മൂന്നാംലിംഗക്കാരുടെ സംരക്ഷകരായി നാല്‍വര്‍ സംഘം

0

നിതിന്‍, വിദ്യ, ഭാരത്, ശങ്കര്‍ നിങ്ങളുടെ യുദ്ധവീര്യത്തിന് നമ്മള്‍ നല്‍കുന്നു എ ബിഗ് സല്യൂട്ട്. മൂന്നാം ലിംഗക്കാരനാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ചതിന്, മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക്, ഇത്തരക്കാരെ സമൂഹ മധ്യത്തിലേക്കിറക്കാനുള്ള പ്രോത്സാഹനങ്ങള്‍ക്ക്. മൂന്നാം ലിംഗക്കാര്‍ അല്ലെങ്കില്‍ സ്വര്‍ഗാനുരാഗികള്‍ എന്ന് നാം ഓമനപ്പേരില്‍ വിളഇക്കുന്ന ഒരു വിഭാഗത്തെക്കുറിച്ച് കേട്ടാല്‍ ഇതെന്താണെന്നോര്‍ത്ത് നെറ്റി ചുളിക്കുന്ന ഒരു സമൂഹത്തിനിടയിലേക്കാണ് താനുള്‍പ്പെട്ട ഒരു വലിയ മൂന്നാം ലിംഗ വിഭാഗത്തെ ഇവര്‍ കൈപിടിച്ചുയര്‍ത്തിയത്.

ലെസ്ബിയന്‍ (സ്വവര്‍ഗപ്രണയിനി), ഗേ(സ്വവര്‍ഗപ്രണയി), ബൈസെക്ഷ്വല്‍(ഉഭയവര്‍ഗപ്രണയി), ട്രാന്‍സ്‌ജെന്റര്‍ (അപരലിംഗര്‍) എന്നിവര്‍ ലൈംഗികന്യൂനപക്ഷം അഥവാ എല്‍ ജി ബി ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പനുസരിച്ച് സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാണ്. എന്നാല്‍ 2009ല്‍ ഡല്‍ഹി ഹൈക്കോടതി പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയസമ്മതപ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാമെന്ന് വിധിച്ചു. ഇതിനെതിരെ വിവിധ മത സംഘടനകളുള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് സുപ്രീം കോടതി, സ്വവര്‍ഗ്ഗ രതി ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി നിര്‍വചിക്കുന്ന 377-ാം വകുപ്പില്‍ ഭരണഘടനാ പ്രശ്‌നമില്ലെന്ന് വിധിക്കുകയുണ്ടായി. ഇന്നും സ്വവര്‍ഗാനുരാഗികളെ വിവേകശൂന്യരായാണ് പലരും കണക്കാക്കുന്നത്. ഇത്തരക്കാര്‍ക്കിടയില്‍നിന്നാണ് നിതിന്‍ കത്തിജ്വലിക്കാന്‍ തുടങ്ങിയത്.

ബംഗലൂരുവിലും പൂനെയിലും മറ്റും ജനിച്ച് വളരുന്ന മറ്റേതൊരു കുട്ടിയെയും പോലെയുമായിരുന്നു നിതിന്‍ ബന്ത്വാള്‍ റാവു. കണക്ക് ഇഷ്ടപ്പെട്ടിരുന്ന നിതിന് പുതിയ വിഷയങ്ങള്‍ പഠിക്കുന്നതിനും വളരെ താല്‍പര്യമുണ്ടായിരുന്നു. സൂറത്കലിലെ എന്‍ ഐ ടിയില്‍ നിന്നും ഐ ടിയില്‍ ബിരുദം എടുത്ത ശേഷമാണ് അദ്ദേഹത്തിന് മനുഷ്യാവകാശം, പ്രാഥമിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ താല്‍പര്യം തോന്നിയത്. തുടര്‍ന്ന് സ്ലോവനിലെ എം ഐ ടിയില്‍ നിന്നും എം ബി എ എടുത്ത നിതിന്‍ സിലിക്കണ്‍ വാലിയില്‍ ഒരു ടെക് സംരംഭം ആരംഭിച്ചു.

