8000 അടി ഉയരത്തില്‍ സ്‌കൂള്‍ നടത്തി സബ്ബ ഹാജി

0

2008ല്‍ ജമ്മു കാശ്മീരിലെ അമര്‍നാഥില്‍ ആരംഭിച്ച കലാപത്തെപ്പറ്റിയുള്ള ടെലിവിഷന്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുകായിരുന്നു സാബ്ബ ഹാജി. ജമ്മുവിലെ ഡോഡ ജില്ലയിലുള്ള തന്റെ ചെറിയ പട്ടണത്തില്‍ നടക്കുന്ന സംഭവങ്ങളും അവള്‍ ടിവിയില്‍ കണ്ടു. ഇതോടെ വീട്ടിലേക്ക് വിളിച്ച് അവള്‍ വിവരം തിരക്കിയെങ്കിലും അവിടെ ആര്‍ക്കും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. ഗ്രാമത്തിലേക്ക് ഒരു കൂട്ടം ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് അവളുടെ അമ്മ പറഞ്ഞു.

കെ.പി.എം.ജിയില്‍ ഓഡിറ്റ് ഇന്റേണായി പ്രവര്‍ത്തിച് ശേഷം സാബ്ബ തന്റെ കുടുംബവീട്ടിലേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ബാംഗ്ലൂരിലെ ജോലി അവസാനിപ്പിച്ച ശേഷം 2008ലെ ഒരു തണുപ്പുകാലത്ത് സാബ്ബ ഡോഡോയില്‍ എത്തിയത്. മലകള്‍ നിറഞ്ഞ ഭൂപ്രദേശമായ ഡോഡയക്ക് അതിന്റേതായ ചരിത്രവും സംസ്‌കാരവും പാരമ്പര്യവുമുണ്ട്. മുറിച്ചു കടക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള സ്ഥലം കൂടിയാണിത്. ആ സ്ഥലത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി ഒരു സ്‌കൂള്‍ ആരംഭിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ഒരു സംഘം ഗ്രാമവാസികള്‍ ഈ സമയത്താണ് സാബ്ബയുടെ കുടുംബത്തെ സമീപിച്ചത്. സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സാബ്ബയുടെ അമ്മാവന്‍ പണം നല്‍കി സഹായിക്കാറുണ്ടായിരുന്നു. അതിനാല്‍ തന്നോടും തന്റെ അമ്മയോടും സ്‌കൂള്‍ നടത്താമോ എന്നദ്ദേഹം ചോദിച്ചു. തങ്ങളുടെ ഗ്രാമത്തിലുള്ളവരെ സഹായിക്കാന്‍ അവള്‍ക്ക് വളരെ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ചെറിയൊരു സ്‌കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ബ്രസ്വാന കുന്നുകളുടെ സമീപത്തായി ഹാജി പബ്ബിക് സ്‌കൂള്‍ ആരംഭിക്കുന്നത്. ചെറിയ രീതിയില്‍ ആരംഭിച്ച സ്‌കൂള്‍ ഓരോ വര്‍ഷം കഴിയുന്തോറും ഓരോ ക്ലാസുകള്‍ കൂടി കൂടി വരികയാണ്.

കഴിഞ്ഞ 30 വര്‍ഷമായി ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമായിട്ടില്ലെന്നും തന്റെ ഗ്രാമത്തിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സാബ്ബ വ്യക്തമാക്കി. വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവര്‍ ഗ്രാമങ്ങളിലെത്തി പഠിപ്പിക്കാന്‍ പലപ്പോഴും തയ്യാറാകാറില്ല. സ്‌കൂളിലേക്കുള്ള സ്‌ററാഫുകളെ കണ്ടെത്തുന്നതാണ് തങ്ങളുടെ വലിയ വെല്ലുവിളിയെന്ന് സാബ്ബ പറയുന്നു. ഇതുപോലൊരു സ്ഥലത്ത് താമസിക്കാന്‍ മനസ് കൊണ്ട് തയ്യാറെടുത്താല്‍ താമസിക്കാന്‍ ഇതിലും നല്ല സ്ഥലങ്ങളില്ലെന്നാണ് അവരുടെ അഭിപ്രായം. തങ്ങളുടെ സ്‌കൂളിന്റെ ആദ്യക്കെ വോളന്റിയര്‍മാരില്‍ ഒരാളാണ് ഇന്നത്തെ സ്‌കൂളിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നും സാബ്ബ പറഞ്ഞു.

