കേരളത്തിലെ കശുഅണ്ടി വ്യവസായത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി പിണറായി വിജയന്‍

0

കേരളത്തിലെ കശുഅണ്ടി വ്യവസായത്തെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം താജ് വിവാന്റയില്‍ നടന്ന കാഷ്യു കോണ്‍ക്ലേവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ തോട്ടണ്ടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഷ്യു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ തോട്ടണ്ടി നേരിട്ട് ത്തിക്കാന്‍ സാധിക്കണം. ഇതിന് വിദേശകാര്യ മന്ത്രാലത്തിന്റെ സഹായം ആവശ്യമാണ്. തോട്ടണ്ടി നേരിട്ട് എത്തിക്കുന്നതിന് ഓരോ ആഫ്രിക്കന്‍ രാജ്യത്തെയും ഇന്ത്യന്‍ അംബാസഡര്‍മാര്‍ മുന്‍കൈ എടുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഉണ്ടാവണം. വിവിധ രാജ്യങ്ങളുമായി അംബാസഡര്‍മാര്‍ മുഖേന ധാരണാപത്രം ഒപ്പു വയ്ക്കണം. നേരിട്ട് തോട്ടണ്ടി എത്തിക്കുന്നതിലൂടെ ആഫ്രിക്കയിലെ കശുഅണ്ടി കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭമുണ്ടാവും. ഇത്തരത്തില്‍ കേരളത്തില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനുമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 100 ദിവസത്തില്‍ അടഞ്ഞു കിടന്ന കശുഅണ്ടി ഫാക്ടറികള്‍ തുറന്നുവെന്നും 18000 പേര്‍ക്ക് തൊഴില്‍ തിരിച്ചുകിട്ടിയെന്നുമുള്ള വിവരം മുഖ്യമന്ത്രി അറിയിച്ചത് കൈയടിയോടെയാണ് ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ സ്വീകരിച്ചത്. പ്രതിവര്‍ഷം ഏഴു ലക്ഷം ടണ്‍ തോട്ടണ്ടി കേരളത്തിന് അധികമായി ആവശ്യമുണ്ട്. ഐ. ടി, ആരോഗ്യസംരക്ഷണം, കൃഷി, ഖനനം, പ്രതിരോധം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യ ആഫ്രിക്കയുമായി ബന്ധപ്പെടുന്നുണ്ട്. നീണ്ടകാലമായുള്ള സൗഹൃദം കശുഅണ്ടി മേഖലയിലെ പുതിയ കാല്‍വെയ്പ്പിലും സഹായകരമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ക്ലേവില്‍ പങ്കെടുത്തവര്‍ക്ക് സംസ്ഥാനത്തിന്റെ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. ഫിഷറീസ്, കശുഅണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ, ചീഫ് സെക്രട്ടറി നളിനിനെറ്റോ, അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, വിദേശകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക നയതന്ത്ര വിഭാഗം ജോ. സെക്രട്ടറി കെ. നാഗരാജ് നായിഡു, സ്‌പെഷ്യല്‍ അസൈന്‍മെന്റ് സെക്രട്ടറി അമരേന്ദ്ര ഖട്ടുവ തുടങ്ങിയവര്‍ സംബന്ധിച്ചു.