നഗരങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ 'എക്കോ ആഡ്'

0

രാജ്യത്തെ എല്ലാ നഗരങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് മാലിന്യം. ഇതില്‍ പ്രധാന വില്ലന്‍ പ്ലാസ്റ്റിക് ആണ്. ഇവയെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂനെ ആസ്ഥാനമായി എക്കോആഡ് എന്ന സ്ഥാപനം ആരംഭിച്ചത്. രോഹിത് നായര്‍ ആയിരുന്നു സ്ഥാപകന്‍. അപകടകാരികളായ പ്ലാസ്റ്റിക്കിനെ ഉന്മൂലനം ചെയ്യുകയായിരുന്നു ലക്ഷ്യം. ജോലിയില്ലാതിരുന്ന സ്ത്രീകളെയാണ് സംരംഭത്തിനായി സംഘടിപ്പിച്ചത്. ഇവര്‍ നിര്‍മിക്കുന്ന പേപ്പര്‍ ബാഗുകള്‍ അടുത്തുള്ള കടകളിലാണ് വിറ്റഴിച്ചിരുന്നത്. സമഗ്ര സാനിറ്റേഷന്റെ സ്ഥാപകനും ഡയറക്ടറുമായ സ്വപ്നില്‍ ചതുര്‍വേദിയാണ് ആദ്യമായി ഈ സംരംഭത്തിനായി പണം നിക്ഷേപിച്ച് സഹായിച്ചത്.

ഇപ്പോള്‍ മറ്റ് നഗരങ്ങളിലെ കടകളിലും പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ ഇവര്‍ ആരംഭിച്ചു കഴിഞ്ഞു. മുംബൈ, ഹൈദ്രാബാദ്, ചെന്നൈ, മാംഗ്ലൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളാലായി ഏകദേശം എണ്‍പതോളം കടകളാണ് ഇപ്പോഴുള്ളത്. പൂനെ ആസ്ഥാനമാക്കിയാണ് സ്ത്രീകള്‍ ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കിലും മുംബൈ ആസ്ഥാനമാക്കി ആരംഭിക്കാനുള്ള ഒരുക്കങ്ങളും അധികൃതര്‍ ആരംഭിച്ച് കഴിഞ്ഞു. പൂനെയില്‍ മാത്രം ആറ് കോടി പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പേപ്പര്‍ ബാഗുകളുടെ വരവോടെ ഇതിന്റെ എണ്ണം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംരംഭം നിലവില്‍ ലാഭകരമായിട്ടാണ് മുന്നോട്ട് പോകുന്നത്. കുറച്ചുകൂടി വിപുലീകരിക്കനുള്ള ശ്രമത്തിലാണിപ്പോഴെന്ന് ഇതിന്റെ സ്ഥാപകനായ രോഹിത് നായര്‍ പറയുന്നു.

കൂടുതല്‍ പേരുടെ പങ്കാളിത്തതോടെ സംരംഭം വികസിപ്പിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ സംരംഭത്തിന്റെ വികസനത്തിനപ്പുറം ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കലായിരുന്നു ഇതിന്റെ ലക്ഷ്യം. പേപ്പര്‍ ബാഗുകള്‍ എത്ര തന്നെ വിപണിയിലിറക്കിയാലും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ജനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ മാത്രമേ പ്രയോജനമുണ്ടായിരുന്നുള്ളൂ. ഇതിനായി അവര്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

പൂനെയിലെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കാന്‍ സാധിച്ചത് വളരെ വലിയ നേട്ടമായി തന്നെ അവര്‍ കണ്ടു. 3.5 ലക്ഷം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം എല്ലാ മാസവും കുറക്കാന്‍ കഴിഞ്ഞു. പാവപ്പെട്ട സ്ത്രീകള്‍ക്കൊരു വരുമാനം മാര്‍ഗം കണ്ടെത്തി നല്‍കാന്‍ കഴിഞ്ഞതും വിജയമായി അവര്‍ മക്കളുടെ വിദ്യാഭ്യാസത്തിനും വീട്ടിലെ അംഗങ്ങളുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കുമായി ആ പണം ചെലവഴിച്ചു. ഇത്തരത്തില്‍ സംരംഭത്തിലൂടെ ആത്മ സംതൃപിതിനേടാനും സ്ഥാപകന് സാധിച്ചു.