ഹാജി പബ്ലിക് സ്‌കൂള്‍ ആരംഭിച്ച സമയത്ത് എല്ലാവര്‍ക്കും ആകാംഷയായിരുന്നു. മാതാപിതാക്കള്‍ ജനാലയുടെ സമീപത്ത് നിന്ന് ക്ലാസ്മുറികളേക്ക് എത്തിനോക്കാറുണ്ടായിരുന്നു. ആദ്യമായായിരുന്നു യഥാര്‍ത്ഥത്തിലുള്ള വിദ്യാഭ്യാസരീതി അവര്‍ കാണുന്നത്.

ജമ്മുവില്‍ ഇപ്പോഴും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ചില മുന്‍വിധികളുണ്ട്. പല രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുള്ളവര്‍ ഇവിടെ പഠിപ്പിക്കാനായി എത്തുന്നുണ്ട്. ആദ്യം വോളന്റിയര്‍മാര്‍ എത്തിയപ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ കരുതിയത്. എന്നാല്‍ പിന്നീട് അവര്‍ക്ക് കാര്യം മനസിലായതോടെ വീട്ടുകാര്‍ തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ കുട്ടികള്‍ അവരെ തിരുത്തുമായിരുന്നു. സാസ്‌കാരികപരമായ ഈ പക്വത നേടിയതില്‍ താന്‍ തങ്ങളുടെ കുട്ടികളെ ഓര്‍ത്ത് അഭിമാനിക്കുന്നതായി സാബ്ബ പറഞ്ഞു. സംസ്ഥാനത്തെ സിലബസാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത്. സ്‌കൂളില്‍ വലിയൊരു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ടെക്‌നോളജി, സാഹിത്യം, സംസ്‌കാരം തുടങ്ങി വിവിധ വിഷയങ്ങളും വോളന്റിയര്‍മാര്‍ കുട്ടികളിലേക്ക് എത്തിക്കുന്നു.ഇവിടുത്തെ കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കുകയും കവിതകള്‍ ചൊല്ലുകയും ചെയ്യാറുണ്ട്.

കുട്ടികള്‍ക്കായി ധാരാളം ഗെയിമുകളും തങ്ങള്‍ നടത്താറുണ്ടെന്ന്. മലകളുടെ നടുക്ക് താമസിക്കുന്നവരുടെ കായികശേഷിയെപ്പറ്റി പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. 2014ലെ ഫിഫ ലോകകപ്പിനിടെ സാബ്ബയുടെ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ 8000 അടി ഉയരത്തിലേക്ക് ട്രക്കിംഗ് നടത്തി ഒരു സമതലത്തിലെത്തി അവിടെ ഫുട്‌ബോള്‍ കളിക്കുകയും ചെയ്തു.

ഇന്നേ വരെ ഒരു വിദ്യാഭ്യാസ ഉദ്യോഗസ്ഥനും തങ്ങളുടെ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും എന്നാല്‍ റെക്കാര്‍ഡകള്‍ പ്രകാരം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നതെന്നും സാബ്ബ പറഞ്ഞു. ഗവണ്മെന്റിന്റെ കൈയില്‍ കൃത്യമായ അക്കൗണ്ടുകളില്ലെന്ന് സാബ്ബ കുറ്റപ്പെടുത്തി. രാഷ്ട്രീയപരമായ മാറ്റങ്ങള്‍ സംസ്ഥാനത്തുണ്ടാകുന്നിനനുസരിച്ച് തങ്ങള്‍ നല്‍കുന്ന അപേക്ഷകളും മറ്റും കൃത്യമായി നടപ്പിലക്കാറില്ലെന്നും സാബ്ബ പറഞ്ഞു.

ഗവണ്‍മെന്റിന്റെ ചില തെറ്റായ നയങ്ങളേയും സാബ്ബ വിമര്‍ശിച്ചു. പഠനത്തില്‍ മോശം നിലവാരത്തിലുള്ള കുട്ടിയേയും തോല്‍പ്പിക്കാന്‍ പാടില്ല എന്ന നിയമത്തോടാണ് സാബ്ബയ്ക്ക് എതിര്‍പ്പുള്ളത്. കുട്ടിക്കും അവന്റെ മാതാപിതാക്കള്‍ക്കും അവനെ ഒരിക്കല്‍ കൂടി അതേ ക്ലാസില്‍ പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ പാടില്ലെന്നും അവനെ ജയിപ്പിച്ചേ മതിയാകൂ എന്നും എന്തുകൊണ്ടാണ് ഗവണ്‍മെന്റിന് ഇത്ര വാശിയെന്നാണ് അവര്‍ ചോദിക്കുന്നത്.

