കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണം തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന സംവിധാനം വരുന്നു  

0

ഭവനങ്ങളിലെ കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണം തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന സംവിധാനം ജില്ലയില്‍ നടപ്പാക്കുമെന്ന കളക്ടര്‍ എസ്. വെങ്കടേസപതി. സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങളാല്‍ ഒറ്റപ്പെട്ടുപോകുന്ന ഇത്തരം കുട്ടികളുടെ പുനരധിവാസത്തിന് ഈ നടപടി ഏറെ ഗുണകരമാകുമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും സ്ത്രികളുടെയും സാമൂഹികനീതി സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കുട്ടികളോട് മാനസികമായ അകല്‍ച്ച സൂക്ഷിക്കുന്ന നിലവിലെ കാഴ്ചപ്പാട് അകറ്റാനും ഇത് സഹായകമാണ്. ഒരു മാസത്തെ വെക്കേഷന്‍, ക്രിസ്തുമസ് ഓണാവധികള്‍, വീക്കെന്റുകള്‍ തുടങ്ങി പ്രത്യേക കാലയളവിലെ കുട്ടികളുടെ സംരക്ഷണം കുടുംബങ്ങള്‍ക്ക് നല്‍കുന്ന രീതിയാണ് താല്‍ക്കാലിക സംരക്ഷണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.

കുട്ടികളുടെയും സ്ത്രീകളുടെയും സാമൂഹ്യനീതി ഉറപ്പാക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം അത്യന്താപേക്ഷിതമാണെന്നും ഇതിനായി ബന്ധപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനവും നിയമങ്ങളും ബന്ധപ്പെട്ടവര്‍ അറിഞ്ഞിരിക്കണം. നിയമം നോക്കുമ്പോള്‍ നീതി നടപ്പാക്കുന്നുണ്ടോ എന്നതും ഉറപ്പാക്കണം. ഇതിനായി ശില്‍പശാല നടത്തും. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭവനങ്ങളും ഓഫീസുകളും സന്ദര്‍ശിക്കുമെന്നും ഏതൊരുവിധ വീഴ്ചകളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോയ് ജെയിംസ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബിന്ദു ഗോപിനാഥ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സുബൈര്‍ കെ.കെ, മഹിളാ സമഖ്യാ സൊസൈറ്റി ഡയറക്ടര്‍ പി.ഇ ഉഷ. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ അനിതാ ദീപ്തി, സര്‍ക്കാര്‍ സംരക്ഷണ ഭവനങ്ങളുടെ അധികാരികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.