നിര്‍ഭയയ്ക്കായി ഒരു ഗിന്നസ് റെക്കോര്‍ഡ്

0

അമ്മയുടെ ബിസിനസ്സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇഷിക തനേജ മേക്ക് അപ് ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. എന്നാല്‍ ഇഷിക തിരഞ്ഞെടുത്ത വഴി ഏറ്റവും അനുയോജ്യമായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. 1998 കാലഘട്ടത്തിലാണ് ഒരു ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കാന്‍ ഇഷികയുടെ അമ്മ ഭാര്‍തി തനേജ തീരുമാനിച്ചത്. ആ കാലഘട്ടത്തില്‍ സൗന്ദര്യത്തിന് മാറ്റ് കൂട്ടാന്‍ ബ്യൂട്ടി പാര്‍ലറുകളോ അല്ലെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റുകളെയോ കോസ്മറ്റോളജിസ്റ്റുകളെയോ ആണ് ആളുകള്‍ ആശ്രയിച്ചിരുന്നത്. ഭാര്‍തി തന്റെ ഭര്‍ത്താവ് ബല്‍രാജിന്റെ പിന്തുണയോടെയാണ് ബ്യൂട്ടിപാര്‍ലറിന് തുടക്കം കുറിച്ചത്. പാര്‍ലറില്‍ ഒരു ഡോക്ടറുടെ സേവനവും ഉറപ്പാക്കി. സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം ക്ലിനിക്കുകളേയും പാര്‍ലറുകളേയും ആശ്രയിക്കാന്‍ സാധിക്കൂ എന്ന ധാരണക്ക് തന്നെ മാറ്റം വരുത്താന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. സാധാരണക്കാരായ സ്ത്രീകളുടേയും കയ്യിലൊതുങ്ങുന്ന രീതിയിലുള്ള നിരക്കാണ് ഇവിടെ ഈടാക്കിയിരുന്നത്.

അമ്മയുടെ ബിസിനസ്സില്‍ തത്പരയായ മകള്‍ ഇഷിക, ബിസിനസ്സിന്റെ മാറ്റ് കൂട്ടാന്‍ ലണ്ടനില്‍പോയി മേക്ക് അപ്പ് കോഴ്‌സ പഠിക്കാന്‍ തീരുമാനിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബ്യൂട്ടി ആന്‍ഡ് മേക്ക് അപ്പില്‍ പ്രവേശിച്ച ഇഷിക പിന്നീട് നെതര്‍ലന്‍ഡിലെ ലോകപ്രശസ്ത ആട്ടി ടബക്കില്‍ നിന്നും പ്രോസ്‌തെറ്റിക്‌സില്‍ ഉയര്‍ന്ന ബിരുദം കരസ്ഥമാക്കി. മാത്രമല്ല ബിസിനസ്സിലുള്ള താത്പര്യം കൊണ്ട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ഇന്റര്‍ നാഷണല്‍ ബിസിനസ്സ് ആന്‍ഡ് സ്ട്രാറ്റജിക് മാനേജ്‌മെന്റ് പ്രോഗ്രാമും ചെയ്തു.

എയര്‍ബ്രഷ് മേക്കപ്പിലായിരുന്നു ഇഷിക കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഇതിന് പ്രധാന കാരണം ഇഷികയുടെ ടീച്ചറായ നെല്ലി റെച്ചിയ ആയിരുന്നു. റെച്ചിയക്കൊപ്പം ഇഷികയും ഹോളിവുഡിലേക്ക് എത്തിച്ചേര്‍ന്നു. അമേരിക്കല്‍ പോപ്പ് സ്റ്റാര്‍ കാറ്റി പെറിക്ക് മേക്ക് അപ്പ് ചെയ്യാന്‍ ലഭിച്ച അവസരം ഒരു വെല്ലുവിളിയായി തന്നെ സ്വീകരിച്ചു. സിനിമാ സെറ്റുകളില്‍ ധാരാളം ലൈറ്റുകള്‍ സജ്ജീകരിക്കുന്നതുകൊണ്ട് പല കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വന്നു. ചൂട്, ക്യാമറയുടെ ഉപയോഗിക്കുന്ന സമയം ഒക്കെ കണക്കിലെടുത്തപ്പോള്‍ വാട്ടര്‍ പ്രൂഫ്, എച്ച് ഡി, ലോംഗ് ലാസ്റ്റിംഗ് ലുക്ക് എന്നിവ വേണ്ടിവന്നു. എയര്‍ബ്രഷ് മേക്കപ്പ് ഉപയോഗിച്ചുള്ള പലതരം ലുക്കുകള്‍ അവരുടെ ആല്‍ബത്തിനായി തയ്യാറാക്കുന്നതിന് ഇഷിക സഹായിച്ചു. മേക്ക് അപ്പിനെ കലയും ടെക്‌നിക്കുമായി കൂട്ടിക്കലര്‍ത്തിയുള്ള പരിശ്രമം വളരെ നൂതനമായിരുന്നു. പ്രതീക്ഷിച്ചതിനേക്കാളും മികച്ച ഫലവും ഇത് നേടിത്തന്നു.

ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കികഴിഞ്ഞപ്പോള്‍ ഹോളിവുഡിലെ ഒരു മികച്ച സാന്നിധ്യമായി ഇഷിക മാറി. ബ്രിട്ട്‌നീ സ്പിയേഴ്‌സ് പോലുള്ള ഹോളിവുഡ് സ്റ്റാറുകള്‍ക്ക് മേക്കപ്പ് നല്‍കാനും ഈ മേഖലയിലെ പുരസ്‌കാരങ്ങള്‍ നേടാനും കഴിഞ്ഞു. എന്നാല്‍ സ്വന്തം രാജ്യത്ത് തന്റെ കഴിവുകള്‍ പ്രതിഫലിക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഇഷികയെ ഇന്ത്യയിലേക്കെത്തിച്ചു.

ഇന്ത്യയിലെത്തിയെങ്കിലും ആദ്യം ബോളിവുഡിലെ താരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അമീര്‍ ഖാനും ജോണ്‍ എബ്രഹാമിനുമായാണ് തന്റെ കഴിവുകള്‍ വിനയോഗിച്ചത്. എന്നാല്‍ മനസ്സ് കുടുംബ ബിസിനസ്സിലേക്ക് ഇഷയെ അടുപ്പിച്ചുകൊണ്ടിരുന്നു. എത്രയും വേഗം കുടുംബ ബിസിനസ്സിലേക്ക് മടങ്ങാന്‍ ഇഷിക തീരുമാനിക്കുകയും ആല്‍പ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു.

ലോകത്തെ മുഴുവന്‍ ഞെട്ടിച്ച നിര്‍ഭയ പെണ്‍കുട്ടിയുടെ സംഭവം അന്ന് ഇഷികക്കും വലിയ ആഘാതമായിമാറി. ആ പെണ്‍കുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും കലശലായി. തന്നപ്പോലെ സ്വന്തം സ്വപ്‌നങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യാന്‍ ശ്രമിച്ചവള്‍, അവളില്‍ സ്വന്തം ജീവിതമാണ് ഇഷിക കണ്ടത്.

സ്വന്തം കഴിവുകള്‍ ഉപയോഗിച്ച് ഒരു ഗിന്നസ് റെക്കോര്‍ഡ് നേടിയെടുക്കാന്‍ ഇഷിക തീരുമാനിച്ചു. സ്ത്രീകള്‍ക്കും പരിശ്രമത്തിലൂടെ ഉയര്‍ന്ന സ്ഥാനം കീഴടക്കാനാകുമെന്ന് തെളിയിക്കാനുള്ള ഒരു പിരശ്രമം കൂടി ആയിരുന്നു ഇത്. 60 മോഡലുകളില്‍ എയര്‍ ബ്രഷിംഗിലൂടെ മേക്ക് ചെയ്യുന്നത് ടാര്‍ജറ്റായി തീരുമാനിച്ചു. അനായാസേനയുള്ള വിജയമാരുന്നില്ല. പ്രതിബന്ധങ്ങളും തടസ്സങ്ങളും തരണം ചെയ്തുളള വിജയമായിരുന്നു. രജിസ്‌ട്രേഷന്‍ കഴിഞ്ഞതോടെ പരിശീലനത്തിലുള്ള നാളുകളായിരുന്നു. എല്ലാ ദിവസവും മണിക്കൂറുകളോളം അതീവ ശ്രദ്ധയോടെ പരിശീലിച്ച് ഒടുവില്‍ ഒരു മണിക്കൂറില്‍ 60 പേരെ എയര്‍ ബ്രഷ് മേക്കപ്പ് ചെയ്യാനുള്ള ആത്മവിശ്വാസം നേടി. എന്നാല്‍ അനൗദ്യോഗികമായ ഇഷയുടെ റെക്കോര്‍ഡ് 80 ആയിരുന്നു.

