മാലിന്യ നീക്കത്തിന് കൂട്ടായ്മയൊരുക്കി ഹരിതഗ്രാമം

0

വൈറ്റ് കോളര്‍ സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി മാലിന്യ നീക്കത്തിന് കൂട്ടായ്മ ഒരുക്കി മാതൃകയാകുകയാണ് ഒരുകൂട്ടം അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍. അടുക്കള മാലിന്യം ജൈവവളമാക്കി മാറ്റുന്ന അടുക്കളക്കൂട എന്ന പദ്ധതിയാണ് നഗരത്തില്‍ 22 വാര്‍ഡുകളില്‍ നടപ്പാക്കി വിജയകരമാക്കാന്‍ സാധിച്ചത്. ഒരു കൂട്ടം എന്‍ജിനിയര്‍മാര്‍ അടങ്ങുന്ന കൂട്ടയ്മയായ ഹരിതഗ്രാമമാണ് നഗരം നേരിടുന്ന പ്രധാന പ്രശ്‌നത്തിന് പരിഹാരമാര്‍ഗവുമായി മുന്നിട്ടിറങ്ങിയത്. വഞ്ചിയൂരിലെ ഒരു വീടിന്റെ അടുക്കളയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഒരു മാലിന്യ നിര്‍മാര്‍ജ്ജന രീതി ഫലപ്രദമാക്കാനും കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്രദമാക്കാനും സാധിച്ചതിന്റെ സംതൃപ്തിയിലാണിന്നിവര്‍.

പാല സെന്റ് തോമസ് കോളജിലെ പ്രൊഫസറായിരുന്ന ഡോ. ജോഷി ചെറിയാനാണ് നഗരങ്ങളിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാര മര്‍ഗമായി പുതിയ രീതി കണ്ടെത്തിയത്. ഒരു കൂട്ടം യുവാക്കള്‍ ഇത് ഏറ്റെടുത്ത് നടപ്പാക്കായിതോടെ പദ്ധതി വിജയത്തിലെത്തുകയായിരുന്നു. വഞ്ചിയൂര്‍ വാര്‍ഡില്‍ ആരംഭിച്ച പദ്ധതി ഫലപ്രദമാണെന്ന് മനസിലാക്കി ശുചിത്വ മിഷനും നഗരസഭയും പിന്തുണ നല്‍കിയതോടെ പദ്ധതി കൂടുതല്‍ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കാനായി.

ഒരു പ്ലാസ്റ്റിക് കൂട, രണ്ട് കുട്ടിച്ചാക്കുകള്‍, കുറച്ച് ചകിരിച്ചോര്‍ എന്നിവയാണ് അടുക്കളക്കൂടക്ക് ആവശ്യം. ഇവയെല്ലാം ഹരിതഗ്രാമം പ്രവര്‍ത്തകര്‍ തന്നെ വീടുകളിലെത്തിക്കും. ചകിരിച്ചോര്‍ തീരുന്ന മുറക്ക് വീണ്ടും എത്തിക്കുന്നതിനും പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 250 വീടിന് ഒരാള്‍ എന്ന കണക്കിനാണ് പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുള്ളത്. 30 ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാസ്റ്റിക് കൂടയില്‍ യു വി കോട്ടിംഗുള്ള പ്ലാസ്റ്റിക് ചാക്ക് ഇറക്കിവെക്കും. ഇതില്‍ ബാക്ടീരിയ അടങ്ങിയ ചകിരിച്ചോര്‍ മിശ്രിതം രണ്ടിഞ്ച് കനത്തില്‍ ഇടും. ഇതിന് മുകളില്‍ ഓരോ ദിവസത്തേയും അടുക്കള മാലിന്യം നിക്ഷേപിച്ചശേഷം വീണ്ടും ചകിരിച്ചോര്‍ വിതറുന്നു. ഓരോ തവണ മാലിന്യമിടുമ്പോഴും ഇത് ആവര്‍ത്തിക്കണം.

ചാക്ക് നിറഞ്ഞ് കഴിഞ്ഞാല്‍ കെട്ടി മാറ്റി വെക്കുന്നു. ഒരാഴ്ച കഴിഞ്ഞാല്‍ ജൈവവളമായി ഇത് മാറും. ദുര്‍ഗന്ധമോ പുഴുക്കളോ ഉണ്ടാകില്ലെന്നതാണ് പ്രത്യേകത. സസ്യ, സസ്യേതര മാലിന്യങ്ങള്‍ ഈ രീതിയില്‍ വളമാക്കി മാറ്റാന്‍ സാധിക്കും. വീട്ടിലെ പൂന്തോട്ടത്തിലോ അടുക്കള തോട്ടത്തിലോ തന്നെ ഈ വളം ഉപയോഗിക്കാം. വളം ആവശ്യമില്ലാത്തവര്‍ക്ക് അത് ശേഖരിക്കാനും ഹരിതഗ്രാമം പ്രവര്‍ത്തകര്‍ എത്തും. ഈ വളം അത്ര തന്നെ മണ്ണും നിറച്ച് പച്ചക്കറി നടുകയാണ് ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് ഈ ഗ്രോബാഗ് നല്‍കും. ഹരിതഗ്രാമം പ്രവര്‍ത്തകരെല്ലാം തന്നെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരാണ്. മാലിന്യം നീക്കുക എന്നത് മോശ കാര്യമല്ലെന്ന ബോധം ജനങ്ങളിലെത്തിക്കുക കൂടിയാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ സുഗതന്‍ ശിവദാസന്‍ പറഞ്ഞു. സ്വന്തം വീട്ടിലെ മാലിന്യംപോലും നീക്കം ചെയ്യാന്‍ തയ്യാറാകാത്ത പുതു തലമുറക്ക് പ്രചോദനം കൂടിയായി മാറുകയാണ് ഹരിതഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ അയ്യായിരത്തിലധികം കുടുംബങ്ങളാണ് പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

ഇതിന് പുറമെ മാസത്തില്‍ ഒരു തവണ പ്ലാസ്റ്റിക്കും മൂന്ന് മാസത്തില്‍ ഒരിക്കല്‍ പൊട്ടുന്ന കൂപ്പിയും ചെരുപ്പും ആറു മാസത്തിലൊരിക്കല്‍ ഇ-മാലിന്യവും വീട്ടിലെത്തി ശേഖരിക്കുന്നുണ്ട്. ഇതിനെല്ലാം കൂടി മാസം 200 രൂപയാണ് ഈടാക്കുന്നത്.പദ്ധതി ഫലപ്രദമായതോടെ എല്ലാ വാര്‍ഡുകളിലും അടുക്കളക്കൂട വ്യാപിപ്പിക്കാന്‍ നഗരസഭ ഹരിതഗ്രാമത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഫലപ്രദമായാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിച്ചെറിയപ്പെടുന്ന അടുക്കള മാലിന്യത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.