ഹെറിറ്റേജ് ക്‌ളബ്ബ് അംഗങ്ങളുടെ പഠനക്യാമ്പ് ആരംഭിച്ചു  

0

സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ഹെറിറ്റേജ് ക്‌ളബ്ബംഗങ്ങള്‍ക്കായുള്ള പഠന ക്യാമ്പ് കോവളം കെ.റ്റി.ഡി.സി സമുദ്ര ഹോട്ടലില്‍ ആരംഭിച്ചു. തുറമുഖ, പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 

സാംസ്‌കാരിക, ചരിത്രബോധത്തിന്റെ അലഭ്യതയാണ് കുട്ടികളെ തെറ്റായ വഴികളിലേക്ക് നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ മഹിതമായ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകളെക്കുറിച്ചറിയാനുള്ള ഇത്തരം കൂട്ടായ്മകള്‍ക്ക് പ്രസക്തിയുണ്ട്. ചരിത്രം മനസ്സിലാക്കാനും രാജ്യത്തെക്കുറിച്ച് അഭിമാനബോധവും ദേശീയബോധവും ഉണ്ടാകാനും പാഠപുസ്തകത്തിനപ്പുറം പുതുതലമുറ യാത്ര ചെയ്യണമെന്നും മന്ത്രി പറഞ്ഞു. എം.വിന്‍സന്റ് എം.എല്‍എ അധ്യക്ഷനായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സജിനി.എസ്, മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ.ഗംഗാധരന്‍, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.റെയ്മണ്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എ.നിസാബീവി, പാളയം രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബിജു നന്ദിയും പറഞ്ഞു. ചടങ്ങിനുശേഷം ചരിത്രപഠനത്തില്‍ പുരാരേഖകളുടെ പങ്ക് എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ്.ഉണ്ണികൃഷ്ണന്‍ ക്ലാസ് നയിച്ചു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ ഹെറിറ്റേജ് ക്‌ളബ്ബംഗങ്ങളായ 80 വിദ്യാര്‍ഥികളും അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കുന്നു.