ഇത്തരമൊരു റെക്കോര്‍ഡിന് ഇതിന് മുമ്പ് ആരും തന്നെ ശ്രമിച്ചിരുന്നില്ല. എയര്‍ ബ്രഷ് ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് മോഡലുകളുടെ മുഖത്ത് മികച്ച രീതിയിലുള്ള മേക്ക് അപ് ചെയ്യാമെന്നാണ് ഇഷിക തെളിയിച്ചത്. മൂന്ന് കളര്‍ എയര്‍ ബ്രഷുകളാണ് ഉപയോഗിച്ചത്. ഒരു പോലുള്ള രണ്ട് ലുക്കുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പും നല്‍കിയിരുന്നു. നിര്‍ഭയയുടെ ദാരുണ മരണത്തിന്റെ രണ്ടാം വാര്‍ഷികമാണ് ഇത് തെളിയിക്കാനായി തിരഞ്ഞെടുത്തത്.

ഒരു അഭിഭാഷകന്‍, എയര്‍ബ്രഷ് വിദഗ്ധന്‍, സ്‌പോര്‍ട് അതോറിറ്റിയില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍, ഗിന്നസ് ലോക റെക്കോര്‍ഡ്‌സില്‍ നിന്നുള്ള ഒരു പ്രതിനിധി, എയര്‍ ബ്രഷിംഗില്‍ കോഴ്‌സുകള്‍ നടത്തുന്ന ഒരു വിദഗ്ധന്‍ എന്നിവരാന് പാനലില്‍ ഉണ്ടായിരുന്നത്. എല്ലാ കണ്ണുകളും ഇഷികയിലേക്ക് കേന്ദ്രീകരിച്ച ദിനം. 60 മോഡലുകളാണ് ടാര്‍ജറ്റായി പറഞ്ഞിരുന്നതെങ്കിലും 100 മോഡലുകളെ ഇഷിക ശുഭാപ്തി വിശ്വാസത്തോടെ തയ്യാറാക്കിയിരുന്നു. ഇതില്‍ 64 മോഡലുകളെ അവതരിപ്പിച്ചു. നാലു പേര്‍ അയോഗ്യരാക്കപ്പെട്ടു.

എന്നാല്‍ 60 എന്നത് ഇഷക്ക് ഭാഗ്യ നമ്പറായി മാറി. ബാക്കി 60 മോഡലുകളേയും വ്യത്യസ്ത രീതിയില്‍ ഒരു മണിക്കൂര്‍കൊണ്ട് എയര്‍ബ്രഷ് മാജിക്കിലൂടെ മേക്ക് അപ്പ് ചെയ്യാന്‍ ഇഷികക്ക് സാധിച്ചു. നിര്‍ഭയയുടെ ധീരതക്ക് മുന്നില്‍ തന്റെ ഗിന്നസ് റെക്കോര്‍ഡ് ഇഷിക സമര്‍പ്പിച്ചു. അതിലൂടെ ലഭിച്ച പണവും നിര്‍ഭയ ജ്യോതി ട്രസ്റ്റിന് നല്‍കി. 12 ലക്ഷം രൂപ ചെലവഴിച്ച 12 സ്‌കോളര്‍ഷിപ്പുകളാണ് ഡല്‍ഹിയില്‍ ഇത്തരം കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍കകായി ഏര്‍പ്പെടുത്തിയത്. മാത്രമല്ല അവര്‍ക്കായി ജോലിയും ഇഷിക വാഗ്ദാനം ചെയ്തിട്ടുണ്ട്.