പൊന്മുടിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചു ടൂറിസം വകുപ്പിന്റെ 'ഗ്രീന്‍ കാര്‍ബെറ്റ്' പദ്ധതി  

4

മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചു 'മാസ്റ്റര്‍ പ്ലാന്‍' വരുന്നു.ഇതു സംബന്ധിച്ചു രൂപരേഖയുണ്ടാക്കാന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും വനം,ടൂറിസം,ജല വിഭവ വകുപ്പ് അധികൃതരും ഉള്‍പ്പെടുന്ന സംഘം പൊന്മുടിയില്‍ പ്രത്യേക യോഗം ചേര്‍ന്നു.യോഗത്തില്‍ പൊന്മുടിയുടെ എല്ലാ പരിമിതികളും വികസന സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായി.

ടൂറിസം വകുപ്പിന്റെ 'ഗ്രീന്‍ കാര്‍ബെറ്റ്' പദ്ധതി പ്രകാരമാണു പൊന്മുടിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുദ്ദേശിക്കുന്നത്.വിദേശീയരും തദ്ദേശീയരുമായ സഞ്ചാരികളെ ഒരുപോലെ പൊന്മുടിയിലേക്കു ആകര്‍ഷിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണു പൊന്മുടിയില്‍ പ്രാവര്‍ത്തികമാകുക.റോപ് വേ നിര്‍മിക്കുന്നതിനു200കോടിയും പൊന്മുടി– ബ്രൈമൂര്‍ റോഡിന്റെ നിര്‍മാണത്തിനു20കോടി ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരുന്നു.ഇതിനു പുറമെയാണു 'ഗ്രീന്‍ കാര്‍ബെറ്റ് പദ്ധതി പ്രകാരം പൊന്മുടിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പദ്ധതികളെല്ലാം പ്രകൃതി സൗഹൃദപരമായിരിക്കും.സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തും.അപ്പര്‍ സാനിറ്റോറിയത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന വനം വകുപ്പിന്റെ കെട്ടിടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങും.ദൂരക്കാഴ്ചയൊരുക്കാന്‍ വിവിധയിടങ്ങളില്‍ നിരീക്ഷണ ടവറുകള്‍ സ്ഥാപിക്കും.വാഹനങ്ങളുടെ പാര്‍ക്കിങ്ങിനു വിപുലമായ സൗകര്യം,ടെന്റുകള്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കു പ്രത്യേകം ശൗചാലയങ്ങള്‍ എന്നിവയുമൊരുക്കും.

കല്ലാര്‍– പൊന്മുടി റൂട്ടില്‍ ഇടത്താവളങ്ങളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കും.വനം വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനനുസരിച്ചു വെളളച്ചാട്ടങ്ങളിലേക്കു വഴിയൊരുക്കും.അപകടമൊഴിവാക്കാന്‍ മുളവേലികള്‍ കെട്ടും.ഇടുക്കി രാമക്കല്‍മേട് മാതൃകയില്‍ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനും ആലോചനയുണ്ട്.

പരിതാപകരമായ അവസ്ഥയില്‍ തുടരുന്ന പൊലീസ് സ്റ്റേഷന്‍ നവീകരിക്കും.ടൂറിസം പൊലീസ് സ്റ്റേഷനെന്ന ആശയത്തെ കുറിച്ചും ചര്‍ച്ച ചെയ്യും.പൊലീസ് സ്റ്റേഷനോടു ചേര്‍ന്ന കെട്ടിടം ഇന്‍ഫര്‍മേഷന്‍ സെന്ററാക്കി മാറ്റും.സഞ്ചാരികളുടെ സൗകര്യാര്‍ഥം എടിഎം കൗണ്ടറുകളും പൊന്മുടിയല്‍ കൊണ്ടു വരും.

ഡി.കെ മുരളി എംഎല്‍എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ടി.ബി.പ്രശാന്ത്,ഗ്രാമ പഞ്ചായത്ത് അംഗം ജിഷ,പാലോട് വനം റേഞ്ച് ഓഫിസര്‍ എസ്.വി വിനോദ്,ജല അതോറിറ്റി എഇ:സുധീര്‍,പി.ദിവാകരന്‍ നായര്‍,ഷാജി മാറ്റാപ്പള്ളി,മണിയന്‍ പൊന്മുടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.