ഇന്ന് സ്‌കൂളിലേക്ക് എത്താന്‍ പുതിയ വഴികളുണ്ട്. അതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കാമെന്നാണ് സാബ്ബ കരുതുന്നത്. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് ഈ സ്‌കൂളില്‍ പഠിപ്പിക്കാന്‍ താല്‍പര്യം ഉണ്ടാകണമെന്നാണ് സാബ്ബയുടെ ഏറ്റവും വലിയ ആഗ്രഹം.

ഇന്ത്യയില്‍ പല നല്ല കോളേജുകളുണ്ട്. എന്നാല്‍ ജനങ്ങള്‍ പുറത്ത് പോകാനാണ് താല്‍പര്യപ്പെടുന്നത്. ജമ്മു കാശ്മീരിലെ പ്രാഥമിക വിദ്യാഭ്യാസം മോശമാണ്. ഇവിടെ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനോട് ആര്‍ക്കും വലിയ താല്‍പര്യമൊന്നുമില്ലെന്നും സാബ്ബ ആവര്‍ത്തിച്ചു.

ജമ്മു കാശ്മീരെന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് പ്രശ്‌നബാധിത പ്രദേശം മാത്രമാണ്. അവരെ സംബന്ധിച്ചിടത്തോളം അതിര്‍ത്തി പ്രദേശം മാത്രമാണ് കാശ്മീര്‍. ഇവിടുത്തെ ചെറുഗ്രാമങ്ങളേയും പട്ടണങ്ങളേയും പറ്റി ഒരുപ്രശ്‌നം ഉണ്ടാകുമ്പോഴല്ലാതെ അവര്‍ ചിന്തിക്കാറില്ല. അല്ലെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് വരണം. ആ സമയത്ത് നേതാക്കള്‍ ഇവിടങ്ങളില്‍ ധാരാളം പണം ഒഴുക്കും. എന്താണ് തിരഞ്ഞെടുപ്പെന്ന് ഇവിടെയുള്ള ജനങ്ങളോട് ചോദിച്ചാല്‍ തങ്ങള്‍ക്ക് പണം ലഭിക്കുമെന്ന് മാത്രമാണ് ഗ്രാമവാസികള്‍ പറയുന്നത്.

എന്തെല്ലാം പ്രശ്‌നങ്ങള്‍ നടന്നാലും ഡോഡ വളരെ സമാധാനപരമായ പ്രദേശമാണെന്നും ഇവിടെ അക്രമസംഭവങ്ങളൊന്നും നടക്കാറില്ലെന്നും സാബ്ബ വ്യക്തമാക്കി. പലപ്പോഴും വോളന്റിയര്‍മാരുടെ സുരക്ഷയെ കരുതി അവരുടെ വീട്ടുകാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ബാംഗ്ലൂരിനേക്കാള്‍ സുരക്ഷിതമായ സ്ഥലമാണിതെന്നാണ് സാബ്ബയുടെ അഭിപ്രായം.

കെട്ടിടങ്ങളല്ല, കൂടുതല്‍ അധ്യാപകരെയാണ് തങ്ങളുടെ സ്‌കൂളിനാവശ്യമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് സാബ്ബ വ്യക്തമാക്കി. സ്‌കൂളിന്റെ വരുമാനത്തിലെ 70 ശതമാനം തുകയും അദ്യാപകരുടെ ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ പുസ്തകങ്ങള്‍ വാങ്ങുന്നതിലും. സാബ്ബയുടെ അമ്മാവനായ നാസര്‍ ഹാജി ഹാജി ആമിന ചാരിറ്റി ട്രസ്റ്റിന്റെ സ്ഥാപകനാണ്. അവിടെ നിന്നാണ് സ്‌കൂളിന് ധാരാളം ഡൊണേഷനുകള്‍ ലഭിക്കുന്നത്. തങ്ങളുടെ കൈയിലുള്ളതെന്തോ അത് നല്‍കാന്‍ ഇവിടെയുള്ള ജനങ്ങള്‍ തയ്യാറാണെന്നും അങ്ങനെയാണ് ഇവിടെ മനോഹരമായൊരു ലൈബ്രറി ആരംഭിക്കാന്‍ സാധിച്ചതെന്നും സാബ്ബ പറഞ്ഞു.

നിലവില്‍ ഏഴാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്. അതിന് ശേഷം കുട്ടികളെ മറ്റ് മികച്ച സ്‌കൂളുകളിലേക്ക് തുടര്‍പഠനത്തിനായി വിടുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും ബോര്‍ഡിങ് സ്‌കൂളിലും മറ്റും പഠിക്കാനുള്ള സംവിധാനവും ഇവര്‍ ഉറപ്പാക്കാറുണ്ട്.