ലക്ഷ്യങ്ങളുടെ നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട് ഡോ. എം അയ്യപ്പന്‍

ലക്ഷ്യങ്ങളുടെ നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട് ഡോ. എം അയ്യപ്പന്‍

Thursday June 02, 2016,

3 min Read

അന്നത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ 2003ല്‍ മാനേജിംഗ് ഡയറക്ടര്‍ തസ്തകയിലേക്കുള്ള അഭിമുഖത്തിനെത്തിയപ്പോള്‍ ഡോ. എം.അയ്യപ്പനോട് ഇന്റര്‍വ്യൂ ബോര്‍ഡില്‍നിന്ന് ഉയര്‍ന്ന ചോദ്യം: എന്താണ് താങ്കളുടെ ലക്ഷ്യം? കമ്പനിയുടെ വിറ്റുവരവ് അന്നത്തെ 141 കോടിയില്‍നിന്ന് ആയിരം കോടി രൂപയാക്കുക എന്നതായിരുന്നു ഡോ.അയ്യപ്പന്റെ ഉത്തരം. ഇന്ന് എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാന്‍മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അദ്ദേഹം ഇന്ന് വിരമിക്കുമ്പോള്‍ സ്ഥാപനത്തിന്റെ വിറ്റുവരവ് പതിനായിരം കോടിയോട് അടുക്കുന്നു. അന്ന് 46 വയസുമാത്രമുണ്ടായിരുന്ന ഡോ.അയ്യപ്പന്‍ വെറും അഞ്ചു മിനിറ്റു കൊണ്ടാണ് ലക്ഷ്യത്തിലേക്കുള്ള തന്റെ പദ്ധതി ഇന്റര്‍വ്യൂ ബോര്‍ഡിനുമുന്നില്‍ അവതരിപ്പിച്ചത്.

image


ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ അയ്യപ്പന്‍ പ്രവേശിക്കുമ്പോള്‍ വെറും നിരോധ് നിര്‍മാണ ഫാക്ടറിയായിരുന്നു അത്. ഇന്ന് ഏഴ് ഗ്രൂപ്പ് കമ്പനികളാണ് എച്ച്.എല്‍.എല്‍ ലൈഫ് കെയറിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിലെ രണ്ട് കമ്പനികള്‍ കൂടി വാങ്ങാന്‍ ധാരണയായിട്ടുണ്ട്. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് 20 ഗ്രൂപ്പ് കമ്പനികളുടെ ഉടമയാകും എച്ച്.എല്‍.എല്‍. ഇന്ത്യ ഏറ്റവുമധികം പുരോഗതി നേടാന്‍ ശ്രമിക്കുന്ന ആരോഗ്യപരിരക്ഷാ മേഖലയില്‍ എച്ച്.എല്‍.എല്‍ എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് 118 രാജ്യങ്ങളില്‍ വിപണന സംവിധാനങ്ങളും രാജ്യത്ത് 22 റീജിയണല്‍ ഓഫീസുകളും ഏഴ് ഫാക്ടറികളും തുടങ്ങാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

ആരോഗ്യപരിരക്ഷാ മേഖലയിലെ തനത് ബിസിനസിനെ സ്വകാര്യമേഖലയുമായി നേരിട്ട് പൊരുതി വൈവിധ്യവല്‍കരിച്ച ഡോ.അയ്യപ്പന്‍ എച്ച്.എല്‍.എല്ലിനെ വാക്‌സിന്‍ നിര്‍മാണം, മരുന്നു നിര്‍മാണം, ഗവേഷണവികസനം, മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍സംരക്ഷിക്കല്‍, ആധുനിക ചികിത്സാമേഖല, മാനേജ്‌മെന്റ് വിദ്യാഭ്യാസം, നിര്‍മാണ മേഖല എന്നിങ്ങനെ തനിക്ക് എത്തിക്കാവുന്നിടത്തെല്ലാം എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള 13 ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ നടത്തിപ്പ് എച്ച്.എല്‍.എല്ലിനാണ്. ഗര്‍ഭനിരോധന ഉറ നിര്‍മിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍നിന്ന് ആരോഗ്യപരിരക്ഷാ മേഖലയില്‍ കൃത്യമായ തൊഴില്‍സംസ്‌കാരമുള്ള കോര്‍പറേറ്റ് സ്ഥാപനമായി മാറിയിരിക്കുകയാണ് ഇന്ന് എച്ച്.എല്‍.എല്‍.

