തെരുവിന്റെ മക്കള്‍ക്ക് 'വിദ്യ' നല്‍കി രശ്മി മിശ്ര

0

മൂന്ന് കുട്ടികളുടെ അമ്മയായ നീലത്തിന് ഭര്‍ത്താവ് മരിച്ചതോടെ കുഞ്ഞുങ്ങളെ പോറ്റാന്‍ കഴിയാത്ത അവസ്ഥയായി. എന്തു ചെയ്യുമെന്നറിയാതെ ജീവിതത്തിന് മുന്നില്‍ പകച്ചു നിന്ന നീലത്തിന് കൈത്താങ്ങായത് വിദ്യയാണ്. ചെറിയ തുക ലോണായി വാങ്ങി നല്‍കി കരകൗശല വസ്തുക്കളുടെ സംരംഭം ആരംഭിച്ച നീലത്തിന്റെ മക്കള്‍ ഇന്ന് കോളേജില്‍ ചേര്‍ന്ന് പഠിക്കുന്നു. തന്റെ സംരഭത്തിന് കീഴില്‍ 300 സ്ത്രീകള്‍ക്ക് ജോലി നല്‍കാനും നീലത്തിന് സാധിച്ചു. ഇതിന് നീലത്തെ സഹായിച്ചത് വിദ്യ എന്ന പെണ്‍കുട്ടിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടയാണ് വിദ്യ.

വിദ്യാഭ്യാസത്തിന്റെ ബാലപാഠമറിയാത്ത കുറച്ച് പെണ്‍കുട്ടികള്‍ ഒരു ഓവുചാലില്‍ കളിച്ചുകൊണ്ടിരുന്ന കാഴ്ചയാണ് രശ്മി മിശ്രക്ക് ചേരികളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും അവര്‍ക്ക ്അതിലൂടെ ലഭിക്കുന്ന ഭാവിയെക്കുറിച്ചും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെ രശ്മി പുതിയൊരു തീരുമാനം കൈക്കോള്ളുകയും തന്റെ വീട് കുട്ടികള്‍ക്കായി തുറന്നു നല്‍കുകയും ചെയ്തു. കുരുന്നുകള്‍ക്കായി ആരംഭിച്ച ആ സംരംഭത്തിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും പ്രേയോജനം ലഭിച്ചു. ഇതില്‍ ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലുള്ളവര്‍ ഉള്‍പ്പെടും. ബിരുദധാരിയും രണ്ട് മക്കളുടെ അമ്മയും ഒരു പേരക്കുട്ടിയുടെ അമ്മൂമ്മയുമായ രശ്മി മിശ്ര തന്നെയായിരുന്നു വിദ്യ എന്ന സംഘടയുടെ ഉടമസ്ഥ. സ്ത്രീകള്‍ക്കും യുവതികള്‍ക്കും വേണ്ടിയാണ് സംഘടന പ്രധാനമായും പ്രവര്‍ത്തിച്ചത്.

തനിക്ക് ഓസ്‌ട്രേലിയന്‍ എംബസിയിലുള്ള ജോലി പോലും ത്യജിച്ചാണ് വിദ്യക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ രശ്മി തയ്യാറായത്. ചേരികളിലേക്ക് ഇറങ്ങിച്ചെന്ന് അവിടുത്തെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ രശ്മി പരിശ്രമിച്ചു. കൂടുതല്‍ വോളന്റിയേഴ്‌സിനെ സ്ഥാപനത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. നിലിവില്‍ 350ലധികം സ്ഥിരം ജീവനക്കാരും 5000ലധികം വോളന്റിയര്‍മാരും ഇവിടെ ജോലി നോക്കുന്നുണ്ട്.

