പന്തളത്തു നിന്നും പറന്ന വലിയ ചിറകുള്ള പക്ഷി

പന്തളത്തു നിന്നും പറന്ന വലിയ  ചിറകുള്ള പക്ഷി

Friday November 13, 2015,

2 min Read

കുട്ടിക്കാലത്തു തന്നെ കാഴ്ചകള്‍ ബിജുവിനെ ഭ്രമിപ്പിച്ചിരുന്നു. ഈ കാഴ്ചകളാണ് ബിജു ദാമോരനെന്ന കുട്ടിയെ ഭാവിയിലേക്ക് പിടിച്ചു നടത്തിയത്. സമൂഹത്തിന്റെ പിന്നാക്ക മേഖലയില്‍ നിന്നെത്തി മിടുക്കനായി പഠിച്ച് ഡോക്ടറായ ബിജു തന്റെ തട്ടകം സിനിമയാണെന്ന് തിരിച്ചറിയുകയായിരുന്നു. നിരവധി അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകാരവും പ്രശംസയും പിടിച്ചു പറ്റിയ ബിജുവിന്റെ സിനിമകള്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും രണ്ടു തവണ പുരസ്‌കാരത്തിന് അര്‍ഹമായി. സമൂഹത്തോട് ഒട്ടി നില്‍ക്കുന്ന ആശയങ്ങളെ എന്നും മനസില്‍ കൊണ്ടു നടക്കുന്ന ഡോ. ബിജുവിന്റെ പുതിയ ചിതം 'വലിയ ചിറകുള്ള പക്ഷികള്‍ ' ഐക്യരാഷ്ട്ര സഭാഹാളില്‍ പ്രദര്‍ശിപ്പിച്ചു .കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥയും ഇരകളുടെ ജീവിതവും പറയുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനമാണ് ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പരിസ്ഥിതി ഹൗസില്‍ നടന്നത് .ഇതാദ്യമായാണ് ഒരിന്ത്യന്‍ സിനിമയുടെ ഇത്തരത്തിലുള്ള പ്രദര്‍ശനം ജനീവയിലെ ഐക്യരാഷ്ട്രസഭാ ഹാളില്‍ നടക്കുന്നത് .ജനീവ പരിസ്ഥിതി നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച പ്രദര്‍ശനത്തിന് ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സി പ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ,സര്‍ക്കാരിതര ഏജന്‍സി പ്രവര്‍ത്തകര്‍ എന്നിവരെത്തി .അമേരിക്കന്‍ മലയാളിയും ശിശുരോഗ വിദഗ്ധനുമായ പത്തനാപുരം സ്വദേശി ഡോ: ഏ.കെ.പിള്ളയാണ് ചിത്രത്തിന്റെ നിര്‍മാതാവ് . കുഞ്ചാക്കോ ബോബനാണ് കേന്ദ്രകഥാപാത്രമായ ഫോട്ടോഗ്രാഫറാകുന്നത് .

image


'ദു:രന്തത്തെക്കുറിച്ചുള്ള ശക്തമായ ചിത്രം'എന്നാണ് സിനിമ കണ്ട ശേഷം ,വിഷ രഹിതമായ ഭാവിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ lPEN ന്റെ ഉപദേശകനും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ ജോസഫ് ഡി ഗാന്‍ഗി അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ ദു:രന്ത ബാധിതരാകുന്നവര്‍ക്ക് അവരുടെ ഭാവി നിര്‍ണയിക്കുന്ന അന്താരാഷ്ട്ര വേദികളിലേക്ക് എത്തിപ്പെടാന്‍ കഴിയാറില്ലെന്നും എന്നാല്‍ അവരെ പ്രതിനിധീകരിച്ചെത്തുന്ന സര്‍ക്കാരുകള്‍ മിക്കപ്പോഴും കീടനാശിനി കമ്പനികള്‍ക്ക് വേണ്ടിയാണ് നിലകൊള്ളാറെന്നും കൂടി ഗാന്‍ഗി അഭിപ്രായപ്പെട്ടു .

image


ചിത്രം ഇതിനകം തന്നെ ഇന്ത്യന്‍ പനോരമ ,പനോരമയുടെ ഭാഗമായ UNESC0 അവാര്‍ഡ് മത്സരം ,കൊല്‍ക്കത്ത ഫെസ്റ്റിവല്‍, ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ അന്താരാഷ്ട്ര മേളകള്‍ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു .ജനീവയില്‍ നടന്ന പ്രദര്‍ശനത്തില്‍ ചിത്രത്തിന്റെ അവതരണവും പ്രദര്‍ശനത്തെ തുടര്‍ന്നു നടന്ന സംവാദവും UNEP (United Nations Environment Programme) സീനിയര്‍ പ്രോഗ്രാം ഓഫീസറും മലയാളിയുമായ മുരളി തുമ്മാരുകുടിയുടെ നേതൃത്വത്തിലായിരുന്നു.