image


എച്ച്.എല്‍.എല്ലിന്റെ സാധ്യതാമേഖലകളുടെ മൂല്യം 4,75,000 കോടി രൂപയുടേതാണെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഇതില്‍ 10,000 കോടി എന്ന ലക്ഷ്യം 2020 ആകുമ്പോഴേക്കും നേടാനാകുമെന്ന് സ്ഥാനമൊഴിയുന്ന സിഎംഡി ചൂണ്ടിക്കാട്ടി. ആനുപാതികമായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ചെന്നൈയ്ക്കു സമീപം ചെങ്കല്‍പെട്ടില്‍ 594 കോടി രൂപയുടെ വാക്‌സിന്‍ നിര്‍മാണ ഫാക്ടറിയാണ് എച്ച്.എല്‍.എല്‍ ബയോടെക് എന്ന കമ്പനിയുടെ കീഴില്‍ നിര്‍മാണത്തിലിരിക്കുന്നത്. ഗോവ ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ 74 ശതമാനം ഓഹരികള്‍ എച്ച്.എല്‍.എല്‍ വാങ്ങിക്കഴിഞ്ഞു.

എച്ച്എല്‍എല്‍ ഫാമിലി പ്രൊമോഷന്‍ ട്രസ്റ്റ് (എച്ച്.എല്‍എഫ്.പി.പി.ടി) എന്നജീവകാരുണ്യമേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയ കമ്പനി ശിശു ആരോഗ്യം, എച്ച്‌ഐവിഎയ്ഡ്‌സ് പ്രതിരോധം, ആരോഗ്യ സുരക്ഷ എന്നീ മേഖലകളില്‍ സേവനസാന്നിധ്യം അറിയിച്ചുകഴിഞ്ഞു. അമേരിക്കയിലെ അക്യുമെന്‍ ഫണ്ട് എന്ന സ്ഥാപനവുമായി സഹകരിച്ച് ഹൈദരാബാദില്‍ സ്ഥാപിച്ച ലൈഫ് സ്പ്രിംഗ്‌സ് ആശുപത്രി പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു.

image


'പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനമാണ് ഒരു സ്ഥാപന മേധാവി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി' ഡോ.അയ്യപ്പന്‍ പറഞ്ഞു. പക്ഷേ കൃത്യമായ വ്യവസ്ഥകളിലൂടെ എച്ച്.എല്‍.എല്ലില്‍ നടത്തുന്ന നിയമനങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെടാറില്ല. അവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുകയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമനങ്ങളില്‍ സ്വാധീനിക്കാന്‍ പ്രയാസമുണ്ടെന്നു കണ്ടാല്‍ രാഷ്ട്രീയക്കാര്‍ ഇടപെടാറില്ലെന്നതാണ് സത്യം. എല്ലാ തട്ടിലുമുള്ള ജീവനക്കാരുടെയും സഹകരണം ലഭിച്ചു എന്നതാണ് സ്ഥാപനത്തിന്റെ ഈ വിജയത്തിന് അടിസ്ഥാനമായത്.

ജീവനക്കാര്‍ക്കിടയില്‍നിന്നുതന്നെ തൊഴില്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു സംഘത്തെ തനിക്ക് ലഭിച്ചു. അവര്‍ ഈ മൂല്യങ്ങളുടെ സ്ഥാനപതിമാരായി വളരുകയായിരുന്നു. ഒന്നാംകിട തൊഴിലാണ് തങ്ങള്‍ ചെയ്യുന്നതെന്ന് എച്ച്.എല്‍.എല്‍ ജീവനക്കാര്‍ക്ക് ബോധ്യമുണ്ട്. കോര്‍പറേറ്റ് സ്ഥാപനമാണെങ്കില്‍ കൂടി എച്ച്.എല്‍.എല്‍ വളരുമ്പോള്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ടു ലഭിക്കുന്നു എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഡോ.അയ്യപ്പന്‍ ചൂണ്ടിക്കാട്ടി.

