മമ്മൂട്ടി: കണ്ണൂര്‍ കോട്ടയുടെ പ്രഭു

0


കണ്ണൂരിലെ പുരാതനമായ പോര്‍ച്ചുഗീസ് കോട്ടയുടെ പ്രഭുവായി മമ്മൂട്ടി വേഷമിടുന്നു. കോട്ടയെക്കുറിച്ച് തയാറാക്കുന്ന സൗണ്ട്‌ലൈറ്റ് ഹൈബ്രിഡ് ഷോയുടെ ട്രെയ്‌ലര്‍ മമ്മൂട്ടി പുറത്തിറക്കി. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു ഹൈബ്രിഡ് ഷോ തയാറാക്കുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മിച്ചത്.

കണ്ണൂര്‍ സെന്റ് ഏഞ്ജലോസ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ ഫെബ്രുവരി 29ന് ഷോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായാണ് കര്‍ണാടകയില്‍ കോളാറിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ച് മമ്മൂട്ടി തന്റെ ഹോംപേജിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

കോട്ടയെക്കുറിച്ച് ഒരുക്കുന്ന ഷോ എന്താണെന്ന് അനുഭവിച്ചറിയാനായുള്ള ദൃശ്യശ്രവ്യ ക്ഷണപത്രമായിരിക്കും ട്രെയ്‌ലര്‍. മള്‍ട്ടിമീഡിയ, ലേസര്‍ സംവിധാനങ്ങളുപയോഗിച്ചാണ് 53 മിനിറ്റ് നീളുന്ന ഷോ തയാറാക്കിയിട്ടുള്ളത്. കോട്ടയുടെ തുടക്കം മുതല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സൗണ്ട്, ലൈറ്റ് ഹൈബ്രിഡ് ഷോ ഇന്ത്യയിലാദ്യമായി പുറത്തിറങ്ങുന്നത് കേരളത്തിലായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഷോയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനും സംവിധായകനും അഭിനേതാവുമായ ശങ്കര്‍ രാമകൃഷ്ണനാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതുതലമുറ സാങ്കേതിക സ്ഥാപനമായ സിംബോളീന്‍ ടെക്‌നോളജീസാണ് കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനുവേണ്ടി ഷോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ സംരംഭത്തില്‍ സഹകരിച്ചതിനും അദ്ദേഹത്തിന്റെ സേവനം സൗജന്യമായി നല്‍കിയതിനും ടൂറിസം വകുപ്പ് മമ്മൂട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.