സ്റ്റാര്‍ട്ട് അപ്പ് മിഷനും ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു

സ്റ്റാര്‍ട്ട് അപ്പ് മിഷനും ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു

Tuesday November 29, 2016,

1 min Read


കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി സിഗ്നേച്ചര്‍ ബില്‍ഡിങ് നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ. ഡോ. സി. ജയശങ്കര്‍പ്രസാദും സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യ തിരുവനന്തപുരം ഡയറക്ടര്‍ എസ്.ആര്‍. സുബ്രഹ്മണ്യവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

image


ധാരണാപത്രം പ്രകാരം കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിന്റെ അടിസ്ഥാന സൗകര്യ വികസന പങ്കാളികളായി സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യയെ ഉള്‍ക്കൊള്ളിക്കും. സോണിന്റെ 13.2 ഏക്കര്‍ ഭൂമിയില്‍ 1.2 ഏക്കര്‍ ഭൂമി സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യക്ക് 90 വര്‍ഷത്തേക്ക് പാട്ടമായി നല്‍കും. ഇതില്‍ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യ മൂന്നു ഘട്ടങ്ങളായി 90,000 ചതുരശ്ര അടി കെട്ടിടം നിര്‍മിക്കും. ഇതിനുള്ള രൂപകല്പന കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യക്ക് നല്‍കി.

നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം (30,000 ചതുരശ്ര അടി) രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. ആദ്യഘട്ടത്തിന്റെ എഴുപതു ശതമാനം പൂര്‍ത്തീകരിക്കുന്നതിനു ശേഷമായിരിക്കും തുടര്‍ന്നുള്ള ഘട്ടങ്ങള്‍. സ്റ്റാര്‍ട്ടപ്പ് മൊഡ്യൂളുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഫാബ്രിക്കേഷന്‍ ലാബുകള്‍, വാണിജ്യ ഓഫീസുകള്‍, ഡോര്‍മിറ്ററികള്‍ എന്നിങ്ങനെ മുന്നൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യങ്ങളും ആഗോളതലത്തില്‍ വളരുന്നതിനുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതാണ് പദ്ധതി. ധാരണാപത്രം സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഡോ. ഓംകാര്‍ റായിയും, വിവര സാങ്കേതികവിദ്യാ വകുപ്പ് സെക്രട്ടറി എം.ശിവശങ്കറും തമ്മില്‍ കൈമാറി.