സഹകരണ മേഖലയില്‍ ഏകീകൃത സോഫ്ട്‌വെയര്‍ മാര്‍ച്ചിനകം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  

0

സഹകരണമേഖലയില്‍ ഏകീകൃത സോഫ്ട്‌വെയര്‍ ഏര്‍പ്പെടുത്താന്‍ മാര്‍ച്ച് 31നകം നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സഹകരണമേഖലയെ സംബന്ധിച്ച അനാവശ്യ ആക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സിനുശേഷം യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

കെ.വൈ.സി, ഐ.ടി നിബന്ധനകള്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പാലിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) നിബന്ധന പ്രാഥമിക ബാങ്കുകള്‍ പാലിക്കുന്നില്ല എന്ന ആക്ഷേപത്തിന് അറുതി വരുത്താനാണിത്.

ഡിസംബര്‍ 10 മുതല്‍ ജനുവരി 10 വരെ സഹകരണ സംരക്ഷണ മാസാചരണം സംഘടിപ്പിച്ച് വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തും. സഹകരണമേഖല സംരക്ഷണ കാമ്പയിന്‍ എന്ന പേരില്‍ സഹകാരി സംഗമങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 10ന് സംസ്ഥാനതല സംഗമം മലപ്പുറത്ത് നടത്തും. 20ന് മുമ്പ് ജില്ലാതലത്തിലും പ്രാഥമികസംഘതലത്തിലുമുള്ള സംഗമങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഡിസംബര്‍ 18ന് കേരളത്തിലെ പതിനായിരക്കണക്കിന് സഹകാരികള്‍ സംസ്ഥാനത്തുള്ള എല്ലാ വീടുകളും സന്ദര്‍ശിച്ച് ഗൃഹസമ്പര്‍ക്ക പരിപാടി നടത്തും. നിക്ഷേപ സമാഹരണ പരിപാടിയും സഹകരണ സംരക്ഷണ മാസാചരണത്തോടനുബന്ധിച്ച് തീരുമാനിച്ചിട്ടുണ്ട്. സഹകരണ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതിനാല്‍ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല.

പ്രാഥമികബാങ്കുകളില്‍ നിന്ന് നിക്ഷേപകര്‍ക്ക് പണ പിന്‍വലിക്കാന്‍ സൗകര്യമൊരുക്കാന്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ മിറര്‍ അക്കൗണ്ടുകള്‍ ആരംഭിക്കും. പ്രാഥമിക ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇതുവഴി ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പണം പിന്‍വലിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

സഹകരണ ബാങ്കുകളില്‍ 1624 കോടി രൂപയുടെ പഴയ കറന്‍സിയുണ്ടെന്നാണ് മനസിലാക്കുന്നത്. ഇത് ആര്‍.ബി.ഐയുടെ അനുമതിയോടെ എത്രയും പെട്ടെന്ന് ഏറ്റെടുപ്പിക്കുന്നതിനുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തും. സഹകരണ ബാങ്കുകളില്‍ ബദല്‍ പണവിനിമയ മാര്‍ഗങ്ങള്‍ ആവശ്യത്തിനനുസരിച്ച് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.