വിതുരതൊളിക്കോട് കുടിവെള്ള പദ്ധതി; ഭാഗീക കമ്മിഷന്‍ ഉടന്‍  

0

മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ സ്വപ്ന പദ്ധതിയായ വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗികമായ കമ്മിഷനിംഗ് ഉടന്‍ നടത്താനാകുമെന്ന് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. 41 കോടി രൂപ ചെലവഴിച്ചാണ് ഈ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടമായി അനുവദിച്ച 24 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തിയാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കമ്മിഷനിംഗാണ് ഉടന്‍ നടക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് വാട്ടര്‍ അതോറിട്ടി തയ്യാറാക്കിയ രണ്ടാം ഘട്ട എസ്റ്റിമേറ്റു തുകയായ 17 കോടി രൂപ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മുഖ്യമന്ത്രി ചെയര്‍മാനായ സ്റ്റേറ്റ് ലെവല്‍ സ്‌കീം സാംഗ്ഷനിംഗ് കമ്മിറ്റി(SLSSC)കൂടി തുക അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഈ കമ്മിറ്റി തീരുമാനം പ്രകാരം 2016 ഫെബ്രുവരി 27ന് 17 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും നല്‍കിയിരുന്നു. വിതുര പഞ്ചായത്തില്‍ റോ വാട്ടര്‍ പമ്പ് ഹൗസ്, ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഓവര്‍ ഹെഡ് സര്‍വ്വീസ് റിസര്‍വ്വെയര്‍, ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍ തുടങ്ങി 41 കിലോ മീറ്റര്‍ ഡി.ഐ പൈപ്പുകളും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. അതോടൊപ്പം 5കോടി ചിലവു വരുന്ന ട്രാന്‍സ്‌ഫോര്‍മറിന്റെയും പമ്പുകളുടെയും പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു. ഇവ പൂര്‍ത്തിയാകുന്നതോടെ പദ്ധതിയുടെ ഭാഗികമായ കമ്മിഷന്‍ ഉണ്ടാകും.. പദ്ധതിയുടെ നടത്തിപ്പിനായി വിതുരയില്‍ ഇനി ആവശ്യമുള്ള സ്ഥലം കുണ്ടാളംകുഴിയില്‍ ലഭ്യമായിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.

വിതുരയില്‍ പണി ഏതാണ്ട് പൂര്‍ത്തിയായെങ്കിലും തൊളിക്കോട് പഞ്ചായത്തില്‍ സ്ഥലം ലഭ്യമാകാന്‍ വൈകിയതാണ് പണി ഇഴയാന്‍ കാരണം. ഇത് സംബന്ധിച്ച് മുന്‍ സ്പീക്കറുടെ കാലത്ത് തന്നെ ഈ പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പല തവണ വിളിച്ചിരുന്നു. എന്നാല്‍ തൊളിക്കോട് പഞ്ചായത്തില്‍ മാത്രം സ്ഥലം ലഭ്യമാകുന്നതില്‍ കാലതാമസമുണ്ടായി. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിലുള്ള 16.2 എല്‍.എല്‍ കപ്പാസിറ്റി ഉള്ള ഓവര്‍ഹെഡ് സര്‍വ്വീസ് റിസര്‍വ്വെയറിന്റെയും പച്ചമലയിലുള്ള ടാങ്കിന്റെയും മേലേ തൊളിക്കോട് ഉള്ള ബൂസ്റ്റര്‍ പമ്പ് ടാങ്കിന്റെയും ഉള്‍പ്പടെ 40 കിലോ മീറ്ററോളം വരുന്ന ഡി.ഐ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതിയുടെ രണ്ടാം ഘട്ടമായി 17 കോടി രൂപ ഇതിന്റെ തുടര്‍ച്ചയായി നേരത്തെ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 4.8 കോടി രൂപയുടെ തോട്ടുമുക്ക് ഓവര്‍ഹെഡ് സര്‍വ്വീസ് റിസര്‍വ്വയറിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. എന്നാല്‍ ടെണ്ടര്‍ തുക അധികരിച്ചതിനാല്‍ അധികം വരുന്ന തുകയ്ക്ക് പ്രത്യേക അനുമതി ലഭിച്ചാലുടന്‍ പണി തുടങ്ങാന്‍ സാധിക്കും. ബാക്കി വരുന്ന വര്‍ക്കുകളുടെ എസ്റ്റിമേറ്റ് പൂര്‍ത്തിയായി വരുന്നുതായും എം.എല്‍.എ അറിയിച്ചു. വിതുര തൊളിക്കോട് പഞ്ചായത്തുകള്‍ക്കുള്ള സംയുക്ത കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം രണ്ടു പഞ്ചായത്തുകളുമായി ചേര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്നത്തെ ജലസേന വകുപ്പ് മന്ത്രി പി.ജെ.ജോസഫിന്റെ അധ്യക്ഷതയില്‍ മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചിരുന്നു. കുടിവെള്ള ക്ഷാമവും വരള്‍ച്ചയും രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തില്‍ ഈ പദ്ധതി എത്രയും വേഗം കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു.