കൃഷി ലാഭകരമാക്കാന്‍ ജനനി അഗ്രിസേര്‍വ്

0

കാര്‍ഷിക വിഭവങ്ങള്‍ അത് ഉത്പാദിപ്പിക്കുന്നവരില്‍ നിന്നും വാങ്ങുന്നവരിലേക്കുള്ള ഒരു ശ്യംഖലയാണ് ജനനി അഗ്രിസേര്‍വ്. ഇതിന്റെ ഭാഗമായി ഗ്രാമതലത്തില്‍ 1500 മുതല്‍ 2000 വരെ കര്‍ഷക സമൂഹത്തിന്റെ കിയോസ്‌കുകള്‍ തുറക്കുന്നു. എന്‍.ജി.ഒ, കാര്‍ഷിക സംരംഭകരോ, സ്വയം സഹായ സംഘങ്ങളോ, കാര്‍ഷിക സഹകരണ സംഘങ്ങളോ ആയിരിക്കും ഇതിന്റെ ചുമതലക്കാര്‍. എല്ലാ ഗ്രാമതല കിയോസ്‌കുകളും ചേര്‍ന്ന് മണ്ടല്‍/താലൂക്ക്/ബ്ലോക്ക് തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തിലും ജനനിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ കൃഷി ആരംഭിക്കുന്നത് മുതല്‍ കൊയ്യുന്നത് വരെയുള്ള വിവിധ വിഷയങ്ങളെപ്പറ്റി ഉപദേശങ്ങള്‍ നല്‍കുക, വിളകളുടെ വളര്‍ച്ച, അസുഖ വിവരങ്ങള്‍, ചെടികളുടെ നിറത്തിലുള്ള വ്യത്യാസം, മണ്ണിനങ്ങള്‍) എന്നിവയെല്ലാം പകര്‍ത്തി അവ ഹൈദരാബാദിലെ അഗ്രി ലാബിലുള്ള കൃഷി ശാസ്ത്രജ്ഞന്മാര്‍ക്ക് അയച്ചുകൊടുക്കുക തുടങ്ങിയവയാണ് കിയോസ്‌കുകള്‍ നല്‍കുന്ന സേവനങ്ങള്‍. കൃഷി വിദഗ്ദ്ധന്മാര്‍ ഇവ വിശദമായി പരിശോധിച്ച ശേഷം കിയോസ്‌കുകള്‍ വഴി ഓരോ കര്‍ഷകര്‍ക്കും അവരുടെ വിളകളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് വിശദമായ മറുപടിയും ചെയ്യേണ്ട കാര്യങ്ങളും വ്യക്തമാക്കും. ഈ സേവനത്തിലൂടെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയുടെ ചിലവ് ചുരുക്കാനും, കൂടുതല്‍ ഗുണമേന്മയുള്ളതും ഫലപ്രദമായതുമായ വിളവ് ലഭിക്കാനും സഹായകമാകുന്നു.

വിഭവങ്ങള്‍ വില്‍ക്കുന്ന സമയത്ത് കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകാത്ത തരത്തിലുള്ള വില ലഭിക്കുന്നതിനും, ഗ്രാമീണ-നഗര കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ടതിനും, വിളവെടുപ്പിന് ശേഷമുള്ള വിഭവങ്ങളുടെ ശേഖരണം, അവ നല്ല വിലയ്ക്ക് തന്നെ വില്‍ക്കുന്നു എന്നുറപ്പാക്കല്‍ തുടങ്ങിയവയും ജനനിയുടെ സേവനങ്ങളില്‍പ്പെടുന്നു.ജനനി അഗ്രിസേവയുടെ ഇടപെടല്‍ വന്നതോടെ ഇവിടുത്തെ കൃഷിക്കാര്‍ക്ക് ഓരോ ഏക്കറിലും അയ്യായിരം രൂപ അധികം ലാഭം നേടാനാകുന്നുണ്ട്.

കിയോസ്‌ക് സംവിധാനത്തിലൂടെ വിത്തിനങ്ങള്‍, വളം, കീടനാശിനികള്‍, തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്നവരില്‍ നിന്നും ജനനി നേരിട്ട് വാങ്ങി അവ കര്‍ഷകരില്‍ എത്തിക്കുന്നു. അഗ്രോ അഡൈ്വസറി സര്‍വീസിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സേവനം കൂടുതല്‍ ഫലപ്രദമായും മികച്ച രീതിയിലും തയ്യാറാക്കാന്‍ ജനനിക്ക് സാധിക്കുന്നു. ഇതോടൊപ്പം കര്‍ഷകര്‍ക്ക് സാമ്പത്തിക/ ഇന്‍ഷൂറന്‍സ് പരിരക്ഷയും ജനനി ഉറപ്പാക്കുന്നുണ്ട്. ഈ ഉദ്യമത്തില്‍ ഐ.സി.ഐ.സി.ഐ ബാങ്കാണ് ജനനിയുടെ പ്രധാന പങ്കാളി.

2004ല്‍ ആന്ധ്രാപ്രദേശില്‍ ആരംഭിച്ച ഇസാഗു പദ്ധതിയിലെ ഒരു ഓഹരി ഉടമയായിരുന്നു ജനനി. കൃഷിക്കാരുമായി അടുത്ത് ഇടപഴകിയപ്പോഴാണ് അവര്‍ നേരിടുന്ന പല പ്രശ്‌നങ്ങളും മനസിലാക്കിയതും അങ്ങനെയാണ് ഈ സംരംഭം ആരംഭിച്ചതും. 2007ലാണ് ആദ്യ കിയോസ്‌ക് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച മൂന്ന് കിയോസ്‌കുകളും മികച്ച വിജയം നേടിയതോടെ 2010 ആയപ്പോഴേയ്ക്കും കൂടുതല്‍ സേവനങ്ങളും ആരംഭിച്ചു. ചെറുകിട കര്‍ഷകര്‍, അഗ്രി ബിസിനസ് സംഘടനകള്‍, ഗവണ്‍മെന്റ്, കാര്‍ഷിക സര്‍വകലാശാലകള്‍, ഗവേഷണ സംഘടനകള്‍ എന്നിവയാണ് ഈ പദ്ധിയിലെ വിവിധ ഷെയര്‍ ഹോള്‍ഡര്‍മാര്‍. നിഷ്, നബാര്‍ഡ് എന്നിവയുടെ സേവനങ്ങളും ജനനിക്ക് ലഭിക്കുന്നുണ്ട്. ഇതു വരെ പതിനായിരത്തിലേറെ കര്‍ഷകര്‍ക്ക് തങ്ങളുടെ സേവനം ലഭ്യമായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തങ്ങളുടെ സേവനങ്ങളെ വലിയ സ്ഥാപനങ്ങള്‍ മനസിലാക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും തങ്ങളുടെ വളര്‍ച്ചയുടെ പാതയില്‍ ഇനിയും കൂടുതല്‍ നിക്ഷേപകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.