സുഭാഷിന്റെ സംഗീതത്തിലൂടെ ഒഴുകിയെത്തിയ പുനം ഫ്‌ളൂട്ട്

0


ഒരു വിനോദം സംരംഭമായി മാറിയ കഥയാണ് സുഭാഷ് താക്കൂറിന് പറയാനുള്ളത്. താന്‍ ഇഷ്ടപ്പെട്ട് ചെയ്യുകയും ആസ്വദിക്കുകയും ചെയ്തിരുന്ന വിനോദം സംരഭമാകുമ്പോള്‍ അതിന്റെ ഗുണനിലവാരത്തില്‍ കുറവ് വരാന്‍ ആരും ആഗ്രഹിക്കില്ല. അതേ ചിന്ത തന്നെയായിരുന്നു സുഭാഷിനും. ഫഌട്ട് വായനയില്‍ അതീവ തത്പരനായിരുന്ന സുഭാഷിന് താന്‍ ആഗ്രഹിച്ചിരുന്ന രീതിയിലുള്ള ഫഌട്ട് കിട്ടാതായതോടെയാണ് പുതിയവ നിര്‍മിക്കുകയും മറ്റുള്ളവര്‍ക്കും ലഭ്യമാക്കുകയും ചെയ്യണമെന്ന ചിന്ത മനസിലുണ്ടായത്. നിലവില്‍ പലരും വളരെ ഇഷ്ടപെട്ട് ഉപയോഗിക്കുന്ന ഒന്നായി അത് മാറി. പ്രശസ്തനായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യവരെ ഇതാണ് ഉപയോഗിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും വിദേശത്തും ഇതിന് ധാരാളമായി ആവശ്യക്കാരുണ്ട്. ഫഌട്ടിന്റെ ഹിന്ദുസ്ഥാനിയായ ബാന്‍സുരി വായിക്കുന്നതില്‍ സുഭാഷ് മിടുക്കനായിരുന്നു. ഉസ്താദ് ഫഹിമുള്ളാഖാനായിരുന്നു സുഭാഷിന്റെ ഗുരു. 1988ല്‍ സംഗീതത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും സുഭാഷ് കരസ്ഥമാക്കി. പിന്നീട് അദ്ദേഹം സംഗീതം പ്രോഫഷനായി സ്വീകരിച്ചു. പാറ്റ്‌ന ആകാശവാണിയില്‍ ജോലിയും നോക്കിയിരുന്നു. പിന്നീട് ഡല്‍ഹിയില്‍ സര്‍ക്കാര്‍ വകുപ്പില്‍ ജോലി നേടി. 7000 രൂപ ശമ്പളം ലഭിക്കുന്ന ഫഌട്ട് വാദകനായിട്ടായിരുന്നു ജോലി ലഭിച്ചത്. ഈ സമയത്താണ് അനുയോജ്യമായ ഫഌട്ട് കിട്ടാനില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. അത്തരം ഫഌട്ടുകള്‍ വളരെ വിലയേറിയതും വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ പ്രയാസവുമാണെന്ന് മനസിലാക്കി. അതാണ് പുനം ഫഌട്ടുകളെ നിര്‍മാണത്തില്‍ കൊണ്ടുചെന്നെത്തിച്ചത്.

സുഭാഷിന്റെ ഇപ്പോഴത്തെ ഗുരുവായ പണ്ഡിറ്റ് അമര്‍നാഥ്ജിയും പുതിയ ഫഌട്ട് ഉണ്ടാക്കുന്നതില്‍ പ്രോത്സാഹിപ്പിച്ചു. ഒരു കലാകാരനായി താന്‍ നേടുന്നതിനേക്കാള്‍ വരുമാനം ഫഌട്ട് നിര്‍മിക്കുന്നതിലൂടെ നേടാനാകുമെന്ന് സുഭാഷ് മനസിലാക്കി.

