കാര്‍ഷികമേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കാര്‍ഷികമേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

Thursday June 29, 2017,

2 min Read

കേരളത്തിന്റെ വികസനം കാര്‍ഷികമേഖലയുടെ വികസനമാണെന്നും കാര്‍ഷികമേഖലയുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക സര്‍ക്കാരിന്റെ പ്രധാന കര്‍ത്തവ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷക സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖല പുഷ്ടിപ്പെടണമെങ്കില്‍ ഉത്പാദനക്ഷമത വര്‍ധിക്കണം. 

image


അതിന് നൂതന കാര്‍ഷികരീതികള്‍ സ്വീകരിക്കണം. മറ്റേതു തൊഴിലും പോലെ ലാഭകരമായാല്‍ കാര്‍ഷികവൃത്തിയിലേക്ക് ചെറുപ്പക്കാര്‍ കടന്നുവരും. അതിന് സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരുവര്‍ഷത്തിനിടയില്‍ നെല്ലുത്പാദനം നല്ലനിലയില്‍ വര്‍ധിപ്പിക്കാനായി. നെല്‍കൃഷിക്കാരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചു. അവഗണിക്കപ്പെട്ടുപോയ നാളികേര കൃഷിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. നാളികേരത്തെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്ന ഒട്ടേറെ പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. കാര്‍ഷികോല്‍പന്ന വിപണനത്തിന് അഗ്രോ മാര്‍ക്കറ്റിംഗ് രീതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന അവസ്ഥയുണ്ടാവണം. കര്‍ഷകര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഓരോ പ്രദേശത്തും നടപ്പിലാക്കും. എല്ലാ രംഗത്തും കേരളാ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാവും എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. റബറിന്റെ താങ്ങുവില 150 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്താന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കര്‍ഷക പെന്‍ഷന്‍ കുടിശിക രണ്ട് ഘട്ടങ്ങളിലായി 267 കോടി വിതരണം ചെയ്തു . ഈ സാമ്പത്തിക വര്‍ഷത്തില്‍ 124 കോടി രൂപ നല്‍കി. 180 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടെന്നും കര്‍ഷക പെന്‍ഷന്‍ മാനദണ്ഡം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ധനവകുപ്പിന്റെ നടപടിക്രമം മൂലമാണ് പെന്‍ഷന്‍ വിതരണം വൈകാനിടയായതെന്നും മന്ത്രി പറഞ്ഞു. നെല്‍കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിന്റെ വിലയില്‍ സംസ്ഥാന വിഹിതമായ 83 കോടി രൂപ വിതരണം ചെയ്തു. കേന്ദ്രവിഹിതം ലഭ്യമായാലുടന്‍ ബാക്കി തുക വിതരണം ചെയ്യും. കൃഷി ഭവനുകളും സഹകരണ സ്ഥാപനങ്ങളുമടക്കം അഞ്ഞൂറോളം സ്ഥാപനങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരിച്ച് കര്‍ഷകരെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീക്കാറാം മീണ, കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.വി. രാമകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി, അഖിലേന്ത്യാ കിസാന്‍ സഭാ സംസ്ഥാന പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍ തുടങ്ങി വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.