ജലത്തിനു മീതെ നടക്കുന്നയാള്‍

ജലത്തിനു മീതെ നടക്കുന്നയാള്‍

Sunday November 15, 2015,

2 min Read

ദ്വാരക പ്രസാദ് ഖുറേഷ്യ എന്ന എണ്‍പതുകാരന്റെ കഥയാണിത്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഖുറേഷ്യയുടെ കണ്ടുപിടിത്തങ്ങളുടെ കഥ. ജലത്തിനുമീതെ നടക്കണമെന്ന അസാധാരണമായ ഒരു സ്വപ്നമാണ് ഒരു സാധാരണ ഗ്രാമവാസിയായ ഖുറേഷ്യയെ പ്രശസ്തനാക്കിയത്. വെള്ളത്തിലോടിക്കാവുന്ന സൈക്കിളും വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ സഹായിക്കുന്ന ചെരിപ്പും വികസിപ്പിച്ചെടുത്താണ് അദ്ദേഹം ശ്രദ്ധേയനായത്. ഒരു ടെക്‌നിക്കല്‍ വിദ്യാഭ്യാസവുമില്ലാത്ത ഖുറേഷ്യക്കു മുതല്‍ക്കൂട്ടായിരുന്നത് സൈക്കിള്‍ വര്‍ക്ക്‌ഷോപ്പിലെ ജോലിമാത്രമായിരുന്നു. എണ്‍പതുകളുടെ തുടക്കത്തിലാണ് തന്റെ കണ്ടുപിടിത്തങ്ങളുമായി ഖുറേഷ്യ രംഗത്തെത്തിയത്. ഇന്നും ഇന്ത്യയിലെ പല ഗ്രാമീണ മേഖലകളിലും വെള്ളപ്പൊക്കത്തെ ചെറുക്കാന്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ കൂട്ടുപിടിക്കുന്നുണ്ട്.

image


വീട്ടിലെ ദാരിദ്ര്യം കൊണ്ട് പഠിത്തം മതിയാക്കേണ്ടിവന്ന അദ്ദേഹം മാതാപിതാക്കളെ സഹായിക്കാനാണ് ചെറു പ്രായത്തില്‍ തന്നെ സൈക്കിള്‍ ഷോപ്പില്‍ സഹായിയായി കൂടിയത്. ഈ ജോലി തന്നെയാണ് ഖുറേഷ്യയുടെ കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്. പിന്നീട് സൈക്കിള്‍ ഷോപ്പിലെ ജോലി മതിയാക്കി പാന്‍ഷോപ്പ് തുടങ്ങിയിട്ടും അദ്ദഹം സൈക്കിളിനെ അമിതമായി സ്‌നേഹിച്ചു. 1972ല്‍ തന്റെ 40ാം വയസില്‍ രാജ്യം ചുറ്റാനുള്ള തന്റെ ആഗ്രഹത്തിന് വാഹനമായി അദ്ദേഹം തിരഞ്ഞെടുത്തതും സൈക്കിളാണ്. ആ യാത്രയാണ് ദ്വാരക പ്രസാദ് ഖുറേഷ്യയെ ഒരു പ്രധാന കണ്ടുപിടിത്തത്തിന് ഉടമയാക്കിയത്. സൈക്കില്‍ യാത്രയുമായി പഞ്ചാബിലെ ജഗദാരിയില്‍ എത്തിയപ്പോള്‍ കാലാവസ്ഥ അനുകൂലമായിരുന്നില്ല. കനത്ത മഴയില്‍ ഗ്രാമത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയപ്പോഴാണ് വെള്ളത്തിനുമീതെ കൂടെ സഞ്ചരിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെയുള്ളില്‍ ഉദിച്ചത്. തുടര്‍ന്നാണ് കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന സൈക്കിള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തിലെത്തിയത്.

ഒഴിഞ്ഞ പാട്ടകള്‍ ഉപയോഗിച്ച് മൂന്നു മാസത്തെ പരിശ്രമം കൊണ്ട് ഖുറേഷ്യ തന്റെ ലക്ഷ്യത്തിലെത്തി. തന്റെ കണ്ടുപിടിത്തം ജനങ്ങളിലെത്തിക്കാനായി അദ്ദേഹത്തിന്റെ പിന്നീടുള്ള ശ്രമം. കടലില്‍ അഞ്ചുകിലോമീറ്ററോളം ദൂരം തന്റെ സൈക്കിളില്‍ സഞ്ചരിച്ച് ദ്വാരകയില്‍ അദ്ദേഹം ശ്രദ്ധനേടി. തുടര്‍ന്ന് അഹമ്മദാബാദിലെ കന്‍കാരിയ തടാകം, മുബൈയില്‍ ജുഹു മുതല്‍ നരിമാന്‍ പോയിന്റ് വരെയും ഗേറ്റ് വേ ഓഫ് ഇന്ത്യ മുതല്‍ എലഫെന്റ് കേവ്‌സ് വരെയും തന്റെ സൈക്കിളില്‍ സഞ്ചരിച്ച് അദ്ദേഹം ജനശ്രദ്ധ നേടി. 1980ലായിരുന്നു ഖുറേഷ്യയുടെ ഈ പരിശ്രമം. പിന്നീട് അദ്ദേഹം ശ്രമിച്ചത് ജലത്തിനു മുകളിലൂടെ സഞ്ചരിക്കുവാന്‍ ഒരു ചെരുപ്പ് വികസിപ്പിക്കാനാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സഹായകരമാകുമെന്ന വിശ്വാസത്തിലാണ് ഈ കണ്ടുപിടിത്തവുമായി ഖുറേഷ്യ മുന്നോട്ടപോയത്. തെര്‍മോക്കോള്‍ ഉപയോഗിച്ച് നിര്‍മിച്ച ഷൂവിന് മൂന്നടി നീളവു 10 ഇഞ്ച് വീതിയും 8 ഇഞ്ച് കനവും ഉണ്ട്. വിവിധ തരത്തില്‍ നിര്‍മിച്ച് പരീക്ഷിച്ച ശേഷമാണ് ഈ ആകൃതിയില്‍ ഷൂ യാഥാര്‍ഥ്യമായത്. പ്ലവന തത്വം ഉപയോഗിച്ചാണ് ഷൂ ഉപയോഗിച്ചാണ് വെള്ളത്തിനുമുകളിലൂടെ നടക്കാന്‍ ഷൂ സഹായകരമാകുന്നത്.

തന്റെ കണ്ടുപിടിത്തങ്ങള്‍ക്കു ശേഷം ദുര്‍ഗ പ്രസാദ് ഖുറേഷ്യ ഡല്‍ഹിയില്‍ എഷ്യാഡ് ഗെയിംസില്‍ പങ്കെടുത്താനെത്തി. എന്നാല്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു ബോട്ട് ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം തന്റെ സംരംഭങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തി. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഖുറേഷ്യയുടെ കണ്ടപിടിത്തത്തിന് ലോകത്തിനുമുന്നില്‍ അംഗീകാരം ലഭിച്ചു. 1082ല്‍ നടത്തിയ ഈ കണ്ടുപിടിത്തം ഇന്നും ഉപയോഗിക്കുന്നു എന്നതും ഖുറേഷ്യയ്ക്കു ലഭിച്ച അംഗീകാരമാണ്.