പട്ടികജാതി-പട്ടികവര്‍ഗ്ഗ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജാഗ്രത കാണിക്കും: മുഖ്യമന്ത്രി

0

പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഗൗരവമായി പരിഗണിച്ച് പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സാമൂഹിക സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മേഖലയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ 1 വര്‍ഷത്തിനുളളില്‍ സര്‍ക്കാര്‍ കുറെ നല്ല കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അത് എത്രത്തോളം ഫലപ്രദമാക്കാനാവുമെന്ന് മനസ്സിലാക്കാനാണ് യോഗം ചേര്‍ന്നത്. ലൈഫ് പദ്ധതി വരുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ നിലവിലുളള ഭവനനിര്‍മ്മാണ പദ്ധതികള്‍ക്ക് ചില തടസ്സങ്ങള്‍ വരും എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. എയിഡഡ് മേഖലയിലും പി.എസ്.സിയിലും ഉളള നിയമനങ്ങളില്‍ സംവരണം ഉറപ്പുരുത്താന്‍ നടപടിയെടുക്കും. ഇക്കാര്യത്തില്‍ ചില സമവായങ്ങള്‍ ഉണ്ടാകാനുണ്ട്. പട്ടികജാതി- പട്ടികവര്‍ഗ്ഗ മേഖലയില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ എല്ലാവരുടെയും സഹായവും പിന്തുണയുമുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരള സമൂഹത്തിന്റെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗക്കാരുടെയും 1.45 ശതമാനം വരുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെയും ക്ഷേമത്തിനും വികസനത്തിനും പ്രധാന മുന്‍ഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളും പിന്നോക്കാവസ്ഥയും ഈ മേഖലയിലുണ്ട്. അവ പരിഹരിക്കാന്‍ ശക്തവും ആസൂത്രിതവുമായ നടപടികള്‍ ഉണ്ടാകും.

പ്രതിസന്ധികള്‍ക്കിടയിലും പിന്നോക്ക സമുദായ വകുപ്പ് 93 ഉം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 95.42 ഉം പട്ടികജാതി വികസന വകുപ്പ് 83 ശതമാനവും പദ്ധതി തുക ചിലവഴിച്ചു. പട്ടികജാതിക്കാരുടെ 4567 വീടുകളും പട്ടികവര്‍ഗ്ഗക്കാരുടെ 4965 വീടുകളും പൂര്‍ത്തിയാക്കി. എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഉയര്‍ത്തി. മുഴുവന്‍ പ്രീമട്രിക്, പോസ്റ്റ്മട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും നവീകരിച്ചു. പട്ടികജാതിക്കാരായ 69413 കുടുംബങ്ങളുടെ കടം എഴുതിത്തള്ളുവാനായി 89 കോടി രൂപ അനുവദിച്ചു. പട്ടികവര്‍ഗ്ഗ മേഖലയില്‍ 2159 കുടുംബങ്ങളുടെ കടബാധ്യത എഴുതിത്തള്ളുവാന്‍ 6.17 കോടി രൂപ നല്‍കി. പട്ടികജാതിക്കാര്‍ക്ക് ചികിത്സാ സഹായമായി 23073 പേര്‍ക്ക് 46 കോടി രൂപയും പട്ടികവര്‍ഗ്ഗക്കാരുടെ സമഗ്ര ആരോഗ്യ സംരക്ഷണ പരിപാടിയില്‍ 30.18 കോടി രൂപയും അനുവദിച്ചു. രണ്ടോ മൂന്നോ വര്‍ഷത്തിനകം പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും ഭവനരാഹിത്യവും ഭൂരാഹിത്യവും വകുപ്പിന്റെ പദ്ധതികളിലും ലൈഫ് മിഷന്റെ ഭാഗമായും പരിഹരിക്കപ്പെടും. ഏതാണ്ട് ഒരു ലക്ഷത്തോളം വീടുകളാണ് ഈ മേഖലയില്‍ ഇപ്പോള്‍ ആവശ്യമുള്ളത്. 40,000 ത്തോളം വീടുകളുടെ പണി നടന്നുവരികയാണെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, കെ.സോമപ്രസാദ് എം.പി, എം.എല്‍.എമാരായ ബി സത്യന്‍, എസ്. രാജേന്ദ്രന്‍, ആര്‍. രാജേഷ്, മുന്‍ എം.എല്‍.എ മാരായ യു.സി.രാമന്‍, കെ.കെ. ഷാജു, കോഴിമല രാജാവ്, സംഘടനാനേതാക്കളായ പുന്നല ശ്രീകുമാര്‍, രാമഭദ്രന്‍, ബിനുകുമാര്‍, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.