പേടി വേണ്ട;  ജന്മനാലുള്ള വൃക്കരോഗം ഒരു പരിധിവരെ തടയാം 

0

വിവാഹപൂര്‍വ സ്‌കാനിംഗ് പരിശോധനയിലൂടെ കുട്ടികളില്‍ ജന്മനായുണ്ടാകുന്ന വൃക്കരോഗം ഒരു പരിധിവരെ തടയാനാകുമെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി.) പീഡിയാട്രിക് നെഫ്രോളജി ചാപ്റ്ററിന്റെ ഒന്‍പതാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് തിരുവനന്തപുരം ശാഖ, എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗം, ട്രിവാന്‍ഡ്രം നെഫ്രോളജി ക്ലബ്ബ് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി, ഐ.എ.പി. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ഇ. എലിസബത്ത്, ഡോ. ആര്‍. കാശി വിശ്വേശ്വരന്‍, ഡോ. എ. വിമല, ഡോ. ക്രിസ്റ്റിന്‍ ഇന്ദുമതി, ഡോ. ഷിമ്മി പൗലോസ്, ഡോ. സുല്‍ഫിക്കര്‍ അഹമ്മദ്, ഡോ. ജേക്കബ് ജോര്‍ജ്, ഡോ. സൂസന്‍ ഉതുപ്പ്, ഡോ. ദേവകുമാര്‍, ഡോ. ലേഖ ഹരികേശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുട്ടികളെ ബാധിക്കുന്ന വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും അതിന്റെ നൂതന ചികിത്സാ രീതികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ ശിശുരോഗ വിദഗ്ധര്‍, നെഫ്രോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.