വെല്ലുവിളികളെ പൂച്ചെണ്ടുകളാക്കി സീമ ലാല്‍ ഗുലാബ്‌റാണി

വെല്ലുവിളികളെ പൂച്ചെണ്ടുകളാക്കി സീമ ലാല്‍ ഗുലാബ്‌റാണി

Monday November 09, 2015,

2 min Read

സീമയുടെ കഥ വളരെ പ്രചോദനാത്മകമാണ്. നവീന സാങ്കേതികതയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് സീമ ലാല്‍ ഗുലാബ്‌റാണിയെന്ന ടെക്കിയുടെ കഥ. സോപ്രാ ഗ്രൂപ്പിന്റെ അസോസിയേറ്റ് ജനറല്‍ മാനേജറാണ് ഇന്ന് സീമ. ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും സീമ വിദഗ്ധയാണ്. ടെക് മേഖലയില്‍ സ്ത്രീകളോട് കാണിക്കുന്ന പക്ഷപാതത്തിന്റെ ഫലമായാണ് അവള്‍ പിന്നിലാകുന്നതെന്നാണ് സീമയുടെ വാദം. എന്നാല്‍ സ്ത്രീകള്‍ക്ക് മികച്ച പ്രോഗ്രാമര്‍മാരായി മാറാമെന്നാണ് തന്റെ അനുഭവത്തില്‍ തോന്നുന്നതെന്നും സീമ പറയുന്നു.

image


വ്യക്തിപരമായ പല തടസ്സങ്ങളേയും തരണം ചെയ്താണ് സീമ ഇന്നത്തെ നിലയില്‍ എത്തിയത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ സീമയ്ക്ക് പൂനെയിലെ ഫുജിറ്റ്‌സു എന്ന കമ്പനിയില്‍ ജോലി ലഭിച്ചു. അവിടെ നിന്നാണ് അവര്‍ ഡല്‍ഹി എന്‍ ഐ ഐ ടിയിലേക്ക് മാറിയത്. ഈ രണ്ട് സ്ഥലങ്ങളിലും അവര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ജോലിയാണ് ചെയ്തത്. നാല് വര്‍ഷത്തോളം സീമ എന്‍.ഐ.ഐ.ടിയില്‍ ജോലി ചെയ്തു. അതിന് ശേഷം കോര്‍പ്പറേറ്റ് ലോകത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തു. ഈ സമയത്ത് അവര്‍ ഡല്‍ഹിയിലുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയിലും ചെറുതും ഇടത്തരവുമായ പല ബിസിനസുകളിലും ജോലി ചെയ്തു. അവിടെയെല്ലാം ജാവയായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് ഗുഡ്ഗാവിലുള്ള സാപിയന്റ് ടെക്‌നോളജീസിലേക്ക് സീമ മാറി. 2003 മുതലാണ് അവള്‍ സോപ്രയില്‍ പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി തുടങ്ങിയ സീമ ഇന്ന് അവിടുത്തെ സീനിയര്‍ ലീഡ് ആര്‍ക്കിടെക്റ്റാണ്.

താനൊരു പ്രോ ടെക്കിയാണെന്നാണ് സീമ പറയുന്നത്. ആദ്യ ദിവസം മുതല്‍ക്കെ താന്‍ ടെക്‌നോളജിയില്‍ ഭാഗമായിരുന്നു. അത് തന്റെ കരിയറില്‍ ഉടനീളം കാത്തു സൂക്ഷിച്ചു. ഇതാണ് ഈ വലിയ നേട്ടത്തിന് പിന്നിലെ രഹസ്യം. ഇന്ന് താന്‍ നില്‍ക്കുന്ന സ്ഥാനം തനിക്കേറേ സന്തോഷം പ്രദാനം ചെയ്യുന്നതായി സീമ വ്യക്തമാക്കി. ജോലിയോടുള്ള തന്റെ താല്‍പര്യം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുകയാണെന്നും അത് തന്റെ സ്ഥാനക്കയറ്റം കൊണ്ടുമാത്രമല്ലെന്നുമാണ് അവര്‍ പറയുന്നത്.

