ലോകോത്തര നിലവാരത്തിലേക്ക് പ്രിയദര്‍ശിനി പ്ലാനറ്റേറിയം

0

ഒറിജിനലിനെ വെല്ലുന്ന ആകാശക്കാഴ്ചയുടെ ദൃശ്യാവിഷ്‌കരണവുമായി തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പ്രിയദര്‍ശിനി പ്ലാനറ്റേറിയം ലോകോത്തര നിലവാരത്തിലേക്ക്. പ്രപഞ്ചോല്‍പത്തിയുടെ ചരിത്രവും ആകാശവും നക്ഷത്രങ്ങളുമെല്ലാം പ്ലാനറ്റേറിയത്തില്‍ കയ്യെത്തും ദൂരത്ത് കാണാം.

യാതാര്‍ഥ്യത്തെ വെല്ലുന്ന ദൃശ്യാനുഭവമാണ് നവീകരിച്ച പ്ലാനറ്റേറിയത്തില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 13 കോടി രൂപ ചെലവിലാണ് പ്ലാനറ്റേറിയം നവീകരിച്ചിരിക്കുന്നത്. ജര്‍മന്‍ കമ്പനിയായ കാള്‍സീസ് കമ്പനിയാണ് നിര്‍മാണം നടത്തിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തീര്‍ണമേറിയ സ്‌ക്രീനുള്ള ഡോമാണ് നിര്‍മിച്ചിരിക്കുന്നത്. 4913 ചതുരശ്ര അടിയാണ് സ്‌ക്രീനിന്റെ വിസ്തീര്‍ണം. നേരത്തെ ഉണ്ടായിരുന്ന 15 മീറ്റര്‍ തിരശ്ചീന ഡോം മാറ്റി 15 ഡിഗ്രി ചരിഞ്ഞ 17 മീറ്റര്‍ ഡോമാണ് തയ്യാറാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഡോം സ്ഥാപിച്ചിരിക്കുന്നത്. ഇത് മികച്ച ദൃശ്യാനുഭവമാണ് നല്‍കുക.

എല്ലാ ദിശയിലെയും നക്ഷത്രങ്ങളെ ഒരേ സമയത്ത് കാണാനാവും എന്നതും അത്യാധുനിക പ്ലാനറ്റേറിയത്തിന്റെ പ്രത്യേകതയാണ്. 8,000ത്തോളം വ്യത്യസ്ത നക്ഷത്രങ്ങളെയാണ് പുതിയ ഡിജിറ്റല്‍ ഡോമിലൂടെ കാണാന്‍ സാധിക്കുക. ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളെ സംബന്ധിച്ച തല്‍സമയ ക്ലാസുകള്‍ക്കും വളരെ അനുയോജ്യമായ രീതിയിലാണ് നിര്‍മാണം. കൂടാതെ ഭൂമിയിലെ ഏത് സ്ഥലത്തെയും ഏത് ദിവസത്തെയും ആകാശത്തെ ഇതില്‍ ദൃശ്യവത്കരിക്കാന്‍ കഴിയും. നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് പുതിയ ഡൂമിലൂടെ കാഴ്ചക്കാര്‍ക്ക് ലഭ്യമാവുക. സ്‌ക്രീന്‍ മുന്നോട്ട് തള്ളി നില്‍ക്കുന്നതായതിനാല്‍ കാഴ്ചക്കാര്‍ക്ക് കാഴ്ചക്കാര്‍ക്ക് പ്രദര്‍ശനവുമായി അലിഞ്ഞുചേരുന്ന അനുഭവമാണുണ്ടാകുക. ഡോമിന് താഴെ പതിക്കുന്ന ദൃശ്യങ്ങള്‍ തടയാനായി പ്രത്യേക ഇലക്‌ട്രോണിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഒമ്പത് ഹൈ എന്‍ഡ് ഡി സി ഐ കംപ്ലൈഡ് എഫ് 32 പ്രൊജക്ടറുകളുടെ സഹായത്തോടെ ഫുള്‍ ഡോം വീഡിയോ പ്രദര്‍ശങ്ങള്‍ കാണാന്‍ കഴിയും. പവര്‍ ഡോം, യൂണിവ്യൂ എന്നീ പ്രത്യേകതരം സോഫ്റ്റ് വെയറുകളുടെ സഹായത്താല്‍ ചലനാത്മക വീഡിയോ പ്രദര്‍ശനമാണ് കാഴ്ചക്കാരിലെത്തുന്നത്. പ്രദര്‍ശനം കാണുന്നതിന് മുമ്പ് ആകാശ ഗോളങ്ങളെക്കുറിച്ചറിയാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ അറിവ് നല്‍കുന്നതിനാണ് ഗ്രഹങ്ങളെക്കുറിച്ച് പ്രത്യേക ഗ്യാലറി തയാറാക്കിയിരിക്കുന്നത്. നാസയുടെ ഹബ്ബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളും പ്ലാനറ്റേറിയത്തില്‍ അപ്‌ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കും. ലാര്‍ജ് ഫോര്‍മാറ്റ് വീഡിയോ പ്രദര്‍ശനവും ലോകത്ത് നടന്നിട്ടുള്ള സൂര്യഗ്രഹണങ്ങള്‍ വീണ്ടും കാണാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പുറമെ കസേരകളടക്കം മറ്റെല്ലാ സംവിധാനങ്ങളും മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. മുമ്പ് 180 ഇരിപ്പിടങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നവീകരിച്ച ശേഷം 240 ഇരിപ്പിടങ്ങളാണുള്ളത്. 30 മിനിറ്റോളം നീളുന്നതാണ് പ്രദര്‍ശനങ്ങള്‍. ദിവസവും നാല് പ്രദര്‍ശനങ്ങളാണുള്ളത്. രാവിലെ 10.30ന് മലയാളം പ്രദര്‍ശനവും ഉച്ചക്ക് 12ന് ഇംഗ്ലീഷ് പ്രദര്‍ശനവും തുടര്‍ന്ന് വൈകിട്ട് മൂന്നിനും അഞ്ചിനും മലയാളത്തില്‍തന്നെയുള്ള പ്രദര്‍ശനങ്ങളുമാണുള്ളത്. ഒരു തവണ പ്രദര്‍ശനം നടത്തുന്നതിന് കുറഞ്ഞത് 25 പേരെങ്കിലും ഉണ്ടായിരിക്കണം. 100 പേരെങ്കിലും ഉള്ള സാഹചര്യത്തില്‍ മാത്രമേ പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിക്കൂ. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ദിവസം പത്ത് പ്രദര്‍ശനങ്ങള്‍വീതം നടത്താന്‍ ശേഷിയുള്ളതാണ് പ്ലാനറ്റേറിയമെന്ന് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ജി അരുള്‍ ജെറാള്‍ഡ് പ്രകാശ് പറഞ്ഞു.