കാടിറങ്ങി വലയണ്ട; പരാതി കേള്‍ക്കാന്‍ കളക്ടറും സംഘവും ഊരിലെത്തി 

0

അഗസ്ത്യ മലയിലെ കാട്ടകങ്ങളില്‍ നിന്ന് നാട്ടിലേക്കെത്തി പരാതി പറയാനും ആവലാതികള്‍ അറിയിക്കാനും മടിക്കുന്ന ഊരു നിവാസികള്‍ക്ക് ആശ്വാസമായി ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതിയും സംഘവും കാടുകയറി അവര്‍ക്കിടയിലെത്തെി. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ കോട്ടൂര്‍ വനമേഖലയിലെ 27പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ താമസക്കാരുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനും പരിഹരിക്കാനുമാണ് കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പൊടിയം ആദിവാസി സെറ്റില്‍മെന്റിലെത്തിയത്. ജില്ലാ കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച 'കളക്ടര്‍ക്കൊപ്പം ഒരു ദിനം' പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം

എല്ലാ പ്രശ്‌നങ്ങളും ഇത്തരം സന്ദര്‍ശനങ്ങളിലൂടെ പരിഹരിക്കാനാവുന്നതല്ലെങ്കിലും കൃത്യമായ മാര്‍ഗരേഖ നല്‍കുന്നതിനും പ്രശ്‌നപരിഹാരം സുഗമമാക്കുന്നതിനും ഇവ ഫലപ്രദമാണെന്ന് കളക്ടര്‍ പറഞ്ഞു. പലപ്പോഴും പരാതികളും പ്രശ്‌നങ്ങളും പൊതു സംവിധാനങ്ങളുടെ മുന്നിലേക്ക് വെയ്ക്കാന്‍ ഊരുകളിലെ ജനങ്ങള്‍ തയ്യാറായെന്നു വരില്ല. അവരിലേക്കെത്താനും പ്രശ്‌നങ്ങളറിയാനും ഉദ്യോഗസ്ഥ പക്ഷത്തു നിന്ന് ശ്രമങ്ങളുണ്ടാവണം. നിയമത്തില്‍ മുറകേ പിടിക്കുന്നതിനൊപ്പം അവര്‍ക്ക് ഒരു തരത്തിലും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ആദിവാസി മേഖലകള്‍ പോലെ പിന്നാക്കം നില്‍ക്കുന്ന മേഖലകളിലെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കേണ്ടതുണ്ട്. ഇവര്‍ക്കായി പ്രത്യേക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും കളക്ടര്‍ അറിയിച്ചു.

വിവിധ സെറ്റില്‍മെന്റുകളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ കളക്ടറെ കണ്ടു. പല വിഷയങ്ങളിലായി 236 പരാതികള്‍ ലഭിച്ചു. ആധാര്‍, ഇലക്ഷന്‍ ഐഡി എന്നിവ ഇനിയും ലഭിച്ചിട്ടില്ലെതായിരുന്നു പരാതികളേയറെയും. ജാതി സര്‍ട്ടിഫിക്കറ്റ് ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ചും പരാതികളുണ്ടായി. പലപ്പോഴും വീട്ടില്‍ വച്ച് ജനിക്കുന്നതുകൊണ്ടും സമയപരിധിക്കുള്ളില്‍ പഞ്ചായത്തില്‍ വിവിരം ധരിപ്പിക്കാത്തത്തതും ഇക്കാര്യത്തില്‍ നൂലാമാലകളാകുന്നതായി കണ്ടു. അപേക്ഷകള്‍ ശേഖരിച്ചു രേഖകള്‍ സഹിതം ബന്ധപ്പെട്ട ഓഫീസിലെത്തിക്കുന്നതിന് എസ് ടി പ്രമോട്ടര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച 87 പരാതികള്‍ക്ക് പരിഹാരമായി ഒരാഴ്ചക്കകം കോട്ടൂരില്‍ മൊബൈല്‍ യൂണിറ്റ് എത്തിച്ച് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ജില്ലാ കുടുംബശ്രീ മിഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ക്യാമ്പിലെത്തിയ 37 പേര്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തതും ശ്രദ്ധേയമായി. രജിസ്‌ട്രേഷന്‍ നടപടികള്‍ തുടര്‍ന്ന് വരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനഭൂമിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് കൈവശാവകാശ രേഖക്കായുള്ള അപേക്ഷകളും ഇവിടെ ലഭിച്ചിരുന്നു. പാങ്കാവ്, ചേനാംപാറ സെറ്റില്‍മെന്റുകളിലെ 15 കുടുംബങ്ങളാണ് അപേക്ഷ നല്‍കിയത്. ജില്ലയില്‍ സബ് ഡിവിഷന്‍ ലെവല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ വനാവകാശകമ്മിറ്റിയുടെ ശുപാര്‍ശകളോടെ അപേക്ഷകള്‍ അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ആരോഗ്യവകുപ്പിന് ഒരൊറ്റ പരാതി പോലും ലഭിച്ചില്ലെന്നത് ക്യാമ്പിലെ ശ്രദ്ധേയമായ കാഴ്ചകളിലൊന്നായി. കളക്ടര്‍ക്ക് ഒപ്പം പട്ടിക വര്‍ഗവികസനം, വനം, ആരോഗ്യം, ഐ സി ഡി എസ്, ഇലക്ട്രിസിറ്റി, എക്‌സൈസ്, പോലീസ്, സിവില്‍ സപ്ലൈസ്, പഞ്ചായത്ത്, റവന്യൂ, തുടങ്ങിയ വിവിധ വകുപ്പുകളുടെ ജില്ലാ- താലൂക്ക് തല ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉണ്ടായിരുന്നു