വലിയ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യമേഖല: മന്ത്രി കെ.കെ. ശൈലജ  

0

സമഗ്ര പ്രാഥമിക ആരോഗ്യ മിഷന്‍ ആദ്രം മിഷനുമായി ചേര്‍ന്ന് ആരോഗ്യമേഖലയില്‍ വലിയ മാറ്റത്തിലുള്ള തയ്യാറെടുപ്പിലാണെന്ന് ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആരോഗ്യ സര്‍വകലാശാലയും മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും സംയുക്തമായി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്രാരോഗ്യ പദ്ധതി, ആദ്രം മിഷന്‍, ഇ-ഹെല്‍ത്ത്, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, ട്രോമകെയര്‍ സംവിധാനം എന്നിവ എത്രയും വേഗം നടപ്പിലാക്കും. ആരോഗ്യ പരിപാലന രംഗത്തെ ഘടനയില്‍ മാറ്റം വരുത്തി ഗുണമേന്മ വര്‍ധിപ്പിക്കും. ഇതില്‍ ഏറ്റവും അധികം സംഭാവന നല്‍കേണ്ടത് പൊതുജനാരോഗ്യ വിഭാഗമാണെന്നും മന്ത്രി പറഞ്ഞു.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ ആരോഗ്യനില വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണെങ്കിലും പ്രതിശീര്‍ഷ വരുമാനം വളരെ തുശ്ചമാണ്. പകര്‍ച്ച വ്യധികളെപ്പോലെ ഭയപ്പെടേണ്ട ഒന്നായി മാറിയിരിക്കുകയാണ് ജീവിത ശൈലീ രോഗങ്ങളും. കേരളം പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായി മാറിയിരിക്കുകയാണ്. ഇതെല്ലാം മുന്നില്‍കണ്ടാണ് സമഗ്രാരോഗ്യ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി അധ്യക്ഷയായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആരോഗ്യ സര്‍വകലാശാല ഡീന്‍ ഡോ. അജിത്ത് കുമാര്‍, വെല്ലൂര്‍ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. നിഖാല്‍ തോമസ്, ന്യൂട്രീഷ്യന്‍ ഫൗണ്ടേഷന്‍ ഇന്ത്യയുടെ ഡോ. സന്തോഷ് ജെയിന്‍ പാസി, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സാറ വര്‍ഗീസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഗവേഷണ അഭിരുചി വളര്‍ത്തുക എന്നതാണ് രണ്ട് ദിവസം നടക്കുന്ന ഈ ദേശീയ സമ്മേളനത്തിന്റെ ലക്ഷ്യം. പ്രമേഹത്തെ പ്രതിരോധിക്കുവാനുള്ള പ്രയത്‌നത്തില്‍ പങ്കെടുക്കുവാനുള്ള ആഹ്വാനമാണ് ഇത്തണത്തെ സമ്മേളനത്തിന്റെ മുദ്രാവാക്യം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. ഇതോടൊപ്പം നടന്ന ഡോ. സി.ആര്‍. സോമന്‍ അനുസ്മരണ പ്രഭാഷണം നടത്തി.