ഭിന്നലിംഗക്കാർക്ക് വേണ്ടി കേരളത്തിൽ ജി ടാക്സി

0

സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായിച്ച ഷീ ടാക്സിക്ക് പിന്നാലെ കേരളത്തിൽ മറ്റൊരു വിപ്ലവത്തിന് കൂടി കളം ഒരുങ്ങുന്നു. ഭിന്നലിംഗക്കാർക്ക് വേണ്ടി അവർ ഓടിക്കുന്ന ജി ടാക്സി നിരത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ്. സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്ന് പലപ്പോഴും മാറ്റി നിർത്തപ്പെടുന്ന ഭിന്നലിംഗക്കാർക്കും ഇനി സ്വയം സംരഭകരാകാം.

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്ക്‌ ആണ് ജി ടാക്സി എന്ന ആശയവുമായി എത്തിയത്. അവർ ഇതിനായി പദ്ധതി രേഖയും തയ്യാറാക്കിക്കഴിഞ്ഞു. ജെന്റർ ടാക്സിയുടെ ഉടമകളും തൊഴിലാളികളും എല്ലാം ഭിന്നലിംഗക്കാരായിരിക്കും. ഷീ ടാക്സി സ്ത്രീകൾക്ക് വേണ്ടി നടപ്പിലാക്കിയപ്പോൾ ജി ടാക്സിയിൽ ലിംഗ വ്യത്യാസമില്ലാതെ ആർക്കും കയറാം.

മാർച്ചിൽ ജി ടാക്സിയുടെ ആദ്യ സർവീസ് ആരംഭിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഭിന്നലിംഗക്കാർ സമൂഹവുമായി നിരന്തരം ഇടപെടുന്നതിലൂടെ ഇവരോടുള്ള സമൂഹത്തിന്റെ ഇപ്പോഴുള്ള കാഴ്ചപ്പാട് മാറുകയും അതിലൂടെ മാന്യമായി ജോലി ചെയ്തു ജീവിക്കാനുള്ള അവസരം അവർക്ക് ലഭിക്കുമെന്നും സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീർ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ നവംബർ മാസം അവതരിപ്പിക്കപ്പെട്ട ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയാണ് ജി ടാക്സി സേവനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജെൻഡർ പാർക്ക്‌ സി ഈ ഒ പി ടി എം സുനീഷും ഈ പദ്ധതിയിൽ വലിയ പ്രതീക്ഷയാണ് വച്ചിരിക്കുന്നത്.സോഷ്യൽ മീഡിയയും ദേശീയ മാധ്യമങ്ങളും കേരള സർക്കാറിന്റെ ഈ സംരഭത്തെ വാനോളം പുകഴ്ത്തുകയാണ്.