ലോക്‌നാഥ് ബെഹ്‌റ; പോലീസ് സേനയുടെ പുതിയ മേധാവി

ലോക്‌നാഥ് ബെഹ്‌റ; പോലീസ് സേനയുടെ പുതിയ മേധാവി

Friday June 03, 2016,

2 min Read

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമേറ്റു. ബെഹ്‌റയെ ഡി ജി പിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റത്. ടി പി സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ എ ഡി ജി പി അനില്‍കാന്തില്‍നിന്നാണ് ബെഹ്‌റ അധികാര ദണ്ഡ് ഏറ്റുവാങ്ങിയത്. പോലീസ് ആസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചശേഷമാണ് ബെഹ്‌റ ചുമതലയേറ്റത്. പോലീസ് ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണറിന് ശേഷമാണ് അദ്ദേഹം ചുമതല വഹിച്ചത്.

image


ജിഷ വധക്കേസിലെ പ്രതിയെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് സ്ഥാനമേറ്റശേഷം ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. ജിഷ വധക്കേസ് കേരള പോലീസിന് വെല്ലുവിളിയാണ്. കേസ് തെളിയിക്കും. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ല. പോലീസ് മേധാവിയായി ചുമതലയേറ്റ ലോക് നാഥ് ബെഹ്‌റയെ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. സ്ത്രീ സുരക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹത്തിന് വെല്ലുവിളിയാകുമ്പോള്‍ പോലും താന്‍ നടത്തിയിട്ടുള്ള അന്വേഷണങ്ങളില്‍ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന പെരുമായായിരിക്കും ബെഹ്‌റക്ക് കരുത്താവുക.

image


2009ലെ മുംബൈ സ്‌ഫോടന പരമ്പര, പശ്ഛിമ ബംഗാളിലെ പുരുലിയയില്‍ ആയുധം നിക്ഷേപിച്ച സംഭവം, ഇന്ത്യന്‍ വിമാനം ഭീകരര്‍ കാബൂളിലെ കാണ്ഡഹാറിലേക്ക് റാഞ്ചിയ സംഭവം എന്നിവയിലൊക്കെ ബെഹ്‌റയുടെ അന്വേഷണ മേല്‍നോട്ടം നിര്‍ണായക വെളിപ്പെടുത്തലുകളിലേക്ക് നയിച്ചിരുന്നു. മുംബൈ സ്‌ഫോടനത്തിലുള്‍പ്പെട്ട രാജ്യാന്തര ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്ത് നിര്‍ണായ വിവരങ്ങള്‍ പുറത്തുകൊണ്ടു വന്നത് ബെഹ്‌റയാണ്.

image


വെടിയേറ്റുമരിച്ച ഇസ്രത്ത് ജഹാന് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. എന്‍ ഐ എ രൂപീകരിച്ചപ്പോള്‍ ആദ്യ സംഘത്തിലെ അംഗമായിരുന്നു. കേരളത്തില്‍നിന്ന് യുവാക്കളെ തീവ്രവാദ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേസ് അന്വേഷിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും ജയില്‍ ഡി ജി പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

image


ഒഡീഷ സ്വദേശിയായ ബെഹ്‌റ 1985 ബാച്ച് കേരള കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ്. കേരളത്തില്‍ എസ് പിയായും കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കുമ്പോഴാണു സംസ്ഥാന പോലീസ് മേധാവിയായുള്ള നിയമനം.2021 ജൂണ്‍ വരെ ലോക്‌നാഥ് ബെഹ്‌റക്ക് സര്‍വീസുണ്ട്. അതായതു മറ്റ് തടസങ്ങളില്ലെങ്കില്‍ അഞ്ചു വര്‍ഷത്തോളം കേരള പോലീസിനെ നയിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഇത്രയും കാലം കേരള പോലീസിനെ നയിച്ച ചുരുക്കം പേര്‍ മാത്രമാണുള്ളത്.

image


ജിഷ വധക്കേസില്‍ കൊലപാതകിയെ കണ്ടുപിടിക്കാന്‍ ശാസ്ത്രീയ അന്വേഷണ രീതികളും പുത്തന്‍ സാങ്കേതികവിദ്യകളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനകം പുതിയ ചില വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയും അദ്ദേഹം നല്‍കി. ഇപ്പോള്‍ തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. പോലീസ് സേനയെ സാങ്കേതികമായി ആധുനികവല്‍ക്കരിക്കും. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കും. പോലീസ് സേനയില്‍ സി ബി ഐ മാതൃകയില്‍ അന്വേഷണ സംവിധാനം കൊണ്ടുവരുമെന്നും ഡി ജി പി പറഞ്ഞു.