ഗംഗയുടെ സംരക്ഷണം ലക്ഷ്യമിട്ട് റിട്ടേണ്‍ ഓഫ് ദി ഗംഗ ഡോക്യുമെന്ററി

0

അനേകായിരം പേരുടെ പാപങ്ങള്‍ കഴുകിയ ഗംഗ ഇന്ന് അതിരൂക്ഷമായി മലിനപ്പെടുകയും ജലം വറ്റി വരണ്ട് ശുഷ്‌കമായികൊണ്ടിരിക്കുകയുമാണ്.  വിവിധ ജലസേചന പദ്ധതികള്‍ളുള്ള ഗംഗയില്‍ ജലക്ഷാമം നേരിട്ടുതുടങ്ങി. ലോകത്ത് അതിരൂക്ഷമായി മലിനീകരണപ്പെട്ടുകൊണ്ടിരിക്കുന്ന നദികളില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് നദികളില്‍ ഒന്നാണ് ഗംഗ.

ഗംഗയെ രക്ഷിക്കാന്‍ ആര്‍ക്ക് സാധിക്കും, എങ്ങനെ സാധിക്കും എന്നു സ്വയം ചോദിച്ചവരെല്ലാം അതിന് ഉത്തരം കിട്ടാതെ പരാജിതരായപ്പോള്‍ രണ്ട് സഹോദരങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് മുന്നിലേക്ക് വന്നു. മാര്‍ത്താണ്ഡ ബിന്ദാനയും വല്ലി ബിന്ദാനയും. വ്യത്യസ്തമായ ഒരു വഴിയാണ് അവര്‍ ഗംഗയുടെ സംരക്ഷണത്തിനായി തിരഞ്ഞെടുത്തത്. ഗംഗാ നദിയെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന അവര്‍ നദീ സംരക്ഷണത്തിനായുള്ള ബോധവത്കരണം ഏറ്റവും ലളിതവും ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ രീതീയില്‍ വേണമെന്ന് ആശിച്ചു. അതിനായി കൂടുതല്‍പേര്‍ക്ക് വിനോദം പകരുന്ന ദൃശ്യമാധ്യമം തന്നെ അവര്‍ തിരഞ്ഞെടുത്തു.

ഗംഗയെ സംരക്ഷിക്കുന്നതിനായി ഡോക്യുമെന്ററി തയ്യാറാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പണമോ പരിചയമ്പത്തോ ഇല്ലാതെ ഇതിന്റെ ഫലം എങ്ങനെയാകുമെന്നറിയാതെ ഈ രംഗത്തേക്കിറങ്ങിയ അവര്‍ ഇന്ന് മൂന്ന് ഭാഗങ്ങളടങ്ങിയ റിട്ടേണ്‍ ഓഫ് ദി ഗംഗ എന്ന ഡോക്യുമെന്ററിയിലെത്തി നില്‍ക്കുകയാണ്. നമ്മുടെ ഭൂമിയും വെള്ളവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവ നഷ്ടപ്പെടുന്നതിലൂടെ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും പ്രതിപാദിക്കുന്ന ഡോക്യമെന്ററിയാണിത്. അശാസ്ത്രീയമായി ഗംഗയിലെ വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് നദി വരണ്ട്‌പോകുന്നു. 600 ലധികം ജലസേചന പദ്ധതികളാണ് ഗംഗയുടെ മാറിലൂടെ നിര്‍മിച്ചിരിക്കുന്നത്‌. ഇവയില്‍ നിന്നെല്ലാം രക്ഷിച്ച് നദിയെ എങ്ങനെ നിലനിര്‍ത്താം എന്നതിനെക്കുറിച്ചും ഇതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ചും ഡോക്യുമെന്ററി സംസാരിക്കുന്നു.

കൊച്ചുകുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ വളരെയധികം സ്വാധീനിക്കുന്ന ഒരു മേഖലയാണ് ദൃശ്യമാധ്യമമെന്നതാണ് അതു തന്നെ തിരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. കുട്ടികളുടേയും യുവാക്കളുടേയും മനസിലാണ് ബോധവത്കരണത്തിന്റെ വിത്തുകള്‍ ആദ്യം പാകേണ്ടത് എന്ന ബോധമാണ് ഇതിന് കാരണമായത്.

