ഉള്ളൂരിന്റെ പ്രേമസംഗീതത്തിന് സംഗീതാവിഷ്‌കാരം

0

ഉള്ളൂരിന്റെ പ്രേമസംഗീതത്തിന് സംഗീതാവിഷ്‌കാരം ഒരുങ്ങി. ആര്‍ രാജരാജവര്‍മ്മ സാമാരക ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയത്. ഡോ. മണക്കാല ഗോപാലകൃഷ്ണനാണ് പ്രേമ സംഗീതത്തിന് സംഗീതാവിഷ്‌കാരം നല്‍കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രേമസംഗീത സന്ദേശ പ്രചരണ പരിപാടിയും ആരംഭിച്ചു. സന്ദേശ പരിപാടിയുടെ ഭാഗമായി ഐക്യരാഷ്ട്ര സഭക്ക് ലോകസമാധാന ദിനത്തിന്റെ ഒപ്പ് ശേഖരണവും നടത്തുന്നുണ്ട്.

പ്രേമസംഗീതത്തതിന്റെ 76 വരികളെ 13 രാഗങ്ങളിലാക്കിയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ വോക്കല്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന്റേതാണ്. നാഞ്ചില്‍ എ ആര്‍ അരുള്‍ മൃദംഗവും വൈക്കം രത്‌നശ്രീ തബലയും ഉഡുപ്പി ശ്രീധര്‍ ഘടവും താമരക്കുടി രാജശേഖരന്‍ മുഖര്‍ശംഖും വായിക്കും.

ഹംസധ്വനി രാഗത്തില്‍ തുടങ്ങി ജോണ്‍പുരി രാഗത്തില്‍ സംഗീതാവിഷ്‌കാരം അവസാനിക്കും. താളാത്മകമായി തമിഴ് വൃത്തത്തില്‍ ഉള്ളൂര്‍ രചിച്ച പ്രേമ സംഗീതത്തില്‍ തത്വശാസ്ത്രമാണ് കൂടുതല്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാന്‍പോലും പ്രേമ സംഗീതം ഉപയോഗിക്കാനാകും. മലയാളികള്‍ക്ക് ഇതിന്റെ നന്മ മനസിലാക്കി കൊടുക്കാന്‍കൂടി വേണ്ടിയാണ് സംവീതാവിഷ്‌കാരം ഒരുക്കുന്നതെന്ന് ഡോ. മണക്കാല ഗോപാലകൃഷ്ണ്‍ പറഞ്ഞു.

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ് പരമേശ്വരയ്യര്‍ കവി എന്നതിനു പുറമേ ചരിത്രകാരനായും, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും ഉള്ളൂര്‍ പേരെടുത്തിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ എന്നീ കവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായിരുന്നു. സാഹിത്യ ചരിത്രത്തില്‍ ഇവര്‍ കവിത്രയം എന്നറിയപ്പെടുന്നു.

കുട്ടിക്കാലം മുതല്‍ക്കേ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂരിന്റെ കഠിന സംസ്‌കൃതപദങ്ങള്‍ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകര്‍ക്ക് പഥ്യമായിരുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. 1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകന്‍' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷണ്‍' ബിരുദവും സമ്മാനിച്ചിട്ടുണ്ട്.