ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിന് തുടങ്ങും;ഘോഷയാത്ര സെപ്റ്റംബര്‍ ഒന്‍പതിന്

0

സംസ്ഥാന ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നുവരെ നടത്താന്‍ തീരുമാനിച്ചു. നിശാഗന്ധിയിലാണ് ഉദ്ഘാടന ചടങ്ങ്. തിരുവനന്തപുരം ജില്ലയിലെ മുപ്പത് വേദികളിലായാണ് ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിപുലമായ ഓണം ഘോഷയാത്ര സമാപന ദിവസമായ സെപ്റ്റംബര്‍ ഒമ്പതിനാണ് നടത്തുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

ഓണാഘോഷ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനും, ചെയര്‍മാന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ്. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മേയര്‍ വി.കെ പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ശശി തരൂര്‍ എം.പി, എ.സമ്പത്ത് എം.പി, സി.പി നാരായണന്‍ എം.പി, സുരേഷ് ഗോപി എം.പി എന്നിവരാണ് രക്ഷാധികാരികള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവരാണ് ഉപരക്ഷാധികാരികള്‍. സി.ദിവാകരന്‍ എംഎല്‍എയെ വര്‍ക്കിംഗ് ചെയര്‍മാനായും, ഒ.രാജഗോപാല്‍ എംഎല്‍എ, കെ.മുരളീധരന്‍ എംഎല്‍എ എന്നിവരെ ഉപചെയര്‍മാന്‍മാരായും തിരഞ്ഞെടുത്തു. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു ചീഫ് കോ-ഓര്‍ഡിനേറ്ററും, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ കണ്‍വീനറുമായിരിക്കും. വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി ഐ.ബി സതീഷ് എംഎല്‍എ (പ്രോഗ്രാം കമ്മിറ്റി), വി.എസ് ശിവകുമാര്‍ എംഎല്‍എ (ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി) , ബി.സത്യന്‍ എംഎല്‍എ ( മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി), കെ. ആന്‍സലന്‍ എംഎല്‍എ (ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ കമ്മിറ്റി), എം.വിന്‍സന്റ് എംഎല്‍എ (ഫുഡ് ഫെസ്റ്റിവല്‍ കമ്മിറ്റി), വി.ജോയ് എംഎല്‍എ (സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി), ഡിജിപി ലോക്‌നാഥ് ബെഹ്‌റ (സെക്യൂരിറ്റി കമ്മിറ്റി) എന്നിവരെയും തീരുമാനിച്ചു. ഓണം ഘോഷയാത്ര കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡി.കെ മുരളി എംഎല്‍എയും, കോ ചെയര്‍മാന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുമാണ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ഓണം വാരാഘോഷം സംഘടിപ്പിക്കേണ്ടതെന്ന നിര്‍ദ്ദേശം സംഘാടകസമിതി രൂപീകരണ യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി മേയര്‍ വി.കെ പ്രശാന്ത് ചെയര്‍മാനായും ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.വാസുകി കണ്‍വീനറായുമുള്ള കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. എംഎല്‍എമാരായ സി.ദിവാകരന്‍, ഒ.രാജഗോപാല്‍, സി.കെ ഹരീന്ദ്രന്‍, വി.ജോയ്, ഡി.കെ മുരളി, കെ.ആന്‍സലന്‍, എം.വിന്‍സന്റ് എന്നിവരും മേയര്‍ വി.കെ പ്രശാന്തും, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണും അടക്കമുള്ളവര്‍ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.