ജനമനസില്‍ നിയമം ലളിതമാക്കാന്‍ ലോടൂണ്‍സ്‌

0

നമ്മളില്‍ എത്ര പേര്‍ക്ക് നിയമങ്ങളെക്കുറിച്ചറിയാം. ദൈനംദിന ജീവിതത്തില്‍ നമ്മള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് പോലും പലരും അജ്ഞരാണ്. ഓര്‍ത്തുവയ്ക്കുക പ്രയാസമായതിനാല്‍ തന്നെ നിയമങ്ങളെക്കുറിച്ച് മനസിലാക്കാന്‍ നമ്മള്‍ ശ്രമിക്കാറില്ലെന്നതാണ് വസ്തുത. എന്നാല്‍ നിയമങ്ങള്‍ ഒരു കഥാ രൂപത്തില്‍ അവതരിപ്പിച്ചാലോ? കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ഓര്‍ത്തുവെയ്ക്കാനും എളുപ്പമാണ്. ആശയം നിയമജ്ഞരായ രണ്ട് സഹോദരിമാരുടേതാണ്. കനന്‍ ധ്രു, കെല്ലി ധ്രു ഇവരാണ് കഥക്ക് പിന്നിലെ താരങ്ങള്‍. ഇതിനായി ലോ ടൂണ്‍സ് എന്ന സ്ഥാപനം തന്നെ ഇരുവരും ചേര്‍ന്ന് ആരംഭിച്ചു. കുട്ടികള്‍ക്ക് മനസിലാക്കാന്‍ വേണ്ടിയാണ് ലോ ടൂണ്‍സ് ആരംഭിച്ചതെങ്കിലും പ്രായഭേദമന്യേ എല്ലാവരും ഇപ്പോള്‍ ഇവരുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നുണ്ട്.

കഥകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും തമാശ രൂപേണ നിയമങ്ങള്‍ ജനങ്ങളുടെ മനസുകളിലെത്തിക്കാന്‍ കനനും കെല്ലിയും നടത്തുന്ന ശ്രമങ്ങള്‍ക്ക് വലിയ വിജയമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അഞ്ച് വര്‍ഷം മുമ്പ് വരെ രാജ്യത്തിന്റെ നിയമ പരിഷ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും. അതിന് ശേഷമാണ് ഇരുവരും റിസര്‍ച്ച് ഫൗണ്ടേഷന്‍ ഗവേര്‍ണന്‍സ് ഇന്‍ ഇന്ത്യ എന്ന സ്ഥാപനം തുടങ്ങിയത്. പ്രധാനമന്ത്രിയുടെ നിര്‍ദേശക സമിതി അംഗമായി നാഷണല്‍ നോളജ് കമ്മീഷനില്‍ പ്രവര്‍ത്തികവെയാണ് കനന് കുട്ടികളെ എളുപ്പത്തില്‍ നിയമം മനസിലാക്കിക്കണം എന്ന ആശയമുദിച്ചത്. ഇതിനുവേണ്ടി എന്തെങ്കിലും തുടങ്ങണമെന്ന ചിന്ത സഹോദരി കെല്ലിയോട് പങ്കുവച്ചു.

കെല്ലി ആ സമയത്ത് വേള്‍ഡ് ബാങ്കിനുവേണ്ടി ഗവേഷണ പ്രോജക്ട് നടത്തുന്ന ജോലിയിലായിരുന്നു. കനന്റെ ആശയത്തിന് കെല്ലിയുടെ പൂര്‍ണ പിന്തുണ ലഭിച്ചു. അതിന് ശേഷമാണ് ഇരുവരും ലോ ടൂണ്‍സ് എന്ന സ്ഥാപനത്തിലേക്ക് കടന്നത്. പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കുന്നതുപോലെ നിയമങ്ങള്‍ പാഠങ്ങളാക്കി കുട്ടികളിലേക്കെത്തിക പ്രായോഗികമല്ലെന്ന് ഇരുവരും മനസിലാക്കിയിരുന്നു. പുസ്തക രൂപേണെ അവതരിപ്പിക്കുന്നത് കുട്ടികളുടെ ഓര്‍മ്മയില്‍ നില്‍ക്കില്ല. കുട്ടികള്‍ അത് വായിച്ച് മനസിലാക്കാന്‍ നിര്‍ബന്ധിതരാകുന്ന രീതിയില്‍ നിയമങ്ങള്‍ കുട്ടികളിലെത്തിക്കണം. ഇതിന് തമശ രൂപേണെയുള്ള കാര്‍ട്ടൂണുകളും കഥകളുമാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ഇരുവരും തിരിച്ചറിഞ്ഞു.

നിയമങ്ങളും അവകാശങ്ങളും എളുപ്പത്തില്‍ മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ലോ ടൂണ്‍സ് ചെയ്യുന്നത്. കുട്ടികള്‍ക്കുള്ള മനശാസ്ത്രജ്ഞരെ സമീപിച്ചാണ് കുട്ടികളുടെ മനസില്‍ പെട്ടെന്ന് ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ കാര്‍ട്ടൂണുകള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ ഇരുവരും മനസിലാക്കിയത്. കുട്ടികള്‍ക്ക് വേണ്ടി തുടങ്ങിയതാണെങ്കിലും പ്രായഭേദമന്യേ എല്ലാവരും ലോ ടൂണ്‍സിന്റെ കാര്‍ട്ടൂണുകള്‍ വായിക്കുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ചെയ്യാനാകാത്ത തരത്തിലാണ് ലോ ടൂണ്‍സ് നിയമങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നത്.

അധ്യാപനത്തിലും ഡിസൈനിംഗിലും വിദഗ്ധരായവര്‍ ലോ ടൂണ്‍സിലുണ്ട്. ഇവരാണ് കാര്‍ട്ടൂണുകള്‍ക്ക് ആവശ്യമായ സാരങ്ങള്‍ നല്‍കുന്നത്. മനുഷ്യാവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, ചുമതലകള്‍ ഇതെല്ലാം കാര്‍ട്ടൂണുകള്‍ക്ക് വിഷയങ്ങളാകുന്നുണ്ട്. ലോ ടൂണ്‍സിന്റെ ആദ്യ പതിപ്പ് 2014ല്‍ ആണ് പുറത്തിറക്കിയത്. വിവിധ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ഇത് വിതരണം ചെയ്തത്. കുട്ടികളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഇരുവരും പറയുന്നു. മിക്കവരും അവരുടെ പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കിയാണ് ലോ ടൂണ്‍സ് വായിച്ചത്. നര്‍മങ്ങള്‍ പിന്നിലെ നിയമങ്ങള്‍ മനസിലാക്കാനും കുട്ടികള്‍ക്കായിട്ടുണ്ട്. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളായ സമത്വം, സ്വാതന്ത്ര്യം, അഭിപ്രായ പ്രകടനം ഇവയെക്കുറിച്ചാണ് ആദ്യ പതിപ്പില്‍ പരാമര്‍ശിച്ചത്.

കാര്‍ട്ടൂണ്‍ കഥാപാത്രമായ പഗ്ലുവിനെ കേന്ദ്രീകരിച്ചാണ് ആദ്യ പതിപ്പ് പുറത്തിറക്കിയത്. ഇത് യുവ വായനക്കാരില്‍നിന്ന് വലിയ അംഗീകാരമാണ് നേടിയത്. ആദ്യ പതിപ്പില്‍നിന്ന് തന്നെ ലഭിച്ച പ്രതികരണം ലോ ടൂണ്‍സിന് വലിയ പ്രചോദനമാണ് ഉണ്ടാക്കിയിട്ടുള്ളത്. അടുത്തതായി കാര്‍ട്ടൂണുകളുടെ ഒരു സംക്ഷിപ്ത രൂപം പുറത്തിറക്കാനുള്ള ശശ്രമത്തിലാണ് ഇരുവരും. ലഭിക്കുന്ന ഫണ്ടിനനുസരിച്ച് ലോ ടൂണ്‍സ് കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ഇവരുടെ ശ്രമം. ഫണ്ട് ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴി ലോടൂണ്‍സ് കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്ന് കനനും കെല്ലിയും പറയുന്നു.