തിരഞ്ഞെടുക്കാനുള്ള വിവേചന സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്ക്: സതീഷ് ബാബു സേനന്‍

0

എന്തുകാണണം എന്തുകാണേണ്ട എന്ന് തിരഞ്ഞെടുക്കുന്നതിനുളള വിവേചന സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുള്ളപ്പോള്‍ സംവിധായകര്‍ ത്യാഗത്തോടെ രൂപപ്പെടുത്തുന്ന കലാസൃഷ്ടിയിന്‍മേല്‍ കത്രിക വയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമില്ലെന്ന് സംവിധായകന്‍ സതീഷ് ബാബുസേനന്‍. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ ടഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'ചായം പൂശിയ വീടി'ന്റെ സംവിധായകരില്‍ ഒരാളായ അദ്ദേഹം.

മൂന്ന് നഗ്‌ന രംഗങ്ങളുണ്ടെന്ന പേരില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ചിത്രത്തിന് മേളയില്‍ മാത്രമാണ് പ്രദര്‍ശനത്തിനുള്ള അവസരം ലഭിച്ചത്. ഗോവന്‍ ചലച്ചിത്രമേളയില്‍ അവസരം ലഭിച്ചില്ല. സംവിധായകരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സമൂഹം മാനിക്കണമെന്നും സതീഷ് വ്യക്തമാക്കി.

മനുഷ്യരുടെ ബാഹ്യആന്തരിക ചിന്തകളുടെ ബന്ധത്തെ അനാവരണം ചെയ്യുന്നതിനുള്ള ശ്രമമാണ് ചായം പൂശിയ വീടെന്ന് സംവിധായകരില്‍ മറ്റൊരാളായ സന്തോഷ് ബാബുസേനന്‍ പറഞ്ഞു. സിനിമകള്‍ ഓണ്‍ ലൈനില്‍ സജീവമാകുന്ന സാഹചര്യത്തിലാണ് പ്രതീക്ഷ. ഓണ്‍ലൈന്‍ സിനിമകള്‍ക്ക് സെന്‍സര്‍ മാനദണ്ഡങ്ങളെ ഭയക്കേണ്ടതില്ല. കടുത്ത സെന്‍സര്‍ഷിപ്പിനെതിരെ ശബ്ദിക്കാന്‍ സിനിമാ ലോകം ഒന്നടങ്കം മുന്നിട്ടിറങ്ങണമെന്നും അതിനുള്ള ചവിട്ടുപടിയാണ് തങ്ങളുടെ സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് ചായംപൂശിയ വീടെന്ന് നടന്‍ അക്രം മുഹമ്മദ് പറഞ്ഞപ്പോള്‍ നായികയായ നേഹാ മഹാജന്‍ സ്ത്രീത്വത്തിന്റെ ആഘോഷമാണ് ചിത്രമെന്ന് അഭിപ്രായപ്പെട്ടു.

കസാക്കിസ്ഥാനില്‍ സിനിമാമേഖലയില്‍ യുവതാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും വര്‍ഷത്തില്‍ അഞ്ചോ ആറോ വാണിജ്യ ചിത്രങ്ങള്‍ അവിടെ പുറത്തിറങ്ങാറുണ്ടെന്നും മേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ബോപെന്‍ എന്ന കസാക്ക് ചിത്രത്തിലെ നായകന്‍ അയ്ക്കീന്‍ കാലികോവ് പറഞ്ഞു. ഷാന സഹൈബിന്റെ ചിത്രങ്ങള്‍ക്കായി സംഘാടനം ഏറ്റെടുത്തിരുന്നതിനെ തുടര്‍ന്നാണ് ബോപെനില്‍ നായക സ്ഥാനം ലഭിച്ചത്. രാജ് കപൂര്‍, മിഥുന്‍ ചക്രബര്‍ത്തി സിനിമകള്‍ ചെറുപ്പത്തില്‍ ആസ്വദിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സിനിമകളോടുള്ള അഭിനിവേശത്തിന് അത് പ്രേരകമായതായും അദ്ദേഹം വ്യക്തമാക്കി.

മലയാളം സിനിമയെ പശ്ചാത്തലമാക്കി കെ.ടി ഷാഹുല്‍ ഹമീദ് രചിച്ച പത്തോളം കഥകളുടെ സമാഹാരമായ താരങ്ങള്‍ വെടിയേറ്റ് വീണ രാത്രി എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ് നാഥ് പ്രകാശനം ചെയ്തു. സംവിധായകനും അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ടി.കെ. രാജീവ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഐഡി സംവിധായകന്‍ കെ.എം. കമലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.