വൈദ്യുതി ലഭിക്കുന്ന സൈക്കിള്‍ തീര്‍ത്ത് മനോജ് ഭാര്‍ഗവ

0

ഇന്ത്യയില്‍നിന്ന് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ആളാണ് മനോജ് ഭാര്‍ഗവ. തനിക്ക് ആവശ്യമായതിനേക്കാള്‍ കൂടുതല്‍ സമ്പാദ്യത്തിനുടമയാണ് അദ്ദേഹം. അതിനാല്‍ അദ്ദേഹത്തിന്റെ നാല് ബില്യന്‍ ഡോളറിന്റെ 99 ശതമാനം അദ്ദേഹം ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റുകയായിരുന്നു.

ലോകം നേരിടുന്ന ഊര്‍ജ്ജ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയായിരുന്നു മനോജിന്റെ ആദ്യ ലക്ഷ്യം. ഇതിനായി വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന തരത്തില്‍ വീടുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സ്‌റ്റേഷനറി ബൈക്കാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടുപിടിച്ചത്.

വ്യായാമത്തിനും വീടുകളില്‍ വൈദ്യുതി നല്‍കുന്നതിനും ഇത് ഉപയോഗിക്കാം. ഒരു മണിക്കൂര്‍ ഇതില്‍ വര്‍ക്ക് ഔട്ട് ചെയ്താല്‍ 24 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള വൈദ്യുതി ഉണ്ടാക്കാം. ഇന്ത്യയിലെ വീടുകളിലെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ 10,000 ബൈക്കുകള്‍ വിതരണം ചെയ്യാനാണ് മനോജ് ആലോചിക്കുന്നത്.

14ാം വയസിലാണ് മനോജ് തന്റെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് താമസം മാറിയത്. ഒരു വര്‍ഷത്തിന്‌ശേഷം അദ്ദേഹം പ്രിന്‍സ്റ്റന്‍ യൂനിവേഴ്‌സിറ്റി ഉപേക്ഷിച്ചു. കാരണം 12 വര്‍ഷം ഇന്ത്യയില്‍ അദ്ദേഹം ആശ്രമത്തിലാണ് താമസിച്ചിരുന്നത്. അദ്ദേഹം നിരവധി കമ്പനികള്‍ ഉണ്ടാക്കുകയും അതിലൂടെ മഹാകോടീശ്വരനാകുകയും ചെയ്തയാളാണ്. അദ്ദേഹത്തിന് ഇപ്പോള്‍ സ്വന്തമായി എത്ര സമ്പാദ്യമുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താനാകുന്നതല്ല.

അദ്ദേഹവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞന്മാരും കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുകയാണ്. കടല്‍വെള്ളം കുടിക്കാന്‍ യോഗ്യമാക്കുന്നതെങ്ങനെ എന്ന കണ്ടുപിടിത്തത്തിലാണ് ഇപ്പോള്‍. വരള്‍ച്ച പ്രതിരോധിക്കാനാണ് ഉപ്പുവെള്ളം കുടിവെള്ളമാക്കി മാറ്റുന്ന വിദ്യ കണ്ടുപിടിക്കുന്നത്. 1000 ഗലോണ്‍സ് വെള്ളം മണിക്കൂറില്‍ കുടിവെള്ളമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.