നോട്ടില്ല; ക്ഷേമപ്പെൻഷൻ വിതരണം പലയിടത്തും മുടങ്ങി  

0

സംസ്ഥാനസർക്കാരിന്റെ വിവിധ ക്ഷേമപ്പെൻഷനുകളുടെ വിതരണം നോട്ടുക്ഷാമം കാരണം പല സ്ഥലത്തും തടസപ്പെട്ടു. ഇതിന് ആവശ്യമായത്ര കറൻസി റിസർവ്വ് ബാങ്ക് ലഭ്യമാക്കാത്തതാണ് കാരണം. പെൻഷൻ വീട്ടിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട 16 ലക്ഷം പേർക്ക് 506.7 കോടി രൂപ സഹകരണബാങ്കുകൾ വഴി തിങ്കളാഴ്ചമുതൽ നൽകിത്തുടങ്ങിയതാണ് ഇത്തരത്തിൽ തടസപ്പെട്ടത്. ബാക്കി 17.58 ലക്ഷം പേർക്ക് 548.6 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകിയിരുന്നു.

സഹകരണബാങ്കുകൾക്കു പണം എത്തിക്കാൻ ട്രഷറിവഴി പ്രത്യേകസംവിധാനം ഉണ്ടാക്കിയാണു പെൻഷൻ വീട്ടിലെത്തിക്കൽ പരിപാടി നടപ്പാക്കിയത്. എന്നാൽ റിസർവ്വ് ബാങ്ക് കറൻസി എത്തിക്കാത്തതിനാൽ ട്രഷറികൾക്ക് ആവശ്യമായത്ര കറൻസി ലഭ്യമാക്കാൻ ബാങ്കുകൾക്കു കഴിയാതെവന്നു. ഇതാണ് പല സ്ഥലത്തും പെൻഷൻ വിതരണം തടസപ്പെടുത്തിയത്. കഴിഞ്ഞ ഓണത്തിനുമുമ്പ് കുടിശികയടക്കം ഇതിനെക്കാൾ വലിയ തുക ഒരു തടസവും കൂടാതെ സഹകരണബാങ്കുകൾ വഴി എല്ലാവരുടെയും വീടുകളിൽ എത്തിച്ചിരുന്നതാണ്.

ട്രഷറിയിൽനിന്നു പണം കിട്ടിയില്ലെങ്കിലും സഹകരണബാങ്കുകൾ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ക്യാഷ് ബാലൻസും പ്രതിദിനവരവും ഉപയോഗിച്ച് കൊടുക്കാവുന്നിടത്തോളം പേർക്കു പെൻഷൻ നൽകുന്നുണ്ട്. എന്നാലും ഇതു മതിയാകാത്തതിനാൽ ഒട്ടനവധിപ്പേർക്കു പെൻഷൻ കിട്ടാത്ത സ്ഥിതിയാണുള്ളത്. കൈവശമുള്ള പണം ഈ ആവശ്യത്തിനു വിനിയോഗിക്കുന്നത് സംഘങ്ങളുടെ ദൈനംദിനപ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഒരു ദിവസംകൂടി കഴിഞ്ഞാൽ സ്വന്തം ജീവനക്കാർക്കു ശമ്പളം നൽകുന്നതടക്കമുള്ള ആവശ്യങ്ങളും സഹകരണബാങ്കുകൾക്കുണ്ട്.

ക്ഷേമപ്പെൻഷന്റെ വിതരണത്തിന് ഡിസംബർ 26 മുതൽ 31 വരെ ഓരോ ദിവസവും ശരാശരി 100 കോടിരൂപവീതം 506 കോടി രൂപ വേണ്ടിവരുമെന്നും അതു ലഭ്യമാക്കണമെന്നും അതു വിനിയോഗിക്കാൻ തടസങ്ങൾ ഒഴിവാക്കണമെന്നും സർക്കാർ റിസർവ്വ് ബാങ്കിനോട് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതു പാലിക്കപ്പെട്ടില്ല.

ആകെ 193 കോടി രൂപ ആവശ്യപ്പെട്ടിടത്ത് 86 കോടി രൂപമാത്രമേ ലഭ്യമാക്കാൻ ബാങ്കുകൾക്കു കഴിഞ്ഞുള്ളൂ. സംസ്ഥാനത്തെ ഏഴു ട്രഷറികളിൽ ഇന്നലെ (ഡിസംബർ 29) ഒരു പൈസപോലും റിസർവ്വ് ബാങ്ക് ലഭ്യമാക്കിയില്ല. എടക്കര, കടുത്തുരുത്തി, മീനച്ചിൽ, പള്ളിക്കത്തീട്, പരവൂർ. നെയ്യാറ്റിൻകര പെൻഷൻ ട്രഷറി എന്നീ സബ് ട്രഷറിയിലും പാലാ ജില്ലാട്രഷറിയിലുമാണ് ബാങ്കുകൾ ഒരു പൈസയും നൽകാത്തത്. നാലരക്കോടിയിൽ താഴെയുള്ള ചെറിയ തുകകൾ ആവശ്യപ്പെട്ട ആലപ്പുഴ എറണാകുളം, കാസർകോട് എന്നീ ജില്ലാട്രഷറികളിൽ മാത്രമാണ് മുഴുവൻ പണവും ലഭ്യമാക്കിയത്.

വെള്ളിയാഴ്ചത്തെ ആവശ്യത്തിന് 44 കോടി രൂപ ആവശ്യപ്പെട്ട പാലക്കാട് ജില്ലയിൽ 6.5 കോടി രൂപയും 22.85 കോടി രൂപ ആവശ്യപ്പെട്ട കൊല്ലം ജില്ലയിൽ 10.68 കോടിയും 26 കോടി ആവശ്യപ്പെട്ട കണ്ണൂർ ജില്ലയിൽ 16 കോടിയും 13.8 കോടി ആവശ്യപ്പെട്ട കോട്ടയം ജില്ലയിൽ 4.4 കോടിയും 14.55 കോടി ആവശ്യപ്പെട്ട തൃശൂർ ജില്ലയിൽ ആറുകോടിയും 18.8 കോടി ആവശ്യപ്പെട്ട മലപ്പുറം ജില്ലയിൽ 5.8 കോടിയും 19 കോടി ആവശ്യപ്പെട്ട തിരുവനന്തപുരം ജില്ലയിൽ 10.9 കോടിയും രൂപവീതമാണു ബാങ്കുകൾ നൽകിയത്. മറ്റു ജില്ലകളിലും ആവശ്യപ്പെട്ടതിന്റെ ചെറിയപങ്കേ ലഭിച്ചിട്ടുള്ളൂ.