image


പുതിയൊരു തൊഴില്‍ സംസ്‌ക്കാരം കൊണ്ടുവന്നതാണ് ഡോ അയ്യപ്പന്റെ ഏറ്റഴും വലിയ നേട്ടങ്ങളിലൊന്ന്. സ്ഥാപനത്തിലെ ഏറ്റവും തോഴെയുള്ള ജീവനക്കാരന്‍ മുതല്‍ സി എം ഡി വരെയുള്ളവര്‍ ഒരേ യൂണിഫോം ധരിച്ച് ജോലിക്കെത്തുന്നുവെന്നത് ഈ സംസ്‌ക്കാരത്തെ ശക്തിപ്പെടുത്തി. തൊഴിലിന്റെ കാര്യത്തില്‍ എച്ച്.എല്‍.എല്ലില്‍ ചില ആചാരമര്യാദകളും കൊണ്ടുവരാന്‍ ഡോ.അയ്യപ്പന് കഴിഞ്ഞു. എല്ലാ മാസവും പത്താംതിയതി സ്ഥാപനം വിജയദിവസം ആഘോഷിക്കും. എല്ലാ വര്‍ഷവും ഡിസബര്‍ ആറ്, ഏഴ് തിയതികളില്‍ ആസൂത്രണ ശില്പശാലകള്‍ നടത്തും. വാര്‍ഷിക സമ്മേളനവും എല്ലാ മാസം ഒന്നിന് കാര്യക്ഷമതയും സേവനവും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കി 'തിങ്ക് ടാങ്ക്‌' പ്രഭാഷണങ്ങള്‍ നടത്തും. ഏതു ജീവനക്കാരും തന്റെ ആശയങ്ങള്‍ നേരിട്ട് സി.എം.ഡിക്ക് നല്‍കാനുള്ള സംവിധാനവും അദ്ദേഹം എച്ച്.എല്‍.എല്ലിലേര്‍പ്പെടുത്തി. കേരളത്തിലെ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം എന്നതില്‍നിന്ന് ആഗോള സാന്നിധ്യമുള്ള ഒരു കോര്‍പറേറ്റ് സേവന സ്ഥാപനമായി എച്ച്.എല്‍.എല്ലിനെ മാറ്റിയതിന്റെ ചാരിതാര്‍ഥ്യമാണ് ഡോ.അയ്യപ്പനുള്ളത്.

മാര്‍ക്കറ്റിംഗ് മേഖലയിലെ 12 വര്‍ഷത്തെ പരിചയവുമാണ് 1991ല്‍ അയ്യപ്പന്‍ അന്നത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെത്തിയത്. നിര്‍മാണത്തിനൊപ്പം വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാല്‍മാത്രമെ ഒരു പൊതുമേഖലാ സ്ഥാപനത്തിന് പുരോഗതി ഉണ്ടാവുകയുള്ളു എന്നത് മനസിലാക്കി പ്രവര്‍ത്തിച്ച അയ്യപ്പന്‍ എച്ച്.എല്‍.എല്ലിനെ ലോകം അറിയുന്ന ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുകയായിരുന്നു. സ്ഥാപനത്തിനൊപ്പം വളര്‍ന്ന ഡോ.അയ്യപ്പന്‍ 20022003ല്‍ മാനേജിംഗ് ഡയറക്ടറും 2005ല്‍ സിഎംഡിയുമായി. സ്ഥാപനത്തിന്റെ സ്വപ്‌നങ്ങള്‍ സ്വന്തം സ്വപ്‌നങ്ങളായി കാത്തുസൂക്ഷിച്ച അദ്ദേഹം 2010ലാണ് ആയിരം കോടി വിറ്റുവരവെന്ന ലക്ഷ്യത്തിലെത്തിയത്. പതിനായിരം കോടി എന്ന സ്വപ്‌നം വെറും നാലു വര്‍ഷം അകലെയാണെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.

image


മാധവന്‍നായര്‍, ശ്യാമള ദമ്പതികളുടെ മകനായി തിരുവനന്തപുരത്ത് ജനിച്ച ഡോ.അയ്യപ്പന്‍ കേരള സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും കുസാറ്റില്‍നിന്ന് രണ്ടാം റാങ്കോടെ മാര്‍ക്കറ്റിംഗില്‍ എം.ബി.എയും കേരള സര്‍വകലാശാലയില്‍നിന്ന് സോഷ്യല്‍ മാര്‍ക്കറ്റിംഗില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ശിവകുമാരിയാണ് ഭാര്യ. ഗോവിന്ദ്, നന്ദകുമാര്‍ എന്നിവര്‍ മക്കളാണ്.