2012 സെപ്റ്റംബറിലാണ് ഡോക്യുമെന്ററിക്കായുള്ള യാത്ര ആരംഭിച്ചത്. രണ്ടു പേരും സംയുക്തമായാണ് ഇതേക്കുറിച്ചുള്ള അന്വേഷണവും തിരക്കഥയും തയ്യാറാക്കിയത്. ഫണ്ടിന്റെ അഭാവം പല ഘട്ടങ്ങളിലും അവര്‍ക്ക് നേരിടേണ്ടി വന്നുവെങ്കിലും അതും തരണം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു. . ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തില്‍ നേരിട്ട പ്രതിസന്ധി വളരെ വലുതായിരുന്നു. സമാനമായ നിരവധി സംരക്ഷണ പദ്ധതികള്‍ ഉള്ളതു കൊണ്ടു തന്നെ ഇത് എത്തരത്തില്‍ സ്വീകരിക്കപ്പെടും എന്നതിനെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ റിട്ടേണ്‍ ഓഫ് ദി ഗംഗ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ ദേശീയ അന്തര്‍ദേശീയ തരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ഇത്തരം ഉദ്യമങ്ങളിന്‍മേല്‍ ആത്യന്തികമായി നടപടികള്‍ കൈക്കൊള്ളേണ്ട സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ മാത്രം ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് കാണിച്ചതെന്ന അഭിപ്രായമാണ് വല്ലി ബിന്ദാനക്കുള്ളത്.

പലരോടും സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ മുഖം തിരിക്കുകയും തങ്ങളുടെ ഉദ്യമത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. പാഴ്ശ്രമമാണ് നടത്തുന്നതെന്നും ഇത് കൊണ്ട് ജനങ്ങള്‍ ബോധവാന്‍മാരാകില്ലെന്നും അവര്‍ പഴി പറഞ്ഞു. എന്നാല്‍ എന്നാല്‍ ചിലര്‍ വളരെ അനുകൂലമായി പിന്തുണയുമായി രംഗത്തു വന്നു. പ്രസിദ്ധനായ അഭിനേതാവ് നസറുദ്ദീന്‍ ഷാ തങ്ങളുടെ സംരഭത്തിന് നല്‍കിയ പിന്തുണ അവര്‍ ഇന്നും ഓര്‍ക്കുന്നു. ഒരാളുടെ മാത്ര കടമയല്ല ഗംഗയെ സംരക്ഷിക്കേണ്ടതെന്നും എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നദിക്ക് സംഭവിച്ചിരിക്കുന്ന മുറിവുകള്‍ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കും എന്നാല്‍ മനുഷ്യരുടെ മനസിന് സംഭവിച്ച ആഴത്തിലുള്ള മുറിവിനാണ് ഇപ്പോള്‍ ചികിത്സ നല്‍കേണ്ടത്. അതിനനുയോജ്യമായ ബോധവത്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പരിസ്ഥിതി പരിപാലകരില്‍ നിന്നും സംരക്ഷകരില്‍ നിന്നും വളരെ വലിയ പിന്തുണയാണ് ഇതിന് ലഭിച്ചത്.

ഗംഗയുടെ മാത്രമല്ല ഇന്ത്യയിലെ മറ്റെല്ലാ നദികളുടേയും ഗതി ഇതു തന്നെയാണ്. നമുക്ക് അടുത്തറിയാവുന്ന നദി എന്നതിനാല്‍ ഗംഗയെ രക്ഷിക്കാന്‍ നാം ശ്രമിക്കുന്നു. കൂട്ടായ പരിശ്രമം ഉണ്ടെങ്കില്‍ മറ്റ് നദികളേയും ഇത്തരത്തില്‍ സംരക്ഷിക്കാനാകും. ഗ്രാമ പ്രദേശങ്ങളിലുള്ള പ്രശ്‌നങ്ങള്‍ പോലും നഗരങ്ങളിലേക്ക് കൊണ്ടു വരാനും അവിടെ നിന്നും രാജ്യ തലത്തിലേക്ക് ലോക നിലവാരത്തിലേക്കും ഉയര്‍ത്താനും ഇത്തരം ബോധവത്കരണ ശ്രമങ്ങള്‍ക്ക് സാധിക്കുമെന്ന് ആ രണ്ട് സഹോദരങ്ങളും വിശ്വസിക്കുന്നു