പലരില്‍ നിന്നും അഭിപ്രായം സ്വരൂപിച്ച് ആവശ്യക്കാരുടെ മനസ് മനസിലാക്കിയാണ് നിര്‍മാണം ആരംഭിച്ചത്. ഈ മേഖലയിലെ പ്രമുഖരോട് തന്റെ ഫഌട്ടിനെക്കുറിച്ച് വിശദീകരിക്കുകയും വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. മറ്റേത് വാദ്യോപകരണത്തേക്കാളും ഗൗരവം നല്‍കി നിര്‍മിക്കേണ്ട ഒന്നായിരുന്നു ഫഌട്ട്. ആദ്യം തന്നെ ഗുണനിലവാരമുള്ള മുളയായിരുന്നു ആവശ്യം. അത് ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്താണ് കൂടുതലായി ഉണ്ടായിരുന്നത്. മാത്രമല്ല മൂന്ന് മാസത്തെ സീസണില്‍ മാത്രമാണ് ഇത് ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആ കാലഘട്ടത്തില്‍ തന്നെ അത് ശേഖരിച്ച് വെക്കേണ്ടി വന്നു. മത്രമല്ല, മുളയിലെ ദ്വാരത്തിന്റെ അളവ് കൃത്യമായിരിക്കണമെന്നതും വളരെ പ്രധാനമായിരുന്നു.

ആദ്യഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഭാഷിന് വളരെ കഠിനമായിരുന്നു. കൃത്യമായ ഹോളുകള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ലഭിക്കുന്നതും ബുദ്ധിമുട്ടായിരുന്നു. പലയിടങ്ങളിലായി ഇതിനുവേണ്ടി തിരഞ്ഞു. ഇന്റര്‍നെറ്റിലും പരതി. ഒടുവില്‍ യു എസില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വന്നു. ഇതിന് വളരെ വലിയ തുകയും മുടക്കേണ്ടി വന്നു.

എന്നാലിപ്പോള്‍ മികച്ച രീതീയില്‍ ഫഌട്ട് നിര്‍മിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സുഭാഷിനുണ്ട്. ഒരു ഉത്പന്നം നിര്‍മിച്ചു കഴിഞ്ഞാല്‍ അത് വിറ്റഴിക്കുന്നതിനുള്ള മാര്‍ഗമാണ് ആദ്യം തേടുക. ഇതിനായി നല്ല പരസ്യമാണ് വേണ്ടത്. തന്റെ കയ്യില്‍ ഇത്തരമൊരു ഉത്പന്നം ഉണ്ടെന്ന് ലോകം അറിയണം. അതിനായി ആധുനിക കാലഘട്ടത്തിലെ മികച്ച മാര്‍ഗം ഇന്റര്‍നെറ്റാണ്. ഗരുവായ പണ്ഡിറ്റ് അമര്‍നാഥ്ജിയുടെ മകനാണ് ഓണ്‍ലൈന്‍ ബിസിനസ്സ് ആരംഭിക്കാന്‍ സുഭാഷിനെ പ്രോത്സാഹിപ്പിച്ചത്. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ സൈറ്റ് ഡിസൈന്‍ ചെയ്യുകയും ചെയ്തു.

തന്റെ ഭാര്യ പുനത്തിന്റെ പേരായിരുന്നു ഫഌട്ടിനും നല്‍കിയിരുന്നത്. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ഫഌട്ടിന് മികച്ച പ്രശസ്തിയാണുള്ളത്. ഫഌട്ട് ഉപയോഗിക്കുന്ന പല പ്രമുഖരും പൂനം ഫഌട്ടസ് തേടിയെത്തുന്നുണ്ട്. തനിക്ക് നേരിട്ടറിയുന്ന സുഹൃത്തുക്കളും പരിചയക്കാരും വിദ്യാര്‍ഥികളുമാണ് 50 ശതമാനം ഉപഭോക്താക്കളും എന്ന് സുഭാഷ് പറയുന്നു. ബാക്കിയുള്ളവയെല്ലാം ഓണ്‍ലൈനിലൂടെ എത്തുന്ന ഉപഭോക്താക്കളാണ്. ഇതില്‍ 25 ശതമാനവും വിദേശികളാണ്.

സംരംഭം ആരംഭിക്കുകയും അത് ഓണ്‍ലൈനിലൂടെ വിറ്റഴിക്കുകയും ചെയ്യാനാഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ സംരംഭത്തെക്കുറിച്ച് നിങ്ങള്‍ കൃത്യമായി മനസിലാക്കുകയും നിലപാട് വ്യക്തമായിരിക്കുകയും വേണം. ഉത്പാദനത്തെക്കുറിച്ചും വില്‍പനയെക്കുറിച്ചും മനസിലാക്കിയിരിക്കണം. ഇതാണ് സുഭാഷിന് ഇവരോട് പറയാനുള്ളത്.