പ്രധാനമന്ത്രിയുടെ ശ്രദ്ധക്ക്; ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശ്രദ്ധ ശര്‍മ്മ

പ്രധാനമന്ത്രിയുടെ ശ്രദ്ധക്ക്; ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശ്രദ്ധ ശര്‍മ്മ

Wednesday November 04, 2015,

2 min Read

നാടിനെ നടുക്കി കഴിഞ്ഞ ഡിസംബറില്‍ വനിതാ എക്‌സിക്യൂട്ടിവിനെ മാനഭംഗം ചെയ്ത യൂബര്‍ ടാക്‌സി ഡ്രൈവര്‍ ശിവ് കുമാര്‍ യാദവിന് ഡല്‍ഹി കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിട്ട് ദിവസങ്ങളേ ആയുള്ളൂ. മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവത്തില്‍ യുവര്‍‌സ്റ്റോറി സ്ഥാപക ശ്രദ്ധ ശര്‍മ്മ തന്റെ ലേഖനത്തിലൂടെ ഒരു വര്‍ഷം മുമ്പ് പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ ഇന്നും പ്രസക്തമാണ്. രാജ്യത്ത്‌ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ശ്രദ്ധ ശര്‍മ്മയുടെ ലേഖനം വായനക്കാരുടെ മുന്നില്‍ പുനര്‍വായനക്കായി സമര്‍പ്പിക്കുന്നു.

image


'ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നല്ല ദിനങ്ങള്‍ എന്നു വരും? പ്രധാനമന്ത്രിയുടെ ശ്രദ്ധക്ക്' എന്ന തലക്കെട്ടില്‍ ശ്രദ്ധ ശര്‍മ എഴുതിയ ലേഖനത്തിലേക്ക്

'ഇന്ത്യയില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് അപകടമാണോ ? 'ഇന്നൊരു യൂബര്‍ ടാക്‌സി ഡ്രൈവര്‍ എന്നോട് ചോദിച്ച ചോദ്യമാണിത് . ഓര്‍ക്കാപ്പുറത്തായിരുന്നു ചോദ്യം. സത്യത്തില്‍ അയാളോട് എന്ത് മറുപടി പറയണം എന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ചു. സത്യത്തില്‍ ഒരു ഉത്തരവും എന്റെ മനസില്‍ തെളിഞ്ഞില്ല 'ഹേയ്, അങ്ങനെയൊന്നുമല്ല, ഇതൊക്കെ ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നതാണ്. എന്തിന് ഇന്ത്യയെ മാത്രം പഴിക്കണം, എന്ന് പറയണോ, അതോ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല, പക്ഷെ തിരിച്ചു വീട്ടിലെത്തുമോയെന്നു ഒരു ഉറപ്പുമില്ല എന്ന് അയാള്‍ പറഞ്ഞത് ശരിവെച്ചു കൊണ്ട് ഉത്തരം നല്‍കണോ എന്ന സംശയത്തിലായിരുന്നു ഞാന്‍.

ഡല്‍ഹിയിലെ യൂബര്‍ ടാക്‌സി സംഭവം അത്ര നിസ്സാരമല്ല . ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അന്താരാഷ്ട്രതലത്തില്‍പ്പോലും വലിയ ചീത്തപ്പേര് ഇന്ത്യക്ക് ഉണ്ടാക്കുന്നതുമാണ് . മറ്റു പലരേയുംപോലെ അങ്ങ് അധികാരത്തില്‍ എത്തിയപ്പോള്‍ ഒരുപാട് സന്തോഷിച്ചയാളാണ് ഞാനും. നിങ്ങള്‍ മാറ്റത്തെ പ്രതിനിധീകരിച്ചു .മറ്റു പല വിഷയങ്ങളിലും എന്നപോലെ സ്ത്രീകളുടെ പൊതുവായ മോശം അവസ്ഥയില്‍നിന്നും ഒരു മാറ്റം ഞാനും പ്രതീക്ഷിച്ചു . കാരണം , താങ്കള്‍ പറഞ്ഞിരുന്നല്ലോ സ്ത്രീകളും യുവാക്കളും കര്‍ഷകരുമാണ് താങ്കളുടെ ആദ്യ പരിഗണനയെന്ന് .

ഒരുപാട് നാളുകളായി 'നല്ല ദിവസങ്ങള്‍ക്കായി' നോമ്പ് നോറ്റിരിക്കുകയാണ് രാജ്യത്തെ സ്ത്രീകള്‍ . 'യത്ര നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത' (എവിടെ സ്ത്രീകള്‍ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ പ്രസാദിക്കുന്നു) എന്നാണു ഞങ്ങള്‍ പഠിച്ചിരിക്കുന്നത്. എന്നാല്‍ , ഞങ്ങള്‍ മനസ്സിലാക്കി ഈ പറഞ്ഞത് ഞങ്ങളെക്കുറിച്ചോ ഈ രാജ്യത്തെക്കുറിച്ചോ അല്ല എന്ന് .

ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ എതിരാളികള്‍ ചെയ്യുന്നതുപോലെ ഈ നാട്ടില്‍ നടക്കുന്ന ബലാല്‍സംഗങ്ങളുടെയൊക്കെ പേരില്‍ താങ്കളെ ക്രൂശിക്കാനോ പഴിക്കാനോ ഞാനില്ല . കാരണം , ഇതൊന്നും ഈ രാജ്യത്തെ ആദ്യ സംഭവമല്ല . മുമ്പും ഇതൊക്കെയുണ്ടായിട്ടുണ്ട്.

ബലാല്‍സംഗം ആവര്‍ത്തിക്കാതിരിക്കാന്‍ യൂബര്‍ ടാക്‌സികള്‍ നിരോധിക്കുന്നതുപോലെയുള്ള ബോധിപ്പിക്കല്‍ നടപടികള്‍ക്കു പകരം കര്‍ശനവും കാര്യക്ഷമവുമായ നടപടികള്‍ അങ്ങ് സ്വീകരിക്കണം . നമുക്കറിയാവുന്നതുപോലെ ഈ സംഭവവും കുറച്ചുദിവസം നീളുന്ന മാധ്യമ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും ശേഷം എല്ലാവരും മറക്കും .

image


സ്ത്രീശാക്തീകരണത്തെപ്പറ്റി സംസാരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ഓര്‍മ്മയിലുണ്ടാകണമെന്ന് താത്പര്യപ്പെടുന്നു

1. ഒന്നോ ഒരു കൂട്ടം സ്ത്രീകളെയോ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നതോ അവരെ അധികാരസ്ഥാനങ്ങളില്‍ അവരോധിക്കുന്നതോ മാത്രമല്ല സ്ത്രീശാക്തീകരണം. രാജ്യത്തെ പുരുഷന്മാരെക്കൂടി വിശ്വാസത്തില്‍ എടുത്തുകൊണ്ടു സുസ്ഥിരമായ ചില പദ്ധതികളിലൂടെ മാത്രമേ സ്ത്രീശാക്തീകരണം സാധ്യമാകൂ. തൊലിപ്പുറത്തെ മിനുക്കലിനു പകരം ആഴത്തിലുള്ള അശ്രാന്ത പരിശ്രമം ഇതിനു കൂടിയേ തീരൂ. നിരോധനങ്ങളും അവ ലംഘിച്ചാല്‍ ശിക്ഷകളും ഒക്കെ മുന്‍ സര്‍ക്കാരും ആലോചിച്ചതാണ്. അതുകൊണ്ട് ഒരു ഫലവുമുണ്ടാകില്ല . മുട്ടുശാന്തി എന്ന പോലെ വേഗത്തില്‍ ഒരു പരിഹാരം എന്നതിലുപരി കാരണം കണ്ടെത്തി അതിനു പരിഹാരം ഉണ്ടാക്കണം . അതാണ് താങ്കളില്‍നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും .

2. താങ്കളുടെ സ്വച്ഛ ഭാരത് അഭിയാന്‍ പോലെ യുവാക്കളെയും സമൂഹത്തെയാകെയും ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെയുള്ള പരിപാടികള്‍ എന്തുകൊണ്ട് ആസൂത്രണം ചെയ്തുകൂടാ? മാധ്യമങ്ങളിലൂടെ ഈ സന്ദേശം രാജ്യം മുഴുവന്‍ വ്യാപിക്കട്ടെ .

3. സ്ത്രീകളെ മാത്രം പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്ന പതിവില്‍നിന്നും വ്യത്യസ്തമായി സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നപുരുഷന്മാര്‍ക്കായി 'പുരുഷോത്തം' അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക . അങ്ങനെയുള്ള പുരുഷന്മാരെ പ്രാദേശികതലത്തില്‍പ്പോലും കണ്ടെത്തി അംഗീകരിക്കണം.

'നിരോധനങ്ങള്‍ ഭീതി സൃഷ്ടിച്ചേക്കാം. എന്നാല്‍, അതൊരിക്കലും ബഹുമാനം കൊണ്ടുവരുന്നില്ല'. ആ ബഹുമാനമാണ് ഇന്ന് നമ്മുടെ രാജ്യത്ത് ഇല്ലാത്തതും.