പുത്തന്‍ ദൃശ്യാനുഭവം തീര്‍ത്ത് ചലച്ചിത്രമേളയില്‍ ത്രിമാന ചിത്രങ്ങള്‍ക്ക് പ്രത്യേകവിഭാഗം

0

ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുത്തന്‍ ദൃശ്യാനുഭവമായി ത്രിഡി ചലച്ചിത്രങ്ങള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നു. ഉദ്ഘാടന ചിത്രമായ വോള്‍ഫ് ടോട്ടം ഉള്‍പ്പെടെ ആറു ത്രിഡി ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഫാന്റസിയില്‍നിന്ന് വ്യത്യസ്തമായി ജീവിതഗന്ധിയായ ചലച്ചിത്രങ്ങള്‍ ത്രീഡിയില്‍ ഒരുക്കിയിട്ടുളളത് ചലച്ചിത്രപ്രേമികള്‍ക്ക് നവ്യാനുഭവമാകും.

രമ്യ, ന്യൂ സ്‌ക്രീന്‍-1 എന്നിവിടങ്ങളിലാണ് ത്രീഡി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ പ്രദര്‍ശനവേദികളിലും ത്രീഡി കണ്ണടകള്‍ പ്രേക്ഷകര്‍ക്ക് നല്‍കും. ആങ് ലീയുടെ ലൈഫ് ഓഫ് പൈ, റിഡ്‌ലി സ്‌കോട്ടിന്റെ ദി മാര്‍ട്ടിന്‍ എന്നിവ ഇതിനകം കേരളത്തില്‍ റിലീസ് ചെയ്തിട്ടുളളവയാണ്. ഫാന്റസി വിഭാഗത്തില്‍ പെടുന്ന മറ്റൊരു ചിത്രമായ ജോണ്‍ റൈറ്റിന്റെ പാന്‍ ആദ്യമായാണ് സംസ്ഥാനത്തെത്തുന്നത്. ലവ്, എവരിതിംഗ് വില്‍ ബി ഫൈന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

ജീന്‍ ഴാക്ക് അന്നൗഡിന്റെ വൂള്‍ഫ് ടോട്ടം 1967 ലെ ചൈനീസ് പ്രദേശ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുളളതാണ്. ഈ ചിത്രം പ്രകൃതി ഭംഗിയുടെ മാസ്മരികത ത്രിഡി വിസ്മയത്തില്‍ കാഴ്ചക്കാരില്‍ എത്തിക്കും. ബീജിംഗില്‍ നിന്നുളള വിദ്യാര്‍ത്ഥിയായ ചെന്‍ ഷെന്‍ ഗോത്രവര്‍ഗ ആട്ടിടയന്‍മാരുടെ ജീവിതം പഠിക്കുന്നതിനായാണ് മംഗോളിയയില്‍ എത്തുന്നത്. ആട്ടിടയ സമൂഹത്തിന്റെ ജീവിതം, സ്വാതന്ത്ര്യം, ഉത്തരവാദിത്തം അതു കൂടാതെ അവരുടെ ഏറ്റവും വലിയ ശത്രുവായ ചെന്നായയുമെല്ലാം ഈ സിനിമയില്‍ പശ്ചാത്തലമായി വരുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുളള ബന്ധവും, അതിന്റെ സങ്കീര്‍ണതകളും ചിത്രത്തിന് രാഷ്ട്രീയമായ നിറവും നല്‍കുന്നു. ചൈനയിലെ ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ജീന്‍ ഴാക്ക് എടുത്തിട്ടുളള സെവന്‍ ഇയേഴ്‌സ് ഇന്‍ തിബറ്റ്, ദ ബെയര്‍ ആന്റ് ടു ബ്രദേഴ്‌സ് എന്നീ ചിത്രങ്ങള്‍ ഏറെ നിരൂപണ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

വ്യത്യസ്തമായ സംസ്‌കാരങ്ങളില്‍ ജീവിച്ച രണ്ട് വ്യക്തികളുടെ പ്രണയം ത്രിഡിയിലൂടെ കാണിച്ചുതരുന്നതാണ് ലവ് എന്ന ഫ്രഞ്ച് ചിത്രം. ഇലക്ട്ര എന്ന യുവതിയും മര്‍ഫി എന്ന യുവാവുമായുളള ഭ്രാന്തമായ പ്രണയത്തിന്റെ കഥ പറയുന്നതാണ് ചിത്രം. മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ കമിതാക്കള്‍ നടത്തുന്ന ഭ്രാന്തമായ സ്വകാര്യ രംഗങ്ങള്‍ അതീവ തന്‍മയത്വത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഇലക്ട്രയും മര്‍ഫിയും തമ്മിലുളള ആത്മബന്ധത്തിന്റെ നൂലിഴകളെയും കാഴ്ചക്കാരിലേക്കെത്തിക്കുന്നു. 

പ്രണയരംഗങ്ങള്‍ ത്രിഡി കാഴ്ചയില്‍ പ്രേക്ഷകരിലേക്കെത്തുന്നതും ചലച്ചിത്രമേളയില്‍ ആദ്യമായാണ്. കാന്‍, ടൊറൊന്റോ, മെല്‍ബണ്‍, ഗോവ ചലച്ചിത്രമേളകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ദൃഷ്യാവിഷ്‌കാരമാണിത്.ജീവിതവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന എവ്‌രിതിംഗ് വില്‍ ബി ഫൈന്‍ വിഖ്യാത സംവിധായകന്‍ വിം വെന്‍ഡേഴ്‌സിന്റെതാണ്. മൂന്നു സഹോദരന്‍മാരും അമ്മയും അപകടത്തില്‍ പെടുന്നതും അതിലൊരാള്‍ മരിച്ചതു മൂലം മറ്റുളളവര്‍ക്കുണ്ടാകുന്ന മാനസിക വ്യഥയും അതിന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ ചോര്‍ന്നു പോകാതെ സമന്വയിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. കാനഡയുടെ പ്രകൃതി സൗന്ദര്യം മുഴുന്‍ ഒപ്പിയെടുത്താണ് ഈ ത്രിഡി വിസ്മയം വെന്‍ഡേഴ്‌സ് കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.