അഞ്ച് പെണ്‍കുട്ടികളുമായി സ്വന്തം വീട്ടിലാണ് രശ്മി ക്ലാസ്സുകള്‍ ആരംഭിച്ചത്. നേരിട്ട് തന്നെ ക്ലാസ്സുകള്‍ നടത്തിയ രശ്മി പിന്നീട് അടുത്തുള്ള ചേരികളില്‍ വോളന്റിയേഴ്‌സിന്റെ സഹായത്തോടെ ക്ലാസ്സുകള്‍ ആരംഭിച്ചു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്റെ ആദ്യ സ്‌കൂള്‍ ഗുര്‍ഗവോണില്‍ ആരംഭിച്ചത്. അഞ്ച് ഏക്കറില്‍ ആരംഭിച്ച സ്‌കൂളില്‍ ആയിരം കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് രശ്മി വളരെ ബുദ്ധിമുട്ടിയത്. നിരവധി തവണ പലരേയും പണത്തിനായി സമീപിച്ചെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. പിന്നീട് പണം ചോദിക്കുന്നതും ഒരു കലയാണെന്ന് മനസിലാക്കി. ഇതിനായി മദര്‍ തേരേസയുടെ ഒരു അനുഭവം രശ്മി മനസില്‍ സൂക്ഷിച്ചു. സംഭാവനകള്‍ നമുക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്ക് വേണ്ടിക്കൂടി ചോദിക്കണം എന്ന്. ഒരു വലിയ വ്യാപാരിയില്‍ നിന്നും സംഭാവന സ്വീകരിച്ച മദര്‍ തെരേസ ഇതെന്റെ പങ്ക് മാത്രമേ ആയിട്ടുള്ളൂ ഇനി എന്റെ കൂട്ടികളുടെ പങ്ക് തരൂ എന്നാണ് ചോദിച്ചത്. വിദ്യയില്‍ നിന്നും പഠിച്ചിറങ്ങി ഉരങ്ങളിലെത്തിയവരുടെ കഥകള്‍ ഇപ്പോള്‍ വളരെ അഭിമാനത്തോടെയാണ് രശ്മി പറയുന്നത്.

ഹിമാചല്‍ പ്രദേശിലെ ഒരു വില്ലേജില്‍ നിന്നും ഓടി വന്ന അഞ്ചാം ക്ലാസ്സുകാരന്‍ വിദ്യയിലെത്തി രശ്മിയോട് ആവശ്യപ്പെട്ടത് അവനെ ഒരു എന്‍ജിനിയറാക്കാന്‍ കഴിയുമോ എന്നായിരുന്നു. ഇന്ന് എല്‍ എ കാലിഫോര്‍ണിയയില്‍ എന്‍ജിനിയറായ അവന്‍ സ്വന്തം ഗ്രാമത്തിലെ കുരുന്നുകളുെട വിദ്യാഭ്യാസത്തിന് വേണ്ടി സഹായം നല്‍കി വരികയാണ്. വീട്ടുജോലികള്‍ ചെയ്തു കഴിഞ്ഞ വല്‍സലക്ക് ലഭിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ അവള്‍ ഇന്ന് ഒരു ആശുപത്രിയിലെ റിസപ്ക്ഷനിസ്റ്റ് ആയി ജോലി നോക്കുന്നു.

ചെറിയ രീതിയിലാണ് ആരംഭിച്ചതെങ്കിലും പ്രാഥമിക വിദ്യഭ്യാസം മാത്രമല്ല കുട്ടികള്‍ക്ക് ലഭിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം അവരുടെ ഭാവി കണ്ടെത്താനും ഇതവരെ സഹായിച്ചു. കമ്പ്യൂട്ടറിലും ഇംഗ്ലീഷ് ഭാഷയിലും അടിസ്ഥാന വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയും വിദ്യ നടത്തി. കഴിവുകള്‍ പരിശീലിപ്പിക്കുകയും ആരോഗ്യം, അവകാശങ്ങള്‍, പരിസ്ഥിതി, സാക്ഷരത, സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ മാത്രമല്ല. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഗ്രേഡ് പരീക്ഷകളില്‍ പരിശീലനം നല്‍കുകയും ചെയ്തു.

സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനു പുറമെ അവരുടെ ജീവിത മാര്‍ഗം കണ്ടെത്തുന്നതിനുള്ള വഴികളും കണ്ടെത്താന്‍ രശ്മി സഹായിച്ചു. അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് ചെറുകിട ലോണുകള്‍ സംഘടിപ്പിച്ച് നല്‍കുകയും ചെയ്തു. എന്‍ ജി ഒ കളും സ്ത്രീകളുടെ സംരംഭങ്ങള്‍ വളര്‍ത്തുന്നതിനും അവരുടെ കരകൗശല ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും സഹായിച്ചു. വന്‍കിട ചെറുകിട കമ്പനികള്‍ക്കായി അവര്‍ ഒരു ക്യാന്റീനും കാറ്ററിംഗ്‌ സര്‍വീസും ആരംഭിക്കുകയും ചെയ്തു.ഇങ്ങനെ നിരവധി അനവധി വഴികളിലൂടെ സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി നിലകൊള്ളുകയാണ് രശ്മിയുടെ വിദ്യ.