യൂറോപ്പിലും മറ്റുമുള്ള ക്ലൈന്റുകള്‍ക്ക് വേണ്ടി താന്‍ സോഫ്റ്റ് വെയര്‍ സൊലൂഷ്യനുകള്‍ തയ്യാറാക്കാറുണ്ടെന്ന് സീമ പറയുന്നു. ഒരു പ്രോഡക്ടിന്റെ രൂപരേഖ തയ്യാറാക്കുന്നതു മുതല്‍ അത് നിര്‍മിച്ച് ഉപഭോക്താവിന് മുന്നിലെത്തിക്കുന്നതു വരെ താനതിന്റെ ടെക്‌നോളജി വശത്താണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഒരേ സമയം ഒന്നിലേറെ പ്രോജക്ടുകള്‍ താന്‍ ചെയ്യാറുണ്ട്. പ്രവര്‍ത്തിതലത്തില്‍ തന്റെ എഞ്ചിനീയറിങ് സംഘത്തോടൊപ്പമാണ് സീമ പ്രവര്‍ത്തിച്ചിരുന്നത്.

ഇതിനിടെയാണ് ആ ദാരുണ സംഭവം ഉണ്ടായത്. സീമയുടെ ഭര്‍ത്താവ് ആക്‌സിമകമായി മരിച്ചു. ആ സമയത്ത് അവരുടെ കുട്ടികള്‍ തീരെ ചെറുപ്പമായിരുന്നു. അവര്‍ ആകെ തകര്‍ന്നു പോയി. ഇന്ത്യയില്‍ ഭര്‍ത്താവില്ലാതെ പിഞ്ചു കുഞ്ഞുങ്ങളുമായി ഒരു സ്ത്രീ. അവര്‍ക്ക് ആ അവസ്ഥ ചിന്തിക്കാനേ ആവുമായിരുന്നില്ല. എന്നാല്‍ ജീവിതത്തിന് മുന്നില്‍ തോറ്റു കൊടുക്കാന്‍ സീമ തയ്യാറല്ലായിരുന്നു.

തനിക്കൊരു ജോലിയുണ്ട്. അതിനാല്‍ സ്വന്തം കാലില്‍ നില്‍ക്കാമെന്ന ആത്മവിശ്വാസം സീമ നേടിയെടുത്തു. അങ്ങനെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് തന്റെ രണ്ട് ആണ്‍മക്കളുടേയും സ്വന്തം ജീവിതത്തിന്റേയും ഉത്തരവാദിത്തം സീമ സ്വയം ഏറ്റെടുത്തു. എന്നാല്‍ വിചാരിച്ച പോലെ അതത്ര എളുപ്പമായിരുന്നില്ല. പലപ്പോഴും ജോലിയും വീടും ഒന്നിച്ചു കൊണ്ടു പോകാന്‍ അവള്‍ വളരെ ബുദ്ധിമുട്ടി. എന്നാല്‍ ഈ വെല്ലുവിളികള്‍ക്കൊന്നും സീമയുടെ നിശ്ചയദാര്‍ഢ്യത്തെ അടിയറ വയ്പ്പിക്കാനായില്ല. വെല്ലുവിളികളെ നേരിടുന്നതാണ് വിജയത്തിലേക്കുള്ള വഴിയെന്ന് അവര്‍ സ്വന്തം ജീവിതം കൊണ്ട് ഉദാഹരണം കാണിച്ചു കൊടുക്കുകയായിരുന്നു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു കമ്പനിയുടെ ടെക്‌നോളജി തലപ്പത്ത് ഉറപ്പായും താന്‍ ഉണ്ടായിരിക്കുമെന്ന് ഭാവിയിലെ ആഗ്രഹത്തെപ്പറ്റി ചോദിച്ചപ്പോള്‍ സീമ പറഞ്ഞു. ടെക്‌നോളജി രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്നാണ് സീമയുടെ മറ്റൊരു ആഗ്രഹം. ടെക്‌നോളജിയുടെ സഹായത്തോടെ നിങ്ങള്‍ക്ക് പല വിഷയങ്ങളില്‍ അപ്‌ഡേറ്റഡ് ആകാന്‍ സാധിക്കും. വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നതും വളരെ രസകരവുമായ ഒന്നാണ് ടെക്‌നോളജി രംഗം. അതിനാല്‍ തന്നെ അതിനെക്കുറിച്ച് കൂടുതല്‍ അറിവുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരും നമ്മളെ തടയാനില്ല. സ്ത്രീകള്‍ക്ക് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. അതിന് വേണ്ടി പ്രവര്‍ത്തിക്കാനും അത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നും സീമ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നു. ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ഏറെയുണ്ടെന്നും സീമ വ്യക്തമാക്കി.