വിനോദ സഞ്ചാരികളുടേയും ആകര്‍ഷണ കേന്ദ്രമായി കുരിശുമല

0


ഈ വര്‍ഷത്തെ കുരിശുമല തീര്‍ഥാടനം ഒമ്പതിന് ആരംഭിക്കുമ്പോള്‍ തെക്കേ ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തീര്‍ഥാടാന കേന്ദ്രത്തില്‍ വിദേശികള്‍ ഉള്‍പ്പെടെയയുള്ള വരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. മാര്‍ച്ച് 9, 10, 11, 12, 13, 24, 25(ദുഖവെള്ളി) എന്നീ തീയതികളിലാണ് തീര്‍ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. ജാതിമതവര്‍ണവര്‍ഗ ഭേദമന്യേ എല്ലാവരും ഒന്നു ചേരുന്ന തീര്‍ഥാടന കേന്ദ്രമാണ് കുരിശുമല. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വെബ്‌സൈറ്റ്, റോഡ് ഷോ എന്നിവയും അധികൃതര്‍ ഒരുക്കുന്നുണ്ട്.

നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായ കുരിശുമല സമുദ്രനിരപ്പില്‍ നിന്നും 3000 അടിയില്‍ അധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1957ല്‍ ആണ് കുരിശുമലയിലേക്ക് തീര്‍ഥാടനം ആരംഭിച്ചത്. 1983ല്‍ തിരുവനന്തപുരം രൂപതാ മെത്രാന്‍ റവ.ഡോ.ജേക്കബ് അച്ചാരുപറമ്പില്‍ കുരിശുമലയെ തിരുവനന്തപുരം രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ സഹ്യപര്‍വത ശിഖരങ്ങളിലാണ് കുരിശുമല സ്ഥിതി ചെയ്യുന്നത്.

നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് മലകയറുന്നതിനായി ഇവിടെയെത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 35 ലക്ഷത്തില്‍ അധികം പേര്‍ മലകയറിയതായാണ് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കുറി 50 ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതിഭംഗി കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിന് നിരവധി വിദേശികളും ഇവിടെയെത്തിച്ചേരാറുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തും കന്യാകുമാരി ജില്ലയിലെ കടയാലുംമൂട് ഠൗണ്‍ പഞ്ചായത്തും തീര്‍ഥാടകര്‍ക്കാവശ്യമായ ജലം, ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. തീര്‍ഥാടന ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ ബസ് ഡിപ്പോകളില്‍ നിന്നും കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍, മാര്‍ത്താണ്ഡം, തിരുവട്ടാര്‍, കുഴിത്തുറ, കളിയിക്കാവിള എന്നീ ഡിപ്പോകളില്‍ നിന്നും കുരുശുമലയിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും.

നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി കുരിശുമല മംഗല്യപദ്ധതി, പാവപ്പെട്ടവര്‍ക്കായി കുരിശുമല ഭവനപദ്ധതി തുടങ്ങിയവയ്ക്കും ഈ വര്‍ഷം തുടക്കം കുറിക്കുന്നുണ്ട്. കുരിശുമല കള്‍ച്ചറല്‍ എക്‌സ്‌പോ എന്ന പേരില്‍ ഒരു പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

ആയുര്‍വേദം, ഹോമിയോ, അലോപ്പതി എന്നീ വിഭാഗങ്ങളിലായി അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘങ്ങളുടെയും അത്യാധുനിക രീതിയിലുള്ള ആംബുലന്‍സ് സംവിധാനവും, പോലീസ്, എക്‌സൈസ്, റവന്യൂ, പൊതുമരാമത്ത്, ഗതാഗതം, വൈദ്യുതി തുടങ്ങിയ എല്ലാ വകുപ്പുകളുടെയും സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.