മത്‌സ്യത്തൊഴിലാളികള്‍ക്ക് ബി പി എല്‍ റേഷന്‍ കാര്‍ഡ് നല്‍കും: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

മത്‌സ്യത്തൊഴിലാളികള്‍ക്ക് ബി പി എല്‍ റേഷന്‍ കാര്‍ഡ് നല്‍കും: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

Saturday July 22, 2017,

1 min Read

മത്‌സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാവര്‍ക്കും ബി. പി. എല്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. മത്‌സ്യോത്‌സവത്തിന്റെ ഭാഗമായി ടാഗോറില്‍ നടന്ന മത്‌സ്യത്തൊഴിലാളി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം നടന്ന മത്‌സ്യ അദാലത്തില്‍ ലഭിച്ച പരാതികളേറെയും കാര്‍ഡ് ബി. പി. എല്‍ ആക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഇതേക്കുറിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായി സംസാരിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കാമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു.

image


സ്വന്തമായി വീടു വേണമെന്നതാണ് മത്‌സ്യത്തൊഴിലാളികളുടെ മറ്റൊരു ആവശ്യം. മത്‌സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനനിര്‍മ്മാണം അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥയിലാവും സര്‍ക്കാര്‍ മത്‌സ്യത്തൊഴിലാളികള്‍ക്ക് ഭവനങ്ങള്‍ നല്‍കുക. മത്‌സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് പഠനം നടത്തിയിരുന്നു. എട്ടു ഫ്‌ളാറ്റുകളുടെ പണി ആദ്യഘട്ടം പൂര്‍ത്തിയായി. തിരുവനന്തപുരത്ത് ബീമാപള്ളി, വിഴിഞ്ഞം, അഞ്ചുതെങ്ങ്, പൂന്തുറ, വലിയതുറ എന്നിവിടങ്ങളില്‍ നിന്നെല്ലാം വീടുവേണമെന്ന ആവശ്യവുമായി നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. മത്‌സ്യ അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവരും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. അവര്‍ക്ക് വീട് ലഭ്യമാക്കുന്നതിന് കോര്‍പ്പറേഷനുമായി സഹകരിച്ച് നടപടിയെടുക്കും. മത്‌സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന മണ്ണെണ്ണ പെര്‍മിറ്റ് കൈമാറ്റം ചെയ്യാനും അനുവദിക്കില്ല. മത്‌സ്യബന്ധന തുറമുഖങ്ങളില്‍ 48 മണിക്കൂര്‍ വരെ മത്‌സ്യം കേടുകൂടുതെ സൂക്ഷിക്കുന്ന സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണ്. മത്‌സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റം വരുത്തും. മത്‌സ്യത്തൊഴിലാളികള്‍ക്ക് അത്താണിയായി മാറുന്ന വിധത്തില്‍ മത്‌സ്യഫെഡിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.