എന്നാല്‍ ഇത്രയധികം നേട്ടങ്ങളുണ്ടാക്കിയെങ്കിലും താനൊരു സ്വവര്‍ഗപ്രണയിയാണെന്ന് ചുറ്റുമുള്ളവരോട് പറയാന്‍ അവനാകുന്നില്ലായിരുന്നു. 'ഞാനെപ്പോഴും പുരുഷന്മാരിലാണ് ആകൃഷ്ടരാകുന്നത്, എന്നാല്‍ നമ്മളുടെ സാംസ്‌കാരിക മനോഭാവത്തെ തുടര്‍ന്ന് അക്കാര്യം എന്റെ മാതാപിതാക്കളോടോ അടുത്ത സുഹൃത്തുക്കളോടോ പോലും വ്യക്തമാക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല' എന്നാണ് നിതിന്‍ പറഞ്ഞത്. അവസാനം അവന്‍ അക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ഇതൊരു മെഡിക്കല്‍ പ്രശ്‌നമാണെന്നായിരുന്നു. മാതാപിതാക്കളുടെ അജ്ഞതയില്‍ തനിക്ക് ആശ്ചര്യമാണ് തോന്നിയതെന്ന് നിതിന്‍ പറയുന്നു.

എല്‍ ജി ബി ടിയിലെ വലിയൊരു വിഭാഗവും അവരുടെ വ്യക്തിത്വം തുറന്ന് പറയാന്‍ വിമുഖത കാണിക്കുന്നവരാണ്. തന്റെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പോലും എല്‍ ജി ബി ടി വിദ്യാര്‍ത്ഥികളെപ്പറ്റി മോശം ഭാഷയിലാണ് സംസാരിച്ചിരുന്നത്. എല്‍ ജി ബി ടികള്‍ മുന്നിലേക്ക് ഇറങ്ങേണ്ടത് ധൈര്യത്തിന്റെ അടയാളമാണെന്നും എന്നാല്‍ അങ്ങനെ വേണോ എന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണെന്നുമാണ് നിതിന്റെ പക്ഷം. മുതിര്‍ന്ന തലമുറയേക്കാള്‍ പുതു തലമുറയിലുള്ളവര്‍ കുറച്ച് കൂടി ഈ വിഷയത്തില്‍ തുറന്ന സമീപനമുള്ളവരാണ്. സമൂഹമദ്ധ്യത്തിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇനി ആരെങ്കിലും ലൈംഗികന്യൂനപക്ഷങ്ങളെപ്പറ്റി മോശമായി സംസാരിക്കുന്നത് കേട്ടാല്‍ അവരെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു കൊടുക്കേണ്ടത് നമ്മളുടെ കടമയാണെന്നാണ് നിതിന് പറയാനുള്ളത്.

2010ല്‍ തുഷാര്‍ മാലിക്കിനൊപ്പം ഈക്വല്‍ ഇന്ത്യ അലൈന്‍സ് സ്ഥാപിക്കാന്‍ സഹായിച്ച നിതിന്‍ 'ഐ ആലി' എന്ന കാമ്പയിനിന്റെ ഭാഗമായി എല്‍ ജി ബി ടികളുടെ അവകാശത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള 300 ഇന്ത്യക്കാരുടെ വീഡിയോയും പകര്‍ത്തിയിരുന്നു.

