക് ഊര്‍ജ്ജം ജലമായി പകരാനുള്ള ചിന്തകളിലാണ് തിരുവനന്തപുരം സബ് കളക്ടറും ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്ററുമായ ഡോ. ദിവ്യാ എസ്. അയ്യര്‍. ചിന്തകളില്‍ പ്രധാനം തിരുവനന്തപുരത്തിന്റെ ജലസമൃദ്ധിയാണ്. ഇതിനായി (വാട്ടര്‍ മാപ്പിംഗ്) ജലഭൂപടം തയ്യാറാക്കുകയെന്ന ആശയം ഡോ. ദിവ്യ ഉയര്‍ത്തുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമഗ്ര മാറ്റത്തിന്റെ നാലു വികസന പദ്ധതികളില്‍ മനുഷ്യനും പ്രകൃതിക്കും നിലനില്‍പ്പിനാവശ്യമായ ജലത്തിന്റെ സംരക്ഷണത്തിന് പ്രാഥമിക ഊന്നല്‍ നല്‍കുന്നതിനാണ് തിരുവനന്തപുരവും നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.ഘട്ടം ഘട്ടമായി മുന്നോട്ട് പോകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, ജനപ്രതിനിധികള്‍, ജനനേതാക്കള്‍ തുടങ്ങിയവരുടെ പൂര്‍ണ സഹകരണത്തോടൊപ്പം ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതിയുടെ നേതൃപരമായ ഇടപെടലും സഹായകമാണെന്ന് ഡോ. ദിവ്യ പറഞ്ഞു.

പഞ്ചായത്ത്‌വില്ലേജ് തലങ്ങളില്‍ നിലവിലെ ജലസ്രോതസുകളുടെ എണ്ണം, ഇല്ലാതായവ, വീണ്ടെടുക്കാനാകുന്നവ, പുനര്‍ നിര്‍മിക്കാനാകുന്നവ എന്നിങ്ങനെ ഇനം തിരിച്ച് ലിസ്റ്റ് തയ്യാറാക്കിയുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന് ജിയോ മാപ്പിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക പരിജ്ഞാനം ഉപയോഗപ്പെടുത്തേണ്ടി വരും. സാങ്കേതിക വിദഗ്ധര്‍ക്കൊപ്പം കോളജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കാനാണ് ആഗ്രഹിക്കുന്നത്. കുളങ്ങളുടെയും ജലാശയങ്ങളുടെയും പുനര്‍ജീവനത്തിന് തൊഴിലുറപ്പ് പദ്ധതിയെക്കൂടി ഉള്‍ക്കൊള്ളിക്കാന്‍ പദ്ധതിയുണ്ട്. ജില്ലയിലെ ജലാശയങ്ങളുടെ സമഗ്രഭൂപടം എന്ന ചിന്ത പ്രത്യേകമായി തയാറാക്കുന്ന പുതിയ പ്രവര്‍ത്തന രേഖയില്‍ ഉള്‍പ്പെടുത്തി കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സബ് കളക്ടര്‍ പറഞ്ഞു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയെ സൗന്ദര്യവത്ക്കരിക്കുക എന്ന കാഴ്ചപ്പാടാണുള്ളത്. ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും നാടിനെ മാലിന്യവിമുക്തമാക്കാനും കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കാനും ജൈവ പച്ചക്കറി എന്ന ആശയം പ്രാവര്‍ത്തികമാക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ജില്ലയ്ക്ക് പുതിയ വെളിച്ചമാവുകയാണ്. ഇതിനായി അവധിക്കാലത്ത് ആരംഭിച്ചിരിക്കുന്ന എന്‍.എസ്.എസ്, എന്‍.സി.സി ക്യാമ്പുകളെ ഉപയോഗപ്പെടുത്തും. ഹരിതകേരളത്തിനായി ഒരുമിക്കാം എന്ന ആശയത്തോടെ ക്യാമ്പംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് അവബോധം പകരുന്നതിനും അവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു പദ്ധതിക്കായി സജ്ജരാക്കുകയും ചെയ്യും.

image


മരം വച്ചു പിടിപ്പിക്കല്‍ വഴി ജില്ലയെ ഹരിതാഭമാക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലൊരു ചിന്ത പകരുകയും തങ്ങളുടെ പഠനകാലത്ത് നടുന്ന ഒരു തൈ അവരവര്‍ തന്നെ പരിപാലിക്കുകയും പഠന ശേഷം തുടര്‍ന്നു വരുന്ന പഠിതാക്കള്‍ക്ക് അത് പുലര്‍ത്തിപ്പോരുന്നതിന് കൈമാറുകയും ചെയ്യുക എന്നതാണ് ഒരാശയം.

വൃക്ഷസ്‌നേഹികള്‍ക്ക് സഹായകമായ ഒരു പദ്ധതിയെക്കുറിച്ചും ചിന്തകളുണ്ട്. മരം വച്ചുപിടിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സ്ഥലമോ സൗകര്യമോ ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ളതാണിത്. സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു ഫോറം രൂപീകരിക്കുകയും മരം വച്ചു പിടിപ്പിക്കാനാഗ്രഹിക്കുന്നവര്‍ അതില്‍ 50 രൂപ കൊടുത്ത് രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ക്ക് വേണ്ടി ഒരു വൃക്ഷം വച്ചു പിടിപ്പിച്ച് പരിപാലിക്കുകയെന്നതാണ് ആശയം.

ആഘോഷവേളകളില്‍ കടകളില്‍ നിന്നും സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതിന് പകരം വീട്ടുവളപ്പില്‍ തങ്ങള്‍ കൃഷി ചെയ്തതോ നട്ടു വളര്‍ത്തിയതോ ആയ ജൈവ പച്ചക്കറികളോ തൈകളോ മറ്റോ സമ്മാനമായി കൈമാറുന്ന ഒരു ചിന്താഗതി വളര്‍ത്താം. അതു വഴി മാലിന്യമുക്തപ്ലാസ്റ്റിക് രഹിത കേരളം എന്ന പ്രവര്‍ത്തനം നടക്കുമെന്നും കരുതുന്നു.

അന്തിമ തീരുമാനം കളക്ടര്‍ക്ക് സമര്‍പ്പിക്കുന്ന പുതിയ പ്രവര്‍ത്തന രേഖയുടെ അടിസ്ഥാനത്തിലാകും ഉണ്ടാവുകയെന്നും തിരുവനന്തപുരം നിവാസികള്‍ക്കും ആശയങ്ങള്‍ നല്‍കാമെന്നും സബ് കളക്ടര്‍ അറിയിച്ചു.

    Share on
    close