മാനസികാരോഗ്യത്തിനായി സൈക്ലത്തോണ്‍

മാനസികാരോഗ്യത്തിനായി സൈക്ലത്തോണ്‍

Tuesday December 22, 2015,

2 min Read


സൈക്കിള്‍ ചവിട്ടുന്നതിലൂടെ മാനസികശാരീരിക ആരോഗ്യം നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെ തിരുവനന്തപുരത്ത് ആദ്യ സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നു. ജനുവരി 24നാണ് പരിപാടി. ട്രിവാന്‍ഡ്രം സൈക്ലത്തോണ്‍ എന്ന പേരിലാണ് സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നത്. സ്റ്റാര്‍ക് ഇവന്റ് എക്‌സ്‌പോ പ്രൈവറ്റ്‌ ലിമിറ്റഡ് ആണ് തലസ്ഥാനത്തെ ആദ്യ സൈക്ലത്തോണിന് പിന്നില്‍. ജില്ലാ ഭരണകൂടം, ട്രിവാന്‍ഡ്രം ബൈക്കേഴ്‌സ് ക്ലബ് തുടങ്ങി നഗരത്തിലെ വിവിധ സംഘടനകളും സൈക്ലത്തോണിന് പിന്നിലുണ്ട്.

image


സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. വ്യായാമത്തിന് ഏറ്റവും മികച്ചതാണ് സൈക്ലിംഗ്. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയില്‍ ആരും ഇതൊന്നും ശ്രദ്ധിക്കാറില്ല. വ്യായാമം ചെയ്യുന്നവര്‍ തന്നെ ജിമ്മിലും മറ്റും പോയി ശരീരം സംരക്ഷിക്കാന്‍ ശ്രമിക്കാറാണുള്ളത്. സൈക്കിള്‍ ചവിട്ടുന്നത് നിത്യവ്യായാമമാക്കുന്നവര്‍ക്ക് പുതിയ തലമുറയിലെ നിരവധി രോഗങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും. സൈക്കിള്‍ ചവിട്ടാന്‍ താല്‍പര്യമുള്ള എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നത്. 2.5 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ സൈക്കിള്‍ ചവിട്ടാം. 14 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഓരോരുത്തര്‍ക്കും തങ്ങളുടെ കായികക്ഷമത തെളിയിക്കാനുള്ള അവസരവും നല്‍കുന്നുണ്ട്.

ഓരോ സ്ഥാപനങ്ങളിലുള്ളവര്‍ക്കും അവരുടെ ഗ്രൂപ്പുകളായി പങ്കെടുക്കാവുന്ന തരത്തില്‍ 20 കിലോമീറ്റര്‍ ദൂരത്തില്‍ മത്സര ഓട്ടവുമുണ്ട്. മാനവീയം വീഥിയില്‍നിന്നാണ് സൈക്ലത്തോണ്‍ തുടങ്ങുക. ശുചിത്വവും പച്ചപ്പുമുള്ള ചെറിയ വഴികളിലൂടെയാണ് മത്സരം. സൈക്ലിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് സാക്ഷ്യപത്രവും മത്സരം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പതക്കവും നല്‍കും. കൂടാതെ ഓരോ മത്സര ഇനത്തിലും വിജയിക്കുന്നവര്‍ക്കായി പ്രത്യേകം സമ്മാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 40 കിലോമീറ്ററിന്റെ ചാമ്പ്യന്‍സ് റൈഡില്‍ ഒന്നാമതെത്തുന്നയാള്‍ക്ക് 25000 രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 15000ഉം മൂന്നാം സ്ഥാനത്തിന് 10000ഉം ലഭിക്കും. ഇതിന് പുറമെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് വനിതകള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക സമ്മാനവും നല്‍കും.

മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസായി ചെറിയ തുക നല്‍കണം. കുട്ടികള്‍ക്കുള്ള മത്സരത്തിന് 250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ചാമ്പ്യന്‍ റൈഡിന് 1000 രൂപയാണ് രജിസ്‌ട്രേഷന്‍ തുക. ടീം റൈഡിന് 12500 രൂപ നല്‍കണം. ഒരു സ്ഥാപനത്തില്‍നിന്ന് രണ്ടോ അതിലധികമോ ടീമുകള്‍ ഉണ്ടെങ്കില്‍ ഒരു ടീമിന് 10000 രൂപ വീതം നല്‍കിയാല്‍ മതിയാകും. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 5.30നാണ് ചാമ്പ്യന്‍സ് റൈഡ് തുടങ്ങുന്നത്. 1.45 മണിക്കൂറാണ് 40 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ നല്‍കുന്ന സമയം. ടീം ചലഞ്ച് ഏഴ് മണിക്കും തുടങ്ങും. ഇതില്‍ 20 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ 1.15 മണിക്കൂറാണ് അനുവദനീയ സമയം. ട്രിവാന്‍ഡ്രം ഫിറ്റനസ് റൈഡ് 7.30നും കിഡ്‌സ് റൈഡ് 8.30നും തുടങ്ങും. 14 കിലോമീറ്ററും 2.5 കിലോമീറ്ററുമാണ് യഥാക്രമം പൂര്‍ത്തിയാക്കേണ്ട ദൂരപരിധി.

കൂടുതല്‍ വിവരങ്ങള്‍ www.trivandrumcyclathon.in, [email protected]എന്ന വെബ്‌സൈറ്റുകളില്‍ ലഭിക്കും. 91 9745636344 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

    Share on
    close