സി ഇ ടി ഇന്‍കുബേറ്ററില്‍ ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പ് ഉത്പ്പന്നമായി മെഡ്പിക്കി

5

കേരളത്തിലെ ആദ്യത്തെ എന്‍ജിനിയറിംഗ് കോളേജായ സി ഇ ടിയിലെ ടി ബി ഐയില്‍ നിന്നുള്ള ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പ് മെഡ്പിക്കി വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്തു. കേരളത്തിലെ സമ്പത്ത് മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വന്‍കിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവുള്ള കേരളത്തിന്റെ വ്യാവസായിക ഭാവി സ്റ്റാര്‍ട്ട് അപ്പുകളിലാണ്. സ്റ്റാര്‍ട്ട് ആപ്പ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മേഖലയിലെ കുത്തകവല്‍ക്കരണത്തിന് ഒരു പരിധി വരെ തടയിടാന്‍ മെഡ്പിക്കി പോലുള്ള ആരോഗ്യ രംഗത്തെ സ്റ്റാര്‍ട് ആപ്പുകള്‍ സഹായകരമാകുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.എസ് ശബരിനാഥ് എം.എല്‍.എ പറഞ്ഞു. ഇന്ന് കേരളത്തിലെ ആരോഗ്യ രംഗം മാഫിയകളുടെ പിടിയിലാണ്. അതിനെതിരായ ഇത്തരം സംരഭങ്ങള്‍ യുവാക്കളുടെ സാമൂഹിക പ്രതിബദ്ധത കൂടിത്തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മെഡ്പിക്കി ആപ്ലിക്കേഷനിലൂടെ ആര്‍ക്കും അവരുടെ ആരോഗ്യസംബന്ധമായ സംശയങ്ങള്‍ ചോദിക്കുന്നതിനും ഡോക്ടര്‍മാരുടെ പക്കല്‍ നിന്നും മെഡിക്കല്‍ അഡൈ്വസ് നേടുന്നതിനും അതിലൂടെ നല്ലൊരു ഡോക്ടറെ തിരഞ്ഞെടുത്ത് ആ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എളുപ്പത്തില്‍ ലഭിക്കുന്നതിനും ഉതകുന്ന ഒരു ആപ്ലിക്കേഷനാണ് മെഡ്പിക്കി. കൂടാതെ നമ്മുടെ സ്ഥലത്തെ ഏറ്റവും നല്ല ഡോക്ടറെ കണ്ടു പിടിക്കുന്നതിനും അവരുടെ പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത, ജോലി ചെയ്യുന്ന ആശുപത്രി തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്പിലൂടെ അറിയുവാന്‍ സാധിക്കും. ഈ വര്‍ഷം ഏപ്രിലില്‍ ടെസ്റ്റ് പതിപ്പ് പുറത്തിറക്കിയ മെഡ്പിക്കി ആപ്ലിക്കേഷനില്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ 150ല്‍പ്പരം ഡോക്ടര്‍മാരും 500ല്‍ കൂടുതല്‍ ഉപയോക്താക്കളും ഉപയോഗിക്കുന്നുണ്ട്.

സി.ഇ.ടി പ്രിന്‍സിപ്പാള്‍ ഡോ. വൃന്ദ. വി. നായര്‍ അധ്യക്ഷയായിരുന്നു. ട്രസ്റ്റ് റിസേര്‍ച്ച് പാര്‍ക്ക് സി.ഇ.ഓ രാധാകൃഷ്ണന്‍ നായര്‍, മെഡ്പിക്കി സ്ഥാപകരായ ദീപക് ആര്‍.സി , സുജിത് എസ്, സി. ടി. ഓ. ജിഷ്ണു ആര്‍. എസ്., സി.ഇ.ടി ടി.ബി. ഐ കോ ഓര്‍ഡിനേറ്റര്‍ ഡോ. സാംസണ്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു