മൃഗസംരക്ഷണ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; അലോഷി ജോസഫ് മികച്ച ക്ഷീരകര്‍ഷകന്‍

0

മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡിന് തൊടുപുഴ കുടയത്തൂര്‍ അലോഷി ജോസഫ് അര്‍ഹനായതായി മൃഗസംരക്ഷണ മന്ത്രി കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. വ്യാവസായിക അടിസ്ഥാനത്തിലുള്ള മികച്ച ഡയറി ഫാമിനുള്ള അവാര്‍ഡായ ക്ഷീരശ്രീ അമ്പലപ്പുഴ തിരുവന്‍വണ്ടൂര്‍ സ്വദേശി ടി.വി അനില്‍കുമാറിനും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് ആലപ്പുഴ നൂറനാട് കെ.ജി. സരസമ്മയ്ക്കും സമ്മാനിക്കും. ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതവും ഫലകവും പ്രശസ്തിപത്രവും നല്‍കും. മികച്ച കോഴികര്‍ഷകനായി കോഴിക്കോട് തിരുവമ്പാടി മലബാര്‍ എഗ്ഗര്‍ നഴ്‌സറിയിലെ വില്‍സണ്‍ മാത്യുവിനെയും മികച്ച വനിതാ സംരംഭകയായി കോട്ടയം തലയോലപ്പറമ്പ് പൊതിയില്‍ ആഷ്‌ലി ജോണിനെയും മികച്ച യുവകര്‍ഷകനായി കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സോജന്‍ ജോര്‍ജിനെയും തിരഞ്ഞെടുത്തു. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഇവര്‍ക്ക് ലഭിക്കുക. എറണാകുളം തൃപ്പൂണിത്തുറ ജോണി വി. ജോണിന് ജന്തുക്ഷേമ അവാര്‍ഡ് സമ്മിനാക്കും മുപ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. 22 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജില്ലാതല മികച്ച ക്ഷീരകര്‍ഷകര്‍, മികച്ച സമ്മിശ്ര കര്‍ഷകര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.