ഇനി വിദ്യ എന്ന വിദ്യ പൈയെക്കുറിച്ച്: ഇന്‍വെസ്റ്റ് ബാങ്കര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദം എടുത്തതിന് ശേഷമാണ് വിദ്യ പൈ സിറ്റി ബാങ്കിലെ ഇന്‍വെസ്റ്റ് ബാങ്കറായി മാറിയത്. ഇരുപതാം വയസിന്റെ അവസാനത്തോടെയാണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് അവള്‍ മനസിലാക്കിയത്. വൈകാതെ തന്നെ തന്റെ അവസ്ഥയുമായി അവര്‍ പൊരുത്തപ്പെട്ടു. എല്‍ ജി ബി ടി ക്ക് വേണ്ടിയുള്ള വിദ്യയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടതോടെയാണ് അവളുടെ മാതാപിതാക്കള്‍ക്ക് വിദ്യയും ആ വിഭാഗത്തിലാണോ എന്ന് സംശയം തോന്നിത്തുടങ്ങിയത്. വിദ്യ സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞപ്പോള്‍ അവളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ യാതൊന്നും പറഞ്ഞില്ല.

ലൈംഗികതയെ സ്വഭാവവുമായാണ് പലപ്പോഴും ജനങ്ങള്‍ ബന്ധപ്പെടുത്തുന്നത്. എന്നാല്‍ അതങ്ങനെയല്ലെന്നും അത് തങ്ങളുടെ വ്യക്തിത്വമാണെന്നുമാണ് വിദ്യ പറയുന്നത്. എല്‍ ജി ബി ടി അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല വിദ്യ പൈ പോരാടുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍, മൃഗങ്ങളുടെ സംരക്ഷണം എന്നിവയും അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പ്രധാനമായും രണ്ട് കാര്യങ്ങള്‍കൊണ്ടാണ് ജനങ്ങള്‍ തങ്ങളുടെ വ്യക്തിത്വം തുറന്ന് പറയാന്‍ വിമുഖത കാണിക്കുന്നതെന്നാണ് വിദ്യ പറയുന്നത്. ഒന്ന്, സാമൂഹ്യപരമായ കാരണമാണ്. സമൂഹത്തില്‍ തങ്ങളെ മോശമായി ചിത്രീകരിക്കുമ്പോള്‍ എന്തിനാണ് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തുന്നതെന്ന് അവര്‍ക്ക് തോന്നാം. ആരും താനൊരു ലെസ്ബിയനാണ്, ഗേ ആണ് എന്നൊന്നും പറഞ്ഞ് മുന്നിലേക്ക് വന്നിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് തങ്ങളെപ്പറ്റി പറയാന്‍ മടി തോന്നാം. മാദ്ധ്യമങ്ങളിലൂടെയും സംഘടനകളിലൂടെയും അവരുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിച്ച് തങ്ങളെപ്പറ്റി പറയാന്‍ പ്രചോദനം നല്‍കാം. നിയമപരമാണ്് രണ്ടാമത്തെ കാരണം. അടുത്തിടെ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി ഞെട്ടിക്കുന്നതാണെന്നും വിദ്യ വ്യക്തമാക്കി. ഇതിലേക്ക് മതപരമായ വിശ്വാസങ്ങളെകൂടി കൊണ്ട് വരുമ്പോള്‍ അവസ്ഥ കൂടുതല്‍ മോശമാകുമെന്നും അവര്‍ പറഞ്ഞു.

ആദ്യം എല്‍ ജി ബി ടിയില്‍പ്പെട്ടവര്‍ അവരെപ്പറ്റി സ്വയം അംഗീകരിക്കുകയാണ് വേണ്ടത്. താനാരാണ് എന്നതാണ് പ്രധാനമെന്നും വിദ്യ വ്യക്തമാക്കി. ആത്മവിശ്വാസമുള്ളതിനാലാണ് താനിതെല്ലാം ചെയ്യുന്നതെന്ന് പറഞ്ഞ വിദ്യ നമ്മള്‍ സ്വയം വിശ്വസ്തരായിരിക്കണമെന്നും നമ്മളാരാണെന്നോ എന്ത് ചെയ്യണമെന്നോ മറ്റുള്ളവര്‍ പറയാന്‍ അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

അടുത്തത് ഭാരതിന്റെ കഥ: കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സ് നേടിയ ആമസോണിലെ ലേണിങ് ആന്റ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റാണ് ഭാരത് ജയരാമന്‍. ഗുഗിള്‍, വിപ്രോ പോലുള്ള കമ്പനികള്‍ക്ക് വേണ്ടിയും ഭാരത് പ്രവര്‍ത്തിച്ചിട്ടുണ്ട്. താനൊരു ഗേയാണെന്ന് മനസിലാക്കിയപ്പോള്‍ ഇതേ അവസ്ഥയിലുള്ള മറ്റുള്ളവര്‍ക്ക് ഉണ്ടാകാറുള്ള യാതൊരു പ്രശ്‌നവും തനിക്കുണ്ടായിട്ടില്ലെന്നത് വലിയൊരു ഭാഗ്യമായിരുന്നെന്നാണ് ഭാരത് പറയുന്നത്. തന്റെ വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ അതില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു.

എന്നാല്‍ തന്നെപ്പോലെ എല്ലാവരും മുന്നോട്ട് വന്ന് ഗേയാണെന്ന് പറയാന്‍ ധൈര്യം കാണിക്കാത്തത് അംഗീകരിക്കപ്പെടില്ലെന്നുള്ള ഭയം കൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്. സമൂഹം അവരെ ശാരീരികമായി ഉപദ്രവിച്ചേക്കുമോ എന്ന് അവര്‍ ഭയപ്പെടുന്നു.

ഗവണ്‍മെന്റിലേയോ കോര്‍പ്പറേറ്റിലേയോ ഉന്നത പദവികളിലോന്നും എല്‍ ജി ബി ടി സമൂഹത്തിലെ ആരും തന്നെ ഇല്ലെന്നും അതിനാല്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വന്ന് അവരുടെ ലൈംഗിക വ്യക്തിത്വം വ്യക്തമാക്കണമെന്നുമാണ് ഭാരതിന്റെ അഭിപ്രായം.

ഇനി ശങ്കറിനെക്കുറിച്ച്: തമിഴ്‌നാട്ടിലെ ട്യൂട്ടിക്കോറിന്‍ എന്ന ചെറുപ്രദേശവാസിയാണ് ശങ്കര്‍. ഒരു ശരാശരി വിദ്യാര്‍ത്ഥിയായ ശങ്കറിന് തന്റെ സ്‌കൂള്‍ കാലം മുതല്‍ക്കേ ഒരു ടെക്കി ആകണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കെയാണ് താനൊരു ഗേയാണെന്ന് ശങ്കര്‍ മനസിലാക്കുന്നത്. അതോടെ ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസിലാക്കാന്‍ അവന്‍ തീരുമാനിച്ചു.

അന്നത്തെ കാലത്ത് ഒരേ ലിംഗത്തിലുള്ളവര്‍ പരസ്യമായി ചുംബിക്കുന്നതായുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു കൊണ്ടിരുന്നതായി ശങ്കര്‍ ഇപ്പോഴും ഓര്‍മിക്കുന്നു. ഓര്‍ക്കുട്ടിലൂടെയാണ് തന്നേ പോലുള്ള പലരുമായും ശങ്കറിന് സൗഹൃദമുണ്ടാകുന്നത്. ഇവരില്‍ ചിലരെ കാണണമെന്ന് ശങ്കര്‍ ആഗ്രഹിച്ചു. ചെന്നെയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ ഇവരെല്ലാം ഉഭയവര്‍ഗപ്രണയികളാണെന്ന് മനസിലാക്കിയ ശങ്കര്‍ തനിക്കൊരു പങ്കാളിയെ കണ്ടെത്താനാകാത്തതിനാല്‍ വൈകാരികമായി തളര്‍ന്നു.

തന്നെ സമൂഹം അംഗീകരിക്കുമോ എന്നും തന്റെ മാതാപിതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നും മറ്റും ചിന്തിച്ച് അയാള്‍ വിഷണ്ണനായി. ഒടുവില്‍ തന്നെപ്പറ്റി അച്ഛനുമായി അവന്‍ പങ്കുവച്ചു. എന്നാല്‍ അത് മരുന്ന് കഴിച്ചാല്‍ മാറുമെന്ന മറുപടിയാണ് അച്ഛനില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഇതൊരു രോഗാവസ്ഥയല്ലെന്ന് ശങ്കറിന് വ്യക്തമായി അറിയാമായിരുന്നു.

ഉള്‍ഗ്രാമങ്ങളിലുള്ളവരുടെ അവസ്ഥ കുറച്ച് കൂടി മോശമാണ്. പല തമിഴ്പത്രങ്ങളും ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. ഗേ വിഭാത്തിലുള്ളവര്‍ അനുഭവിക്കുന്ന വൈകാരികമായ വിഷയങ്ങളെപ്പറ്റി പലരും ചിന്തിക്കാറില്ല. അത് ലൈംഗികതയോ ശാരീരികമായ താല്‍പര്യമോ അല്ല. സമൂഹത്തില്‍ നിന്നും മെഡിക്കല്‍ സമൂഹത്തില്‍ നിന്നും പിന്തുണയാണ് തങ്ങള്‍ക്കാവശ്യം. താനിപ്പോള്‍ ജോലി നോക്കുന്ന ഫ്രഷ്ഡസ്‌കിലെ സഹപ്രവര്‍ത്തകരുടെ പിന്തുണ വളരെ വലുതാണെന്നും അതിനാല്‍ ജോലിയില്‍ നിന്നും നല്ല അനുഭവങ്ങളാണ് ലഭിക്കുന്നതെന്നും ശങ്കര്‍ വ്യക്തമാക്കി.

കഴിവുള്ള വ്യക്തികളാണ് എല്ലായ്‌പ്പോഴും മുന്നോട്ട് നയിക്കുന്നതെന്ന് നമ്മള്‍ മനസിലാക്കണം. എല്‍ ജി ബി ടി സമൂഹത്തില്‍ കഴിവുള്ള എത്രയോ പേരുണ്ട്. അവരെ അംഗീകരിക്കണം. അല്ലെങ്കില്‍ അവര്‍ അവസരം തേടി രാജ്യം വിടും. എല്‍ ജി ബി ടിയോട് ഇന്റര്‍നെറ്റില്‍ ധാരാളം വായിക്കാനും സാധ്യമെങ്കില്‍ ഒരു പ്രൊഫഷണല്‍ കൗണ്‍സലറിന്റെ സേവനം തേടാനും ശങ്കര്‍ നിര്‍ദ്ദേശിച്ചു. ഇതിലൂടെ അവര്‍ക്ക് അല്‍പം കൂടി മാനസികശക്തി നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നാല് വ്യക്തികളും അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയിച്ചവരാണ്. നമ്മുടെ സമൂഹത്തില്‍ ഇക്കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്. നടപ്പിലാക്കാന്‍ പ്രയാസവും. അര്‍ദ്ധനാരീശ്വരനെ ആരാധിക്കുന്ന സമൂഹം തന്നെയാണ് മൂന്നാം ലിംഗക്കാരെ ചോദ്യം ചെയ്യുന്നതെന്നതാണ് ഇതിലെ വിരോധാഭാസം. ഇവരെ പോലുള്ള വ്യക്തികളെ മാതൃകകളാക്കി സ്വവര്‍ഗപ്രണയിനിയെന്നോ ഗേയെന്നോ ഉഭയവര്‍ഗപ്രണയിയെന്നോ അപരലിംഗരെന്നോ ഒന്നും വേര്‍കൃത്യമില്ലാത്ത ഒരു ലോകത്തിലേക്ക് നമ്മള്‍ എത്തുമെന്ന് പ്രത്യാശിക്കാം.