രക്തം തേടി അലയണ്ട; രക്തദാതാവ് ഇനി വിരല്‍ത്തുമ്പില്‍

0

ജീവിതത്തില്‍ ഒരിക്കലെങ്കിലും അത്യാസന്ന ഘട്ടത്തില്‍ ഉറ്റവര്‍ക്കായി രക്തം തേടി നമ്മള്‍ അലഞ്ഞിട്ടുണ്ടാകാം. ആ ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ളവര്‍ക്ക് ഈ പുതിയ സംരംഭം ആശ്വാസവും അനുഗ്രഹവുമാകും. നിങ്ങള്‍ രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കന്നവരാണോ? എന്നാല്‍ ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും നിങ്ങള്‍ക്കും രക്ത ദാനത്തില്‍ പങ്കുചേരാം. ഏത് രാജ്യത്തിരുന്നും തങ്ങളുടെ ഏറ്റവും അടുത്തുള്ള രക്ത ദാതാവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കന്നവര്‍ക്കായി ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് sharemyblood.org എന്ന വെബ്‌സൈറ്റ് ലക്ഷ്യമിടുന്നത്.

ലോകത്തിലെ 257 രാജ്യങ്ങളിലെയും രക്ത ദാതാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് sharemyblood.org എന്ന വെബ്‌സൈറ്റ് തയ്യാറാക്കുന്നത്. രക്ത ദാതാക്കളുടെ ഓണ്‍ലൈന്‍ ഡയറക്ടറിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗസ്റ്റ് മാസത്തോടെ വെബ്‌സൈറ്റ് ജനങ്ങളിലേക്കെത്തിക്കാനാണ് വെബ്‌സൈറ്റിന്റെ ഭാരവാഹികള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ള അമ്പതിനായിരത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഷെയര്‍ മൈ ബ്ലഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജി ബി റാന്നി പറയുന്നു.

എല്ലാ ഗ്രൂപ്പ് രക്തങ്ങളുടെയും ദാതാക്കള്‍ വെബ്‌സൈറ്റിലുണ്ട്. രക്തം ആവശ്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ അവരുടെ സ്ഥലത്തിന് ഏറ്റവും അടുത്ത്‌നിന്ന് തന്നെ അനുയോജ്യരായ ദാതാക്കളെ തിരഞ്ഞെടുക്കാം. മാത്രമല്ല രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ തന്നെ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാം. ആശുപത്രികളുമായും വിവിധ സ്ഥാപനങ്ങളുമായും ചേര്‍ന്ന് ഷെയര്‍ മൈ ബ്ലഡ് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.

15 ലക്ഷത്തോളം രക്ത ദാതാക്കളെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ മേഖലകളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചവര്‍ ഉള്‍പ്പെടെ രക്ത ദാതാക്കളുടെ ലിസ്റ്റിലുണ്ടാകും. രക്ത ദാതാക്കളുടെ ലിസ്റ്റില്‍ നൂറ് കോടി ജനങ്ങളെയും ഉള്‍പ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അജി ബി റാന്നി പറയുന്നു. വെബ്‌സൈറ്റിന്റെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രകാശനം ചെയ്തത്.

രക്ത ദാതാക്കളുടെ വിവരങ്ങള്‍ക്ക് പുറമെ ആരോഗ്യ സംബന്ധമായ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. ആരോഗ്യ സംബന്ധമായ മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് വെബ്‌സൈറ്റിലെ വിവരങ്ങള്‍. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരിക്കുന്ന രീതിയിലായിലാണ് ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത്. ആഗോള തലത്തില്‍ രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ ഉദ്ദേശിച്ചാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംവിധായകന്‍ സിദ്ദിഖാണ് ഷെയര്‍ മൈ ബ്ലഡിന്റെ ചെയര്‍മാന്‍.