കള്ളന്‍മാരില്‍ നിന്ന് രക്ഷ നേടാന്‍ സി സി ടിവികളുമായി വ്യാപാരികള്‍

കള്ളന്‍മാരില്‍ നിന്ന് രക്ഷ നേടാന്‍ സി സി ടിവികളുമായി വ്യാപാരികള്‍

Monday December 14, 2015,

2 min Read

കള്ളന്‍മാരില്‍ നിന്നും കടകളെ സംരക്ഷിക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നു. ഇതിന്റെ ആദ്യഘട്ടം ഊരൂട്ടമ്പലത്ത് നടപ്പാക്കി കഴിഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ഊരൂട്ടമ്പലം യൂനിറ്റ് അംഗങ്ങളില്‍ നിന്നാണ് ഫണ്ട് ശേഖരിച്ചാണ് പദ്ധതി നടപ്പാക്കിയത്. രണ്ട് ലക്ഷം രൂപയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി ചെലവഴിച്ചത്. പദ്ധതി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

image


അടുത്തകാലത്ത് മോഷണം നടന്ന കടകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തായിരിക്കും ആദ്യം ക്യാമറകള്‍ സ്ഥാപിക്കുക. കേരള വ്യാപാരി വ്യവസായി ഏകോപന സമതി അംഗങ്ങളുമായി മാറനല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് ചന്ദ്രസേനന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു ആശയം ഉദിച്ചത്. കഴിഞ്ഞ ദിവസം ഊരുട്ടമ്പലത്ത് ഒരു കടയില്‍ കയറിയ മോഷ്ടാക്കള്‍ കുടങ്ങിയത് സി സി ടി വി ക്യാമറകളുടെ സഹായത്തോടെയാണ്.

എട്ട് സി സി ടി വി ക്യാമറകളാണ് കടകള്‍ക്ക് മുമ്പില്‍ 18 അടി ഉയരത്തില്‍ 200 അടി അകലത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. റോഡിന് വശങ്ങളിലായി ക്യാമറകള്‍ സ്ഥാപിക്കാന്‍ പി ഡബ്‌ള്യു ഡിയുടെ അനുമതി ലഭിച്ചു കഴിഞ്ഞു.

image


കടകള്‍ക്ക് മാത്രമല്ല പരിസരത്തുള്ള വീടുകള്‍ക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. പോലീസ് കണ്‍ട്രോള്‍ റൂമുമായി ക്യാമറകള്‍ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പദ്ധതി ജില്ലയില്‍ വിജയിച്ചാല്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമതിയുടെ തീരുമാനം.

നഗരത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന വ്യാപാരകേന്ദ്രമായ കോട്ടക്കകത്തെ സാമൂഹികവിരുദ്ധരുടെ ശല്യം തടയുന്നതിന് നിരീക്ഷണ ക്യാമറകള്‍ വെക്കേണ്ടത് അനിവാര്യമാണ്. നിയമം അനുശാസിക്കുന്ന രീതിയില്‍ കടയിലും റോഡരികിലും വ്യാപാരികള്‍ക്ക് ക്യാമറകള്‍ സ്ഥാപിക്കാന്‍ കഴിയും. പ്രദേശം കേന്ദ്രീകരിച്ച് പോക്കറ്റടി, മാലമോഷണം, മദ്യപിച്ച് സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നിവയെല്ലാം കൂടുന്ന സാഹചര്യത്തില്‍ പോലീസിന് വ്യാപാരികളുടെ സഹായവും ലഭിച്ചാല്‍ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ തടയാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

image


തുണിക്കടകള്‍, ജ്വല്ലറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ എല്ലാത്തരം വ്യാപാരകേന്ദ്രങ്ങളും തിങ്ങിനിറഞ്ഞ് കാണുന്ന വ്യാപാര കേന്ദ്രമായ കിഴക്കേകോട്ടയില്‍ ഉത്സവകാലം അടുക്കുമ്പോള്‍ തെരുവ് വ്യാപാരികളെക്കൊണ്ട് നിറയും. ജനങ്ങളുടെ വരവ് കൂടുന്നതിന് അനുസരിച്ച് പോക്കറ്റടി, മാലമോഷണം എന്നിവയും കൂടിവരും. ഇതിനായി അന്യസംസ്ഥാന മോഷ്ടാക്കളടക്കമുള്ള ക്രിമിനലുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് പോലീസിന് ഇതിനോടകം വിവരം ലഭിച്ചു കഴിഞ്ഞു. കടകള്‍ക്ക് പുറത്ത് സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകള്‍ രാത്രികാലങ്ങളിലും പ്രവര്‍ത്തിപ്പിക്കാമെന്ന് വ്യാപാരികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

മോഷ്ടാക്കള്‍ ഏതൊക്കെ രീതിയിലാണ് മോഷണം നടത്തുന്നത് എന്നതിനെക്കുറിച്ചുള്ള വിവരം വ്യാപാരികള്‍ക്ക് പോലീസ് നല്‍കും. നടപ്പാതകളില്‍ വഴിയോര വ്യാപാരം കര്‍ശനമായി